ഭക്ഷണം തയ്യാറാക്കൽ അല്ലെങ്കിൽ അലക്കൽ തുടങ്ങിയ സാധാരണ ജോലികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രാർത്ഥനകളുടെ മനോഹരമായ സമാഹാരമാണ് എവരി മൊമന്റ് ഹോളി. ആവർത്തന വിരസതയോ മുഷിപ്പനോ ആയി തോന്നുന്നതും എന്നാൽ ആവശ്യവുമായ ജോലികൾ. “ഭക്ഷണത്തിന് മുമ്പ് നിങ്ങൾ പ്രാർത്ഥിക്കുന്നു, ശരി തന്നേ. എന്നാൽ വരയ്ക്കുന്നതിനും പെയിന്റു ചെയ്യുന്നതിനും നീന്തുന്നതിനും വേലികെട്ടുന്നതിനും ബോക്സിംഗിനും നടക്കുന്നതിനും കളിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും പേനയിൽ മഷി നിറയ്ക്കുന്നതിനും മുമ്പെ ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് എഴുതിയ ഗ്രന്ഥകാരൻ ജി. കെ. ചെസ്റ്റർട്ടന്റെ വാക്കുകൾ ഈ പുസ്തകം എന്നെ ഓർമ്മിപ്പിച്ചു.
അത്തരം പ്രോത്സാഹനം എന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കുന്നു. ചില സമയങ്ങളിൽ എന്റെ പ്രവർത്തനങ്ങളെ – ഭക്ഷണത്തിനു മുമ്പുള്ള ദൈവവചനം ധ്യാനം പോലെയുള്ളവ – ആത്മീയ മൂല്യമുള്ളവയെന്നും, ആത്മീയ മൂല്യം ഇല്ലാത്തവയെന്നും – ഭക്ഷണത്തി നു ശേഷമുള്ള പാത്രം കഴുകൽ തുടങ്ങിയവ – വിഭജിക്കാനുള്ള പ്രേരണ എനിക്കുണ്ടാകാറുണ്ട്. യേശുവിനു വേണ്ടി ജീവിക്കുന്നതു തിരഞ്ഞെടുത്ത കൊലൊസ്സ്യയിലെ ജനങ്ങൾക്കുള്ള ഒരു കത്തിൽ പൗലൊസ് ആ വിഭജനം ഇല്ലാതാക്കി. അവൻ അവരെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ” (3:17). യേശുവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്യുക എന്നതിനർത്ഥം നാം ചെയ്യുന്നതിലൂടെ അവനെ ബഹുമാനിക്കുകയും അവ നിറവേറ്റാൻ അവന്റെ ആത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്.
“എന്തു ചെയ്താലും.” നമ്മുടെ ജീവിതത്തിലെ എല്ലാ സാധാരണ പ്രവർത്തനങ്ങളും, ഓരോ നിമിഷവും, ദൈവാത്മാവിന്റെ ശക്തിയിലും യേശുവിനെ മഹത്വപ്പെടുത്തുന്ന വിധത്തിലും ചെയ്യാൻ കഴിയും.
ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എങ്ങനെ പുനർവിചിന്തനം ചെയ്യാനാകും? നിങ്ങളുടെ പ്രതിദിന ജോലികൾക്കായി നിങ്ങൾക്ക് എങ്ങനെ ദൈവാത്മാവിൽ ആശ്രയിക്കാനാകും?
യേശുവേ, ഇന്ന് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയെ ബഹുമാനിക്കാൻ അങ്ങയുടെ ആത്മാവിനാൽ എന്നെ ശക്തീകരിക്കണമേ.