ഒരുപക്ഷേ കോളേജ് ഫുട്‌ബോളിലെ ഏറ്റവും ഹൃദയസ്പർശിയായ പാരമ്പര്യം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവ യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതാണ്. സ്റ്റെഡ് ഫാമിലി ചിൽഡ്രൻസ് ഹോസ്പിറ്റൽ അയോവയിലെ കിന്നിക് സ്റ്റേഡിയത്തിന് അടുത്താണ്. ആശുപത്രിയുടെ മുകളിലത്തെ നിലയിലെ തറ തൊട്ട് മേൽക്കൂരവരെയുള്ള ഗ്ലാസ് ജനാലകൾ ഫീൽഡിന്റെ മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു. ഗെയിം ദിവസങ്ങളിൽ, കളി കാണാൻ രോഗികളായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും അവിടെ നിറയും. ആദ്യ പാദത്തിന്റെ അവസാനത്തിൽ, പരിശീലകരും അത്‌ലറ്റുകളും ആയിരക്കണക്കിന് ആരാധകരും ആശുപത്രിയിലേക്ക് തിരിഞ്ഞ് കൈ വീശുന്നു. ആ കുറച്ചു നിമിഷങ്ങളിൽ കുട്ടികളുടെ കണ്ണുകൾ തിളങ്ങുന്നു. തിങ്ങിനിറഞ്ഞ സ്റ്റേഡിയവും ടിവിയിൽ കാണുന്ന ആയിരക്കണക്കിനാളുകളും ഒരു നിമിഷം നിർത്തിയിട്ട് തങ്ങൾ കരുതുന്നുണ്ടെന്ന് കാണിക്കുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്.

ശക്തിയുള്ളവരോട് (നാമെല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു നിലയിൽ ശക്തരാണ്) ബലഹീനരെ പരിപാലിക്കാനും പോരാട്ടം അനുഭവിക്കുന്നവരെ നിരീക്ഷിക്കാനും ശരീരം തകർന്നവരെ പരിപാലിക്കാനും തിരുവെഴുത്തുകൾ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, പലപ്പോഴും, കരുതൽ ആവശ്യമുള്ളവരെ നാം അവഗണിക്കുന്നു (യെഹെസ്‌കേൽ 34:6). സഹായം ആവശ്യമുള്ളവരെ അവഗണിച്ചതിന് യിസ്രായേൽ നേതാക്കന്മാരെ അവരുടെ സ്വാർത്ഥത നിമിത്തം പ്രവാചകനായ യെഹെസ്‌കേൽ ശാസിച്ചു. “ഇടയന്മാർക്ക് അയ്യോ കഷ്ടം. . . . നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ചെയ്തിട്ടില്ല” ദൈവം യെഹെസ്‌കേലിലൂടെ പറഞ്ഞു (വാ. 2, 4).

നമ്മുടെ വ്യക്തിപരമായ മുൻഗണനകൾ, നേതൃത്വ തത്വങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക നയങ്ങൾ എന്നിവ ദുരിതത്തിലായവരോട് പലപ്പോഴും എത്രമാത്രം പരിഗണനയാണ് കാണിക്കാറുള്ളത്? ദൈവം നമുക്ക് മറ്റൊരു വഴി കാണിച്ചുതരുന്നു, അത് ശക്തിയുള്ളവർ ബലഹീനരെ കണ്ടെത്തി സഹായിക്കുക എന്നതാണ് (വാ. 11-12).