അഭയാർത്ഥി കുട്ടികളുടെ കഥകൾ കേട്ടു മനസ്സലിഞ്ഞ ഫിലും സാൻഡിയും അവരിൽ രണ്ടുപേർക്ക് അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്തു. അവരെ എയർപോർട്ടിൽനിന്നു സ്വീകരിച്ചശേഷം അവർ ഭയത്തോടെ നിശ്ശബ്ദരായി വീട്ടിലേക്ക് കാറോടിച്ചു. തങ്ങൾ ഇതിന് തയ്യാറായിരുന്നോ? അവർ ഒരേ സംസ്‌കാരമോ ഭാഷയോ മതമോ ഉള്ളവരായിരുന്നില്ല, എന്നാൽ അവർ ഈ വിലയേറിയ കുട്ടികൾക്ക് അഭയം നൽകുന്ന ആളുകളായി മാറാൻ പോകുന്നു.

രൂത്തിന്റെ കഥ ബോവസിനെ ചലിപ്പിച്ചു. നൊവൊമിയെ പിന്തുണയ്ക്കാൻ അവൾ തന്റെ ജനത്തെ ഉപേക്ഷിച്ചതിനെക്കുറിച്ച് അവൻ കേട്ടു. രൂത്ത് തന്റെ വയലിൽ പെറുക്കാൻ വന്നപ്പോൾ, ബോവസ് അവളെ അനുഗ്രഹിച്ചു: ”നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ’’ (രൂത്ത് 2:12).

ഒരു രാത്രി ബോവസിന്റെ ഉറക്കം തടസ്സപ്പെടുത്തിക്കൊണ്ട് രൂത്ത് അവന്റെ അനുഗ്രഹത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. അവന്റെ കാൽക്കൽ എന്തോ ചലിക്കുന്നതുകണ്ട് ഉണർന്ന ബോവസ് ചോദിച്ചു: “നീ ആരാണ്?” രൂത്ത് മറുപടി പറഞ്ഞു: “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു” (3:9).

ഒരേ എബ്രായപദം തന്നെയാണ് വസ്ത്രത്തിന്റെ തൊങ്ങലിനും ചിറകിനും ഉപയോഗിക്കുന്നത്. ബോവസ് രൂത്തിനെ വിവാഹം കഴിച്ചുകൊണ്ട് അഭയം നൽകി, അവരുടെ കൊച്ചുമകനായ ദാവീദ് യിസ്രായേലിന്റെ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ കഥയെ പ്രതിധ്വനിപ്പിച്ചു: “ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു’’ (സങ്കീർത്തനം 36:7).