2009-ൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക സംഘം ഇരുനൂറിലധികം വിദ്യാർത്ഥികളിൽ, ദൗത്യങ്ങൾ പരസ്പരം മാറുന്നതും ഓർമ്മ വ്യായാമങ്ങളും സംബന്ധിച്ച് ഒരു പഠനം നടത്തി. അതിശയകരമെന്നു പറയട്ടെ, ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന ശീലമുള്ളതിനാൽ തങ്ങളെത്തന്നെ നല്ല മൾട്ടിടാസ്‌ക്കർമാരായി കാണുന്ന വിദ്യാർത്ഥികൾ, ഒരു സമയം ഒരു ജോലി മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്നവരേക്കാൾ മോശമാണ് എന്നു കണ്ടെത്തി. മൾട്ടി ടാസ്‌കിംഗ് അവരുടെ ചിന്തകൾ കേന്ദ്രീകരിക്കുന്നതും അപ്രസക്തമായ വിവരങ്ങളെ ഒഴിവാക്കുന്നതും കൂടുതൽ ബുദ്ധിമുട്ടാക്കി. നമ്മുടെ മനസ്സ് വ്യതിചലിക്കുമ്പോൾ ഫോക്കസ് നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്.
യേശു മറിയയുടെയും മാർത്തയുടെയും വീട് സന്ദർശിച്ചപ്പോൾ, മാർത്ത ജോലിയിൽ വ്യാപൃതയായി “വളരെ ശുശ്രൂഷയാൽ കുഴങ്ങി” (ലൂക്കൊസ് 10:40) ഇരുന്നു. അവളുടെ സഹോദരി മറിയയാകട്ടെ യേശുവിന്റെ പാദപീഠത്തിൽ ഇരിക്കാനും അവൻ പഠിപ്പിക്കുന്നത് കേൾക്കാനും തയ്യാറായി. തന്നിൽ നിന്ന് ഒരിക്കലും എടുത്തുകളയാത്ത ജ്ഞാനവും സമാധാനവും അവൾ പ്രാപിച്ചു (വാ. 39-42). തന്നെ സഹായിക്കാൻ മറിയയോടു പറയണമെന്ന് മാർത്ത യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ, അവൻ പ്രതികരിച്ചു, “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി” (വാ. 41-42).
ദൈവം നമ്മുടെ ശ്രദ്ധ ആഗ്രഹിക്കുന്നു. പക്ഷേ, മാർത്തയെപ്പോലെ, നാം പലപ്പോഴും ജോലികളും പ്രശ്‌നങ്ങളും മൂലം ശ്രദ്ധ മാറ്റിക്കളയുന്നു. നമുക്കാവശ്യമായ ജ്ഞാനവും പ്രത്യാശയും പ്രദാനം ചെയ്യാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നിരിക്കിലും നാം ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുന്നു. പ്രാർത്ഥനയിലൂടെയും തിരുവെഴുത്തുകളെ ധ്യാനിക്കുന്നതിലൂടെയും നാം അവനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശവും ശക്തിയും അവൻ നമുക്ക് നൽകും.
എന്താണ് നിങ്ങളുടെ ശ്രദ്ധയെ ദൈവത്തിൽ നിന്ന് അകറ്റുന്നത്? അത് അവനിലേക്ക് മാറ്റുന്നത് നിങ്ങൾക്ക് എങ്ങനെ വ്യക്തത നൽകും?
പ്രിയ പിതാവേ, ചിലപ്പോൾ ഞാൻ വളരെക്കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. ആ ശല്യങ്ങൾ നീക്കം ചെയ്യാനും അങ്ങയോട് കൂടുതൽ അടുക്കാനും എന്നെ സഹായിക്കണമേ.