“നിങ്ങൾ മോശെയെപ്പോലെയാണ്, അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കുന്നു!’’ ജമൈല വിളിച്ചുപറഞ്ഞു. പാകിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന അവളും അവളുടെ കുടുംബവും ചൂള ഉടമയ്ക്ക് നൽകാനുള്ള അമിതമായ തുക കാരണം കഷ്ടപ്പെട്ടു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവർ പലിശ അടയ്ക്കാൻ ഉപയോഗിച്ചു. എന്നാൽ അവരുടെ കടത്തിൽ നിന്ന് ഒരു ലാഭേച്ഛയില്ലാത്ത ഏജൻസി അവരെ മോചിപ്പിച്ചപ്പോൾ അവർക്ക് വലിയ ആശ്വാസം തോന്നി. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏജൻസിയുടെ പ്രതിനിധിക്ക് നന്ദി പറഞ്ഞുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്ന ജമൈല, ദൈവം മോശെയെയും യിസ്രായേല്യരെയും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.
യിസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്തു. അവർ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (പുറപ്പാട് 2:23). എന്നാൽ അവരുടെ ജോലിഭാരം വർദ്ധിച്ചതേയുള്ളു. കാരണം പുതിയ ഫറവോൻ അവരോട് ഇഷ്ടികകൾ ഉണ്ടാക്കാൻ മാത്രമല്ല, ഈ ഇഷ്ടികകൾക്കുള്ള വൈക്കോൽ സ്വയം ശേഖരിക്കാനും ഉത്തരവിട്ടു (5:6-8). അടിമത്തത്തിനെതിരെ യിസ്രായേല്യർ നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം അവരുടെ ദൈവമാണെന്ന തന്റെ വാഗ്ദത്തം ആവർത്തിച്ചു (6:7). മേലാൽ അവർ അടിമകളായിരിക്കില്ല, കാരണം അവൻ അവരെ ‘നീട്ടിയ ഭുജം’ കൊണ്ട് വീണ്ടെടുക്കും (വാ. 6).
ദൈവത്തിന്റെ മാർഗ്ഗനിർദേശപ്രകാരം മോശെ യിസ്രായേല്യരെ ഈജിപ്തിൽ നിന്ന് പുറപ്പെടുവിച്ചു (അധ്യായം 14 കാണുക). ഇന്നും ദൈവം ക്രൂശിതനായ തന്റെ പുത്രനായ യേശുവിന്റെ നീട്ടിയ കരങ്ങളിലൂടെ നമ്മെ വിടുവിക്കുന്നു. ഒരിക്കൽ നമ്മെ നിയന്ത്രിച്ചിരുന്ന പാപത്തിന്റെ വലിയ അടിമത്തത്തിൽ നിന്ന് നാം മോചിതരായിരിക്കുന്നു. നാം ഇനി അടിമകളല്ല, സ്വതന്ത്രരാണ്!
എങ്ങനെയാണ് ദൈവം നിങ്ങൾക്ക് സ്വാതന്ത്ര്യം തന്നത്? ഏതെങ്കിലും വിധത്തിൽ അടിമത്തത്തിൽ കഴിയുന്ന മറ്റുള്ളവരെ നിങ്ങൾക്ക് എങ്ങനെ ധൈര്യപ്പെടുത്താനാകും?
പ്രിയ ദൈവമേ, എന്റെ പാപത്തിൽ നിന്ന് എനിക്ക് മോചനം നൽകാൻ അങ്ങയുടെ പുത്രനെ അയച്ചതിന് നന്ദി.