ഒരു ദിവസം, ആറാം ക്ലാസ് വിദ്യാർത്ഥി ഒരു സഹപാഠി ചെറിയ കത്തി ഉപയോഗിച്ച് തന്റെ കൈ മുറിക്കുന്നത് ശ്രദ്ധിച്ചു. ശരിയായതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു. അതിശയകരമെന്നു പറയട്ടെ, അഭിനന്ദനത്തിനുപകരം, അവൾക്ക് പത്തു ദിവസത്തെ സസ്പെൻഷൻ ലഭിച്ചു. എന്തുകൊണ്ട്? അവളുടെ കൈവശം കത്തി ഉണ്ടായിരുന്നു-സ്കൂളിൽ അനുവദനീയമല്ലാത്ത ഒന്ന്. ഇനി അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി: “എനിക്ക് പ്രശ്നമുണ്ടായാൽ പോലും . . . ഞാൻ അത് വീണ്ടും ചെയ്യും” എന്നായിരുന്നു. നന്മ ചെയ്യാൻ ശ്രമിക്കുന്ന ഈ പെൺകുട്ടിയുടെ പ്രവൃത്തി അവളെ കുഴപ്പത്തിലാക്കിയതുപോലെ (അവളുടെ സസ്പെൻഷൻ പിന്നീട് പിൻവലിച്ചു), യേശുവിന്റെ ദൈവരാജ്യ ഇടപെടൽ അവനെ മതനേതാക്കളുമായി പ്രശ്നത്തിലേക്കു നയിച്ചു.
കൈ വരണ്ട ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയത് തങ്ങളുടെ നിയമങ്ങളുടെ ലംഘനമായി പരീശന്മാർ വ്യാഖ്യാനിച്ചു. ശബ്ബത്തിൽ മൃഗങ്ങളെ പരിചരിക്കാൻ ദൈവജനത്തിന് അനുവാദമുണ്ടെങ്കിൽ,”മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ!” (മത്തായി 12:12) എന്നു ക്രിസ്തു അവരോട് പറഞ്ഞു. അവൻ ശബ്ബത്തിന്റെ കർത്താവായതിനാൽ, അതിൽ അനുവദനീയമായതും അനുവദനീയമല്ലാത്തതും നിയന്ത്രിക്കാൻ യേശുവിന് കഴിയും (വാ. 6-8). അത് മതനേതാക്കളെ വ്രണപ്പെടുത്തുമെന്ന് അറിയാമായിരുന്നതിനാൽ, അവൻ ആ മനുഷ്യന്റെ കൈ സൗഖ്യമാക്കി (വാ. 13-14).
ചില സമയങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസികൾ ‘നല്ല കുഴപ്പത്തിൽ’ അകപ്പെട്ടേക്കാം. അവനെ ബഹുമാനിക്കുന്നതും എന്നാൽ ചില ആളുകളെ സന്തോഷിപ്പിക്കാത്തതും ചെയ്യുന്നത്-അവർക്കു പ്രശ്നം സൃഷ്ടിക്കും. ദൈവം നമ്മെ നയിക്കുന്നതുപോലെ ആവശ്യത്തിലിരിക്കുന്നവരെ നാം സഹായിക്കുമ്പോൾ, നാം യേശുവിനെ അനുകരിക്കുകയും നിയമങ്ങളേക്കാളും ആചാരങ്ങളേക്കാളും ആളുകൾ പ്രധാനമാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരോട് ദയ കാണിക്കാനാകും? ദൈവത്തിനു വേണ്ടി പ്രശ്നങ്ങളിൽ അകപ്പെടാൻ നിങ്ങൾ തയ്യാറാകേണ്ടത് എന്തുകൊണ്ട്?
പ്രിയ യേശുവേ, മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടയുന്ന ആചാരങ്ങളിൽ നിന്ന് എന്നെ തടയേണമേ.