പരാജയപ്പെട്ട ഒരു സർജറിക്ക് ശേഷം, അവൾക്ക് അഞ്ചാഴ്ചയ്ക്കുള്ളിൽ മറ്റൊരു ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് ജോവാന്റെ ഡോക്ടർ പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ജോവാന്റെ ഉത്കണ്ഠ വർദ്ധിച്ചു. ജോവാനും അവളുടെ ഭർത്താവും മുതിർന്ന പൗരന്മാരായിരുന്നു, അവരുടെ കുടുംബം വളരെ അകലെയാണ് താമസിച്ചിരുന്നത്. അവർക്ക് അപരിചിതമായ ഒരു നഗരത്തിലേക്ക് വാഹനമോടിക്കുകയും സങ്കീർണ്ണമായ ആശുപത്രി നടപടി ക്രമങ്ങൾ ആവർത്തിക്കുകയും വേണം, മാത്രമല്ല ഒരു പുതിയ സ്പെഷ്യലിസ്റ്റിനോടു ചേർന്നു പ്രവർത്തിക്കണം.
ഈ സാഹചര്യങ്ങൾ അതിരുകടന്നതായി തോന്നിയെങ്കിലും ദൈവം അവരെ പരിപാലിച്ചു. യാത്രയ്ക്കിടയിൽ അവരുടെ കാറിന്റെ നാവിഗേഷൻ സിസ്റ്റം തകരാറിലായി, പക്ഷേ പേപ്പർ മാപ്പ് ഉണ്ടായിരുന്നതിനാൽ അവർ കൃത്യസമയത്ത് എത്തിച്ചേർന്നു. ദൈവം ജ്ഞാനം നൽകി. ആശുപത്രിയിൽ, ഒരു ക്രിസ്തീയ പാസ്റ്റർ അവരോടൊപ്പം പ്രാർത്ഥിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവം പിന്തുണ നൽകി. ഓപ്പറേഷനുശേഷം, വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള സന്തോഷവാർത്ത ജോവാന് ലഭിച്ചു.
നമുക്ക് എല്ലായ്പ്പോഴും രോഗശാന്തിയോ രക്ഷപ്പെടലോ അനുഭവപ്പെടില്ലെങ്കിലും, ദൈവം വിശ്വസ്തനും ദുർബലരായ ആളുകളോട് -ചെറുപ്പക്കാരോ, പ്രായമായവരോ, മറ്റെന്തെങ്കിലും അവശതയുള്ളവരോ ആകട്ടെ-എപ്പോഴും അടുത്തുവരുന്നവനുമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ്, ബാബിലോണിലെ അടിമത്തം യിസ്രായേല്യരെ ദുർബലരാക്കിയപ്പോൾ, ദൈവം അവരെ ജനനം മുതൽ വഹിച്ചിട്ടുണ്ടെന്നും അവരെ തുടർന്നും പരിപാലിക്കുമെന്നും യെശയ്യാവ് അവരെ ഓർമിപ്പിച്ചു. പ്രവാചകനിലൂടെ ദൈവം പറഞ്ഞു, “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും” (യെശ. 46:4).
നമുക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ദൈവം നമ്മെ കൈവിടുകയില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനും നമ്മുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കാനും അവനു കഴിയും. അവൻ നമ്മുടെ എല്ലാ നാളുകളുടെയും ദൈവമാണ്.
ബലഹീനതയുടെ സമയങ്ങളിൽ ദൈവം നിങ്ങളെ എങ്ങനെയാണ് താങ്ങിനിർത്തിയത്? മറ്റുള്ളവരെ പിന്തുണയ്ക്കുന്നതിനായി നിങ്ങളിലൂടെ എങ്ങനെ പ്രവർത്തിക്കാനായിരിക്കാം അവൻ ആഗ്രഹിക്കുന്നത്?
പ്രിയ ദൈവമേ, അങ്ങു വിശ്വസ്തനും ദയയുള്ളവനുമാണ്. എനിക്ക് അനിശ്ചിതത്വം അനുഭവപ്പെടുമ്പോൾ അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.