സേവ്യർ എലിമെന്ററി വിദ്യാർത്ഥിയായിരുന്നപ്പോൾ, ഞാനാണ് അവനെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്. ഒരു ദിവസം, കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല. ഞാൻ അവനെ വിളിച്ചുകൊണ്ടുവരുവാൻ വൈകി. ഞാൻ അതിവേഗം കാറോടിച്ചു, പരിഭ്രാന്തമായി പ്രാർത്ഥിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തു. അവൻ തന്റെ ബാഗ് കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ടീച്ചറുടെ അടുത്ത് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. “എന്നോട് ക്ഷമിക്കണം, മിജോ. നീ ഓകെയാണോ?’’ അവൻ നെടുവീർപ്പിട്ടു. “എനിക്ക് കുഴപ്പമില്ല പക്ഷേ മമ്മി വൈകിയതിൽ എനിക്ക് ദേഷ്യമുണ്ട്.’’ ഞാൻ അവനെ എങ്ങനെ കുറ്റപ്പെടുത്തും? എനിക്കും എന്നോട് ദേഷ്യമായിരുന്നു. ഞാൻ എന്റെ മകനെ സ്‌നേഹിച്ചു, പക്ഷേ ഞാൻ അവനെ നിരാശപ്പെടുത്തുന്ന പല സമയങ്ങളുമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം അവനു ദൈവത്തോട് നിരാശ തോന്നിയേക്കാമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദൈവം ഒരിക്കലും ഒരു വാഗ്ദാനവും ലംഘിക്കില്ലെന്നും അവനെ പഠിപ്പിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു.
“യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു” (വാക്യം 4). ദൈവം സൃഷ്ടിച്ച ലോകത്തെ അവന്റെ ശക്തിയുടെയും ആശ്രയത്വത്തിന്റെയും മൂർത്തമായ തെളിവായി ഉപയോഗിച്ചുകൊണ്ട് (വാ. 5-7), ദൈവത്തെ ആരാധിക്കാൻ സങ്കീർത്തനക്കാരൻ ‘ഭൂവാസികളെ’ വിളിക്കുന്നു (വാ. 8).
പദ്ധതികൾ പരാജയപ്പെടുകയോ ആളുകൾ നമ്മെ നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ, ദൈവത്തിൽ നിരാശപ്പെടാൻ നാം പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമുക്ക് ദൈവത്തിന്റെ വിശ്വാസയോഗ്യതയിൽ ആശ്രയിക്കാൻ കഴിയും, കാരണം അവന്റെ ആലോചന ‘ശാശ്വതമായി നിൽക്കുന്നു’ (വാക്യം 11). നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവ് എല്ലാറ്റിനെയും എല്ലാവരെയും താങ്ങിനിർത്തുന്നതിനാൽ, കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോഴും നമുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം എന്നേക്കും വിശ്വസ്തനാണ്.
നിങ്ങളുടെ പദ്ധതികൾ പരാജയപ്പെടുകയോ ആളുകൾ നിങ്ങളെ നിരാശരാക്കുകയോ ചെയ്യുമ്പോൾ ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടാണ് ബുദ്ധിമുട്ടാകുന്നത്? ദൈവം തന്റെ ശാശ്വതമായ വിശ്വാസ്യത തെളിയിക്കാൻ താൻ സൃഷ്ടിച്ച ലോകത്തെ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്?
പ്രിയ ദൈവമേ, ഇന്ന് ഞാൻ വിശ്വാസത്താൽ നടക്കുമ്പോൾ അങ്ങയുടെ ഭൂതകാല വിശ്വസ്തത ദയവായി എന്നെ ഓർമ്മിപ്പിക്കണമേ.