1800-കളുടെ അവസാനത്തിൽ ആഫ്രിക്കൻ രാജ്യമായ കലബാറിലേക്ക് (ഇപ്പോൾ നൈജീരിയ) മേരി സ്ലെസ്സർ കപ്പൽ കയറിയപ്പോൾ, അന്തരിച്ച ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ മിഷനറി പ്രവർത്തനം തുടരാൻ അവൾ ഉത്സാഹഭരിതയായിരുന്നു. അവളുടെ ആദ്യ നിയമനം, സഹ മിഷനറിമാരുടെ ഇടയിൽ ജീവിച്ചുകൊണ്ട് സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു. തദ്ദേശീയരെ സേവിക്കുന്നതിനുള്ള തന്റെ അവസരം ഇല്ലാതായത് അവളെ ഭാരപ്പെടുത്തി. അതുകൊണ്ട് അവൾ ആ പ്രദേശത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ചെയ്തു – അവൾ സേവിക്കുന്ന ആളുകളുടെ ഒപ്പം താമസം ആരംഭിച്ചു. മേരി അവരുടെ ഭാഷ പഠിച്ചു, അവരുടെ രീതിയിൽ ജീവിച്ചു, അവരുടെ ഭക്ഷണം കഴിച്ചു. ഉപേക്ഷിക്കപ്പെട്ട ഡസൻ കണക്കിന് കുട്ടികളെ അവൾ ഏറ്റെടുത്തു. ഏകദേശം നാൽപ്പത് വർഷക്കാലം, പ്രത്യാശയും സുവിശേഷവും ആവശ്യമുള്ളവർക്ക് അവൾ അവ നൽകി.
നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ യഥാർഥത്തിൽ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 1 കൊരിന്ത്യർ 12:4-5-ൽ “കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ” എന്നും അവൻ പരാമർശിച്ചു. അതുകൊണ്ട് അവൻ ആളുകളുടെ ആവശ്യം മനസ്സിലാക്കി അവരെ സേവിച്ചു. ഉദാഹരണത്തിന്, “ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി” (9:22).
എനിക്ക് അറിയാവുന്ന ഒരു സഭ ഈയിടെ പ്രഖ്യാപിച്ചത്, അംഗപരിമിതർക്ക് ആരാധന ലഭ്യമാക്കുന്നതിനായി എല്ലാ കഴിവുകളും ശുശ്രൂഷാ സമീപനവും, തടസ്സങ്ങളില്ലാത്ത സൗകര്യവും ഒരുക്കുന്നു എന്നാണ്. ഹൃദയങ്ങളെ കീഴടക്കുകയും ഒരു സമൂഹത്തിൽ സുവിശേഷം തഴച്ചുവളരാൻ അനുവദിക്കുകയും ചെയ്യുന്ന പൗലൊസിനെപ്പോലെയുള്ള ചിന്തയാണിത്.
നമുക്ക് ചുറ്റുമുള്ളവരുടെ മുമ്പാകെ നമ്മുടെ വിശ്വാസം നിലനിറുത്തിക്കൊണ്ട് നവീനവും നവ്യവുമായ വഴികളിൽ യേശുവിനെ അവർക്കു പരിചയപ്പെടുത്താൻ ദൈവം നമ്മെ നയിക്കട്ടെ.
മറ്റുള്ളവരിലേക്ക് എത്തിച്ചേരാനുള്ള അതുല്യമായ എന്ത് മാർഗ്ഗമാണ് ദൈവം നിങ്ങളുടെ ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്നത്? നിങ്ങൾ അത് എങ്ങനെ നിറവേറ്റും?
സ്വർഗ്ഗസ്ഥനായ പ്രിയ പിതാവേ, മറ്റുള്ളവരെ സഹായിക്കാനുള്ള ശരിയായ മാർഗ്ഗം കണ്ടെത്താൻ ദയവായി എനിക്കു ജ്ഞാനം നൽകേണമേ.