സമയം ഇതിലധികം മോശമാകാനില്ലായിരുന്നു. ചെറിയ പാലങ്ങളും സ്മാരകങ്ങളും വലിയ കെട്ടിടങ്ങളും വിജയകരമായി നിർമ്മിച്ച ശേഷം, സീസറിന് ഒരു പുതിയ സംരംഭം ആരംഭിക്കാനുള്ള ആഗ്രഹം ഉണ്ടായി. അങ്ങനെ അയാൾ തന്റെ ആദ്യത്തെ ബിസിനസ്സ് വിറ്റ് പണം ബാങ്കിലിട്ടു, ഉടൻ തന്നെ അത് വീണ്ടും നിക്ഷേപിക്കാൻ പദ്ധതിയിട്ടു. ആ ചെറിയ ഇടവേളയിൽ, അയാളുടെ സർക്കാർ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി. ഒരു നിമിഷം കൊണ്ട് സീസറിന്റെ ആജീവനാന്ത സമ്പാദ്യം ആവിയായി.
അനീതിയെ പരാതിപറയാനുള്ള ഒരു കാരണമായി കാണരുതെന്ന് തീരുമാനിച്ച സീസർ, മുന്നോട്ടുള്ള വഴി കാണിക്കാൻ ദൈവത്തോട് അപേക്ഷിച്ചു. എന്നിട്ട് – അവൻ ലളിതമായി ആരംഭിച്ചു.
ഒരു ഭയാനകമായ നിമിഷത്തിൽ, ഇയ്യോബിന് തന്റെ സ്വത്തുക്കൾ മാത്രമല്ല നഷ്ടപ്പെട്ടത്. അവന് തന്റെ മിക്ക ദാസന്മാരെയും മക്കളെയും നഷ്ടപ്പെട്ടു (ഇയ്യോബ് 1:13-22). തുടർന്ന് അവന്റെ ആരോഗ്യം നഷ്ടപ്പെട്ടു (2:7-8). ഇയ്യോബിന്റെ പ്രതികരണം നമുക്ക് കാലാതീതമായ മാതൃകയായി തുടരുന്നു. അവൻ പ്രാർത്ഥിച്ചു, “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (1:21). അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, “ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല” (വാക്യം 22).
ഇയ്യോബിനെപ്പോലെ, സീസർ ദൈവത്തെ വിശ്വസിക്കാൻ തീരുമാനിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ, ആദ്യത്തേതിനേക്കാൾ വിജയകരമായ ഒരു പുതിയ ബിസിനസ്സ് അദ്ദേഹം കെട്ടിപ്പടുത്തു. അദ്ദേഹത്തിന്റെ കഥ ഇയ്യോബിന്റെ കഥാന്ത്യത്തോട് സാമ്യമുള്ളതാണ് (ഇയ്യോബ് 42 കാണുക). ഇനി സീസർ ഒരിക്കലും സാമ്പത്തികമായി ഉന്നമനം പ്രാപിച്ചില്ലെങ്കിൽപ്പോലും, തന്റെ യഥാർത്ഥ സമ്പത്ത് ഈ ഭൂമിയിൽ അല്ലെന്ന് അവനറിയാമായിരുന്നു (മത്തായി 6:19-20). അവൻ അപ്പോഴും ദൈവത്തിൽ വിശ്വസിക്കുമായിരുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിച്ചപ്പോൾ നിങ്ങൾക്ക് എന്താണു തോന്നിയത്? നിങ്ങളുടെ നഷ്ടങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവ് എന്താണ് നിങ്ങളെ കാണിക്കുന്നത്?
പ്രിയ ദൈവമേ, അങ്ങയുടെ സ്നേഹത്തെക്കുറിച്ച് എന്നെ എന്തെങ്കിലും പഠിപ്പിക്കണമേ. എനിക്ക് മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്.