കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2020 നവംബർ 27-ന്, എന്റെ തൊണ്ണൂറ്റഞ്ചുകാരിയായ അമ്മ ബീ ക്രൗഡറും ആ ഗണത്തിൽ ചേർന്നു – അമ്മ പക്ഷേ കോവിഡ്-19 ബാധിച്ചായിരുന്നില്ല മരിച്ചത്. മറ്റ് പല കുടുംബങ്ങളെയും പോലെ, അമ്മയെ സ്മരിക്കാനോ അവളുടെ ജീവിതത്തെ ബഹുമാനിക്കാനോ പരസ്പരം ധൈര്യപ്പെടുത്താനോ ഞങ്ങൾക്ക് ഒത്തുകൂടാൻ കഴിഞ്ഞില്ല. അതിനുപകരം, അവളുടെ സ്നേഹനിർഭരമായ സ്വാധീനം ആഘോഷിക്കാൻ ഞങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു. ദൈവം അവളെ വീട്ടിലേക്ക് വിളിച്ചാൽ, അവൾ പോകാൻ തയ്യാറാണ്, അല്ലെങ്കിൽ അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന അവളുടെ നിർബന്ധത്തെ ഓർത്തുകൊണ്ട് ഞങ്ങൾ വലിയ ആശ്വാസം പ്രാപിച്ചു. അമ്മയുടെ ജീവിതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമായ ആ ആത്മവിശ്വാസത്തോടെയാണ് അവൾ മരണത്തെ അഭിമുഖീകരിച്ചതും.
അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് പൗലൊസ് എഴുതി, ”എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്. . . . ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം” (ഫിലിപ്പിയർ 1:21, 23-24). ഇവിടെ വസിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ന്യായമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, പൗലൊസ് ക്രിസ്തുവിനോടൊപ്പം വസിക്കുന്നതിനായി തന്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് ആകർഷിക്കപ്പെട്ടു.
അത്തരം ആത്മവിശ്വാസം ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് ചുവടുവെക്കുന്ന നിമിഷത്തെ നാം കാണുന്ന രീതിയെ മാറ്റുന്നു. നമ്മുടെ പ്രത്യാശ മറ്റുള്ളവർക്ക് അവരുടെ സ്വന്തം നഷ്ടകാലത്ത് വലിയ ആശ്വാസം നൽകും. നാം സ്നേഹിക്കുന്നവരുടെ വേർപാടിൽ നാം ദുഃഖിക്കുന്നുണ്ടെങ്കിലും, യേശുവിൽ വിശ്വസിക്കുന്നവർ “പ്രത്യാശയില്ലാത്തവരെ” പോലെ ദുഃഖിക്കുന്നില്ല (1 തെസ്സലൊനീക്യർ 4:13). അവനെ അറിയുന്നവരുടെ സമ്പത്താണ് യഥാർത്ഥ പ്രതീക്ഷ.
നമ്മുടെ ലോകത്തിലെ ഭീഷണിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണത്തെ എങ്ങനെ വിവരിക്കും? മനഃപൂർവമായ പ്രത്യാശ എങ്ങനെ ജീവിത പോരാട്ടങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ മാറ്റും?
സകല പ്രത്യാശയുടെയും ദൈവമേ, യേശുവിന്റെ മരണത്തെ ജയിച്ച വിജയത്തെക്കുറിച്ച് ദയവായി എന്നെ ഓർമ്മിപ്പിക്കണമേ.