രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലുടനീളമുള്ള ചില സൈനിക ക്യാമ്പുകളിൽ, ഗൃഹാതുരത്വമുള്ള പട്ടാളക്കാർക്കായി അസാധാരണമായ ഒരു സമ്മാനം എയർ-ഡ്രോപ്പ് ചെയ്യപ്പെട്ടു – നിവർന്നുനിൽക്കുന്ന പിയാനോകൾ. സാധാരണ അളവിലുള്ള ലോഹത്തിന്റെ പത്തുശതമാനം മാത്രം ഉൾക്കൊള്ളുന്ന തരത്തിൽ പ്രത്യേകം നിർമ്മിച്ച അവയ്ക്ക് പ്രത്യേക ജല പ്രതിരോധ പശയാണ് ഉപയോഗിച്ചിരുന്നത്. കീടങ്ങൾ ആക്രമിക്കാതിരിക്കാനുള്ള കീടനാശിനി പ്രയോഗവും അതിൽ നടത്തിയിരുന്നു. ലഭിച്ചു പിയാനോകൾ പരുക്കനും ലളിതവുമായിരുന്നു, എന്നാൽ സൈനികർക്ക് ഒരുമിച്ചുകൂടി മണിക്കൂറുകളോളം സ്വദേശത്തെ പരിചിതമായ പാട്ടുകൾ പാടാനും അവരുടെ മനസ്സിനെ ഉണർത്താനും തക്കവിധം പ്രയോജനകരമായിരുന്നു അത്.
പാട്ട്-പ്രത്യേകിച്ച് സ്തുതിഗീതങ്ങൾ-യേശുവിലുള്ള വിശ്വാസികൾക്ക് യുദ്ധത്തിലും സമാധാനം കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ്. യെഹോശാഫാത്ത് രാജാവ്, തനിക്കെതിരെ യുദ്ധത്തിനു വന്ന വലിയ സൈന്യത്തെ അഭിമുഖീകരിച്ചപ്പോൾ ഇത് സത്യമാണെന്ന് കണ്ടെത്തി (2 ദിനവൃത്താന്തം 20). ഭയചകിതനായ രാജാവ് സകല ജനത്തെയും പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി വിളിച്ചുകൂട്ടി (വാ. 3-4). മറുപടിയായി, ശത്രുവിനെ നേരിടാൻ പടയാളികളെ നയിക്കാൻ ദൈവം അവനോട് പറഞ്ഞു, “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല” (വാ. 17). യെഹോശാഫാത്ത് ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസത്തിൽ പ്രവർത്തിക്കുകയും ചെയ്തു. പടയാളികളുടെ മുമ്പിൽ പോകാനും അവർ കാണുമെന്ന് വിശ്വസിച്ച വിജയത്തിനായി ദൈവത്തെ സ്തുതിക്കാനും അദ്ദേഹം സംഗീതക്കാരെ നിയമിച്ചു (വാ. 21). അവരുടെ സംഗീതം ആരംഭിച്ചപ്പോൾ, അവൻ അവരുടെ ശത്രുക്കളെ അത്ഭുതകരമായി പരാജയപ്പെടുത്തുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്തു (വാ. 22).
വിജയം എല്ലായ്പ്പോഴും, നാം ആഗ്രഹിക്കുന്ന സമയത്തോ രീതിയിലോ അല്ല വരുന്നത്. എന്നാൽ നമുക്കായി ഇതിനകം നേടിയ പാപത്തിനും മരണത്തിനുമെതിരായ യേശുവിന്റെ ആത്യന്തിക വിജയം നമുക്ക് എപ്പോഴും പ്രഖ്യാപിക്കാം. ഒരു യുദ്ധമേഖലയുടെ മധ്യത്തിൽ പോലും ആരാധനാ മനോഭാവത്തിൽ വിശ്രമിക്കുന്നതു നമുക്ക് തിരഞ്ഞെടുക്കാം.
ഇന്ന് നിങ്ങൾ ആയിരിക്കുന്നയിടത്ത് നിങ്ങൾക്ക് എങ്ങനെ ദൈവത്തെ സ്തുതിക്കാൻ കഴിയും? യേശു നിങ്ങൾക്കായി നേടിയ വിജയത്തിലേക്ക് നിങ്ങൾക്ക് എങ്ങനെ മുന്നേറാനാകും?
പ്രിയ ദൈവമേ, അങ്ങ് എന്റെ ശത്രുക്കളെക്കാൾ ശക്തനാണ്. ഞാൻ ഇന്ന് അങ്ങയുടെ നാമം വിശ്വാസത്താൽ ഉയർത്തുന്നു.