കുട്ടിക്കാലത്ത് ഞാൻ തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുമായിരുന്നു. എന്റെ ഹോബിയെക്കുറിച്ച് കേട്ട വല്യപ്പച്ചൻ എല്ലാ ദിവസവും ഓഫീസ് മെയിലിൽ നിന്ന് സ്റ്റാമ്പുകൾ സൂക്ഷിക്കാൻ തുടങ്ങി. ഞാൻ എന്റെ വല്യപ്പച്ചനെ സന്ദർശിക്കുമ്പോഴെല്ലാം, പലതരം മനോഹരമായ സ്റ്റാമ്പുകൾ നിറച്ച ഒരു കവർ അദ്ദേഹം എനിക്ക് തരുമായിരുന്നു. ”ഞാൻ എപ്പോഴും തിരക്കിലാണെങ്കിലും,” ഒരിക്കൽ വല്യപ്പച്ചൻ എന്നോട് പറഞ്ഞു, ”ഞാൻ നിന്നെ മറക്കുകയില്ല.”
വാത്സല്യത്തിന്റെ പരസ്യമായ പ്രകടനങ്ങൾ നടത്തുന്നത് വല്യപ്പച്ചന് പതിവുള്ളതല്ല, പക്ഷേ അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് ആഴത്തിൽ അനുഭവപ്പെട്ടു. ”ഞാൻ നിന്നെ മറക്കുകയില്ല” (യെശയ്യാവ് 49:15) എന്ന് പ്രഖ്യാപിച്ചപ്പോൾ അനന്തമായ ആഴത്തിൽ ദൈവം യിസ്രായേലിനോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. കഴിഞ്ഞ നാളുകളിൽ വിഗ്രഹാരാധനയ്ക്കും അനുസരണക്കേടിനും ബാബിലോണിൽ കഷ്ടത അനുഭവിച്ച അവന്റെ ജനം ഇപ്രകാരം വിലപിച്ചു, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു’’ (വാ. 14). എന്നാൽ തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തിന് മാറ്റമുണ്ടായിരുന്നില്ല. അവൻ അവർക്ക് പാപമോചനവും പുനഃസ്ഥാപനവും വാഗ്ദത്തം ചെയ്തു (വാ. 8-13).
“ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു,’’ ദൈവം യിസ്രായേലിനോട് പറഞ്ഞു. അവൻ ഇന്നും നമ്മോട് അതുതന്നെ പറയുന്നു (വാ. 16). അവന്റെ ഉറപ്പുനൽകുന്ന വാക്കുകളെക്കുറിച്ചു ഞാൻ ചിന്തിക്കുമ്പോൾ, അത് നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്നേഹത്തോടെ നീട്ടിപ്പിടിച്ച യേശുവിന്റെ ആണിപ്പാടേറ്റ കൈകളെക്കുറിച്ച് എന്നെ വളരെ ആഴത്തിൽ ഓർമ്മിപ്പിക്കുന്നു (യോഹന്നാൻ 20:24-27). എന്റെ വല്യപ്പച്ചന്റെ സ്റ്റാമ്പുകളും അവന്റെ ആർദ്രമായ വാക്കുകളും പോലെ, ദൈവം അവന്റെ സ്നേഹത്തിന്റെ ശാശ്വതമായ അടയാളമായി ക്ഷമിക്കുന്ന കരം നമ്മുടെ നേരെ നീട്ടിയിരിക്കുന്നു. അവന്റെ സ്നേഹത്തിനായി – മാറ്റമില്ലാത്ത സ്നേഹത്തിനായി – നമുക്ക് അവനോട് നന്ദി പറയാം. അവൻ നമ്മെ ഒരിക്കലും മറക്കുകയില്ല.
ദൈവം നമ്മെ ഒരിക്കലും മറക്കുകയില്ല എന്ന് നിങ്ങളെ എപ്പോഴാണ് വ്യക്തമായി ഓർമ്മിപ്പിച്ചത്? അവന്റെ മാറ്റമില്ലാത്ത സ്നേഹത്തിന് എങ്ങനെയാണ് നിങ്ങളുടെ ഇന്നത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് പ്രത്യാശയും സുരക്ഷിതത്വവും നൽകാൻ കഴിയുന്നത്?
പിതാവേ, അങ്ങയുടെ നിരന്തരമായ സ്നേഹത്തിനും സാന്നിധ്യത്തിനും നന്ദി പറയുന്നു.