ഒരു സുഹൃത്തിന്റെ മൊബൈലിൽ നിന്ന് അയച്ച ചിത്രങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു! ഭാര്യയ്ക്ക് സമ്മാനമായി കൊടുത്ത ഒരു പുതുക്കിപ്പണിത ആഡംബര കാറിന്റെ ചിത്രങ്ങൾ! തിളങ്ങുന്ന, കടും നീല പുറംഭാഗം; തിളങ്ങുന്ന ക്രോം റിമ്മുകൾ; പുതുക്കി അപ്ഹോൾസ്റ്റേർ ചെയ്ത ബ്ലാക്ക് ഇന്റീരിയർ; മറ്റ് പലതും. അതേ വാഹനത്തിന്റെ “പഴയ” ചിത്രങ്ങളും ഉണ്ടായിരുന്നു- മുഷിഞ്ഞ, തേഞ്ഞ, ആകർഷണീയമല്ലാത്ത മഞ്ഞ കാർ. എന്നാൽ, ഫാക്ടറിയിൽ നിന്ന് ആ കാർ, പുതുതായി ഇറങ്ങിയപ്പോൾ, അത് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. എന്നാൽ കാലം കഴിഞ്ഞപ്പോൾ അത് പഴകുകയും പുതുക്കി പണിയേണ്ട ആവശ്യം വരികയും ചെയ്തു.
വീണ്ടെടുപ്പിന് പാകമായത്! 80-ാം സങ്കീർത്തനത്തിലെ ദൈവജനത്തിന്റെ അവസ്ഥയും ആവർത്തിച്ചുള്ള പ്രാർത്ഥനയും ഇങ്ങനെയായിരുന്നു: “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (വാക്യം 3; വാക്യം 7, 19 കാണുക). അവരുടെ ചരിത്രത്തിൽ മിസ്രയീമിൽ നിന്നുള്ള വിടുതലും, സമൃദ്ധമായ ഒരു രാജ്യത്ത് നട്ടുപിടിപ്പിച്ചതും ഉൾപ്പെടുന്നുവെങ്കിലും (വാ. 8-11), നല്ല സമയങ്ങൾ കഴിഞ്ഞുപോയി. കലാപം നിമിത്തം അവർ ദൈവത്തിന്റെ ന്യായവിധി അനുഭവിക്കുകയായിരുന്നു (വാ. 12-13). അതിനാൽ, അവരുടെ അപേക്ഷ: “സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; ….ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ! ” (വി. 14).
നിങ്ങൾക്ക് ദൈവത്തിൽ നിന്ന് അകന്നതായി തോന്നുന്നുണ്ടോ? ആത്മീയ സന്തോഷം നഷ്ടപ്പെട്ടു പോയിട്ടുണ്ടോ? യേശുവിനോട് ചേർന്ന് നടക്കാത്തതുകൊണ്ടാണോ അത്? യഥാസ്ഥാനപ്പെടുന്നതിന് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു (വാ. 1). ദൈവത്തോട് ചോദിക്കുവാൻ നിങ്ങൾക്ക് എന്താണ് തടസ്സം?
ദൈവത്തിന്റെ, വീണ്ടെടുക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതുമായ പ്രവൃത്തി നിങ്ങൾ എപ്പോഴാണ് അനുഭവിച്ചത്? നിങ്ങളുടെ ജീവിതത്തിന്റെ ഏതൊക്കെ മേഖലകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടത്?
പിതാവേ, യഥാസ്ഥാനപ്പെടുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. അതിന് എന്നെ സഹായിക്കേണമേ.