ഒരു കളിക്ക് ശേഷം, കോർട്ടിലെ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ കപ്പുകളും ഭക്ഷണ പൊതികളും എടുത്തു കളഞ്ഞു അവിടം വൃത്തിയാക്കാനായി  തൊഴിലാളികളെ സഹായിക്കാൻ ഒരു കോളേജ് ബാസ്കറ്റ്ബോൾ താരം അവരോടൊപ്പം  കൂടി. ഒരു ആരാധകൻ അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ എൺപതിനായിരത്തിലധികം ആളുകൾ അത് കണ്ടു. ഒരാൾ അഭിപ്രായപ്പെട്ടു, “നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും താഴ്മയുള്ള ആളുകളിൽ ഒരാളാണ് ആ [ചെറുപ്പക്കാരൻ]”. ആ ബാസ്കറ്റ്ബോൾ കളിക്കാരന് ടീമിന്റെ വിജയത്തിൽ തന്റെ സംഭാവന ആഘോഷിക്കാനും ടീമംഗങ്ങൾക്കൊപ്പം പോകാനും കഴിയുമായിരുന്നു. പകരം, വിലമതിക്കപ്പെടാത്ത ഒരു ജോലിക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു.

ഭൂമിയിലെ ഒരു ദാസനെന്ന പദവി ഏറ്റെടുക്കുന്നതിനായി സ്വർഗ്ഗത്തിലെ തന്റെ ഉയർന്ന സ്ഥാനം ഉപേക്ഷിച്ച യേശുവിൽ താഴ്മയുടെ ആത്യന്തിക മനോഭാവം കാണപ്പെടുന്നു. (ഫിലിപ്പിയർ 2:8). യേശുവിന് അത് ചെയ്യേണ്ടതില്ല, എന്നാൽ അവൻ മനസ്സോടെ തന്നെത്തന്നെ താഴ്ത്തി. ഭൂമിയിലെ അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ എല്ലാ ആളുകളെയും പഠിപ്പിക്കുക, സുഖപ്പെടുത്തുക, സ്നേഹിക്കുക—അവരെ രക്ഷിക്കാൻ ക്രൂശിക്കപ്പെടുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുക എന്നിവ ഉൾപ്പെടുന്നു.

നിലം തുടയ്ക്കാനോ, കഠിനമായ വേല ചെയ്യാനോ, ഭക്ഷണം വിളമ്പാനോ ക്രിസ്തുവിൻറെ മാതൃക നമ്മെ പ്രചോദിപ്പിക്കുന്നു, എന്നാൽ അതിനേക്കാളുപരി മറ്റുള്ളവരോട് ഉള്ള നമ്മുടെ മനോഭാവത്തിൽ താഴ്മ കാണിക്കുമ്പോൾ  അത് ഏറ്റവും വിശിഷ്ടമാകും. യഥാർത്ഥ വിനയം നമ്മുടെ മുൻഗണനകളെയും പ്രവൃത്തികളെയും രൂപാന്തരപ്പെടുത്തുന്ന ഒരു ആന്തരിക ഗുണമാണ്. “മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണുവാൻ” അത് നമ്മെ പ്രേരിപ്പിക്കുന്നു. (വാ. 3).

എഴുത്തുകാരനും പ്രസംഗകനുമായ ആൻഡ്രൂ മുറേ പറഞ്ഞു, “താഴ്മയാണ് വിശുദ്ധിയുടെ ശോഭയും സൌന്ദര്യവും”. അവന്റെ ആത്മാവിന്റെ ശക്തിയാൽ ക്രിസ്തുവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ നമ്മുടെ ജീവിതം ഈ സൌന്ദര്യത്തെ പ്രതിഫലിപ്പിക്കട്ടെ.(വാ. 2–5).