മുപ്പതു വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിന് ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും?
“ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.” അവൾ പറഞ്ഞു.
20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹമാണ് പ്രധാനമെന്ന് അപ്പോസ്തലനായ പൗലോസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, “പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ” അനുസരണത്തോടെ നടക്കും, “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.” (റോമർ 13:8). അവസാനമായി, “സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു. (വാ. 10).
ക്രിസ്തുവിന്റെ കുരിശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും, പ്രവൃത്തിയിലും, മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4: 16, 19).
സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ അകപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ!
എപ്പോഴാണ് നിങ്ങൾ യേശുവിന്റെ സ്നേഹം അനുഭവിക്കാൻ, അല്ലെങ്കിൽ, അവൻ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കാൻ പാടുപെട്ടത്? ക്രിസ്തു നിങ്ങളെ പൂർണമായും നിരുപാധികമായും സ്നേഹിക്കുന്നുവെന്ന് അറിയുന്നത് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുന്ന രീതിയെ എങ്ങനെ മാറ്റും?
പ്രിയ യേശുവേ, നീ എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ എന്നെ സഹായിക്കേണമേ, അങ്ങനെ എന്നോടുള്ള നിന്റെ സ്നേഹത്തിന്റെ കവിഞ്ഞൊഴുക്കിലൂടെ എനിക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയട്ടെ.