ജിം, ലനീദ എന്നിവർ കോളേജ് പ്രണയികളായിരുന്നു. അവർ വിവാഹിതരായി, വർഷങ്ങളോളം ജീവിതം സന്തോഷകരമായിരുന്നു. പെട്ടെന്ന് ലനീഡ അസാധാരണമായി പെരുമാറാൻ തുടങ്ങി, അവൾ തന്റെ ഉത്തരവാദിത്തങ്ങൾ മറക്കുകയും സ്ഥലകാലബോധമില്ലാതെ പെരുമാറുകയും ചെയ്തു. നാൽപ്പത്തിയേഴാം വയസ്സിൽ ആദ്യമായി അവൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് കണ്ടെത്തി. പത്ത് വർഷം അവളെ പരിചരിച്ചതിന് ശേഷം ജിം ഇങ്ങനെ പറഞ്ഞു, “എനിക്ക് എന്റെ ഭാര്യയെ സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം അൽഷിമേഴ്സ് എനിക്ക് തന്നു, വിവാഹ പ്രതിജ്ഞ പറഞ്ഞപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ.”
പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ അപ്പൊസ്തലനായ പൌലോസ് സ്നേഹത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശദമായി എഴുതി. (1 കൊരിന്ത്യർ 13). സ്നേഹനിർഭരമായ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സൽപ്രവൃത്തികളും, സ്നേഹമില്ലാതെ യാന്ത്രികമായി ചെയ്യുന്നവയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിവരിക്കുന്നു. ശക്തമായ സംസാരം നല്ലതാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അത് അർത്ഥശൂന്യമായ ശബ്ദം പോലെയാണ് (വാക്യം 1). “എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും … സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.” ഒടുവിൽ പൌലോസ് പറഞ്ഞു, “ഇവയിൽ വലിയതോ സ്നേഹംതന്നെ.” (വാ. 13).
ഭാര്യയെ പരിചരിച്ചപ്പോൾ ജിമ്മിന് സ്നേഹത്തെയും സേവനത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആഴമേറിയതും സ്ഥിരതയുള്ളതുമായ ഒരു സ്നേഹത്തിന് മാത്രമേ അവന് എല്ലാ ദിവസവും അവളെ പിന്തുണയ്ക്കാനുള്ള ശക്തി നൽകാൻ കഴിയുമായിരുന്നുള്ളൂ. ആത്യന്തികമായി, ഈ ത്യാഗപരമായ സ്നേഹത്തിന്റെ പൂർണ്ണത നാം കാണുന്ന ഒരേയൊരു ഇടം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിലാണ്. അത് നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ യേശുവിനെ അയയ്ക്കാൻ കാരണമായി (യോഹന്നാൻ 3:16). സ്നേഹത്താൽ പ്രചോദിതമായ ആ ത്യാഗം നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.
സ്നേഹമില്ലാതെ മറ്റുള്ളവരെ സേവിക്കാൻ നിങ്ങൾ ശ്രമിച്ചു നോക്കിയിട്ടുണ്ടോ? ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹം ഇന്ന് നിങ്ങളുടെ പ്രവർത്തനങ്ങളെ എങ്ങനെയൊക്കെ പ്രചോദിപ്പിക്കുന്നു?
പ്രിയപ്പെട്ട ദൈവമേ, എന്നെ സ്നേഹിച്ചതിന് നന്ദി. ഇന്ന് എന്റെ പ്രവൃത്തികൾ സ്നേഹമുള്ള ഹൃദയത്തിൽ നിന്ന് ഒഴുകട്ടെ.