നമ്മൾ ഉണ്ടാക്കുന്ന വസ്തുക്കളിൽ ചുവപ്പ് നിറം എപ്പോഴും സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. ഒരു ടി-ഷർട്ടിലോ ലിപ്സ്റ്റിക്കിലോ ആപ്പിളിന്റെ ആകർഷകമായ നിറം എങ്ങനെ ചേർക്കാം? ആദ്യകാലങ്ങളിൽ, ചുവന്ന നിറം കളിമണ്ണിൽ നിന്നോ ചുവന്ന പാറകളിൽ നിന്നോ നിർമ്മിച്ചിരുന്നു. 1400-കളിൽ, ആസ്ടെക്ക് വർഗ്ഗക്കാർ ചുവന്ന ചായം ഉണ്ടാക്കാൻ കോച്ചിനീൽ എന്ന പ്രാണികളെ ഉപയോഗിച്ച് ഒരു രീതി കണ്ടുപിടിച്ചു. ഇന്ന്, അതേ ചെറിയ പ്രാണികൾ ലോകത്തിന് ചുവപ്പ് നിറം നൽകുന്നു.

ബൈബിളിൽ, ചുവപ്പ് രാജകീയതയെ സൂചിപ്പിക്കുന്നു, അത് പാപത്തെയും ലജ്ജയെയും സൂചിപ്പിക്കുന്നു. കൂടാതെ, അത് രക്തത്തിന്റെ നിറമാണ്. പട്ടാളക്കാർ യേശുവിനെ “അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചപ്പോൾ” (മത്തായി 27:28) ഈ മൂന്ന് പ്രതീകങ്ങളും ചുവപ്പിന്റെ ഹൃദയഭേദകമായ ഒരു പ്രതിച്ഛായയിൽ ലയിച്ചു. യേശുവിനെ രാജാവ് എന്ന് വിളിച്ചു പരിഹസിക്കുകയും ലജ്ജ കൊണ്ട് മൂടുകയും ചൊരിയാനിരുന്ന രക്തത്തിന്റെ നിറം ധരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ചുവന്ന മേലങ്കി ധരിച്ച യേശു, നമ്മെ കളങ്കപ്പെടുത്തുന്ന ചുവപ്പിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന് യെശയ്യാവ്  പ്രവചിക്കുന്നു.”നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും”. (1:18).

ചുവന്ന ചായത്തിന് ഉപയോഗിക്കുന്ന കോച്ചിനീൽ പ്രാണികളെക്കുറിച്ച് മറ്റൊരു കാര്യം—അവ യഥാർത്ഥത്തിൽ പുറത്ത് പാൽ നിറമാണ്. അവ തകർക്കപ്പെടുമ്പോൾ മാത്രമേ അവയുടെ ചുവന്ന രക്തം പുറത്തുവിടുകയുള്ളൂ. ആ ചെറിയ വസ്തുത നമുക്ക് യെശയ്യാവിൻറെ മറ്റ് വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നു. “നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ തകർക്കപ്പെട്ടു” (യെശയ്യാവ്‌ 53:5).

പാപം അറിയാത്ത യേശു, പാപത്താൽ ചുവന്ന നമ്മെ രക്ഷിക്കാൻ ഇവിടെയുണ്ട്. അവൻ മരണത്താൽ തകർക്കപ്പെട്ടപ്പോൾ അവൻ വളരെയധികം ചുവപ്പിന്റെ അനുഭവത്തിലൂടെ കടന്നുപോയി. അത് നിങ്ങൾ ഹിമം പോലെ വെളുക്കേണ്ടതിനായിരുന്നു.