കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഒരു ദിവസം, ഞാൻ വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, “ഒരു ദിവസം” വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. അത്, കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—എന്റെ കണ്ണുകൾ അടച്ച് “കർത്താവേ, സഹായിക്കേണമേ” എന്ന് മന്ത്രിക്കുക.

അപ്പോസ്തലനായ പൌലോസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ “ശൂലം,” ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലോസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ്. (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10).

നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. “ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു.” (വാ. 10). യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നതാണ്.