ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും, എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ, എന്റെ പുതിയ സ്കൂളിലെ “മികച്ച” എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
പുരാതന ഫിലദെൽഫ്യയിലെ സഭ അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാക്കിയിരിക്കുന്നു. ആ ചെറിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾക്ക് ഇരയായിത്തീർന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് “അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.” (വാക്യം 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ “ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ” തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, “ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും” ചെയ്യുന്നവനാണ് (വാക്യം 7).
നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ, ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. “ഞാൻ വാതിൽ ആകുന്നു,” യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം.
ഏതെല്ലാം വാതിലുകളാണ് ദൈവം നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നത്? ദൈവം വഴി തുറക്കാൻ നിങ്ങൾ കാത്തിരിക്കുമ്പോൾ നിങ്ങളുടെ ശുശ്രൂഷയും ജീവിതവും എങ്ങനെ തഴച്ചുവളരുന്നു?
വാതിലുകൾ അടയുമ്പോൾ, പ്രിയ ദൈവമേ, ഞാൻ വിശുദ്ധ വാതിലായ അങ്ങിലേക്ക് തിരിഞ്ഞ്, എവിടേക്ക്, എങ്ങനെ പോകണമെന്ന് അങ്ങ് പറയുന്നിടത്തേക്ക് നടക്കട്ടെ.