രാജകുടുംബാംഗങ്ങളുടെ ചെരിപ്പിട്ടുകൊണ്ട് നടന്നാൽ എങ്ങനെയിരിക്കും? ഒരു തുറമുഖ തൊഴിലാളിയുടെയും, നഴ്സിന്റെയും മകളായ ഏഞ്ചല കെല്ലിക്ക് അത് അറിയാം. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിന്റെ അവസാനത്തെ ഇരുപത് വർഷക്കാലം അവൾ രാജ്ഞിയുടെ ഔദ്യോഗിക മേക്കപ്പുകാരിയായി സേവനമനുഷ്ഠിച്ചു. പ്രായമായ രാജ്ഞിയുടെ പുതിയ ഷൂസുകൾ മയപ്പെടുത്തുന്നതിന് അത് ഇട്ടുകൊണ്ട് കൊട്ടാര മൈതാനത്തിന് ചുറ്റും നടക്കുക എന്നതായിരുന്നു അവളുടെ ഉത്തരവാദിത്തങ്ങളിലൊന്ന്. അതിന് ഒരു കാരണമുണ്ടായിരുന്നു: ചിലപ്പോൾ ചടങ്ങുകളിൽ ദീർഘനേരം നിൽക്കേണ്ടിവരുന്ന ആ പ്രായമായ രാജ്ഞിയോടുള്ള അനുകമ്പ. രണ്ടുപേരുടെയും കാലിന്റെ വലിപ്പം ഒന്നായതിനാൽ, കെല്ലിക്ക് രാജ്ഞിയുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കഴിഞ്ഞു.
എലിസബത്ത് രാജ്ഞിയെ പരിചരിക്കുന്നതിൽ കെല്ലിയുടെ വ്യക്തിപരമായ കരുതൽ കൊളോസെയിലെ (ആധുനിക തുർക്കിയിലെ ഒരു പ്രദേശം) സഭയ്ക്ക് പൌലോസ് നൽകിയ ഊഷ്മളമായ പ്രോത്സാഹനത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുക” (കൊലോസ്യർ 3:12). നമ്മുടെ ജീവിതം യേശുവിൽ വേരൂന്നുമ്പോൾ (2:7) നാം “ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി” മാറുന്നു. (3:12). നമ്മുടെ “പഴയ സ്വഭാവം” നീക്കം ചെയ്യാനും “പുതിയ സ്വഭാവം ധരിക്കാനും” അവൻ നമ്മെ സഹായിക്കുന്നു (വാ. 9-10). ദൈവം നമ്മെ സ്നേഹിക്കുകയും നമ്മോട് ക്ഷമിക്കുകയും ചെയ്തതിനാൽ മറ്റുള്ളവരെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുക (വാ 13–14).
നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ നാം അവരുടെ ഷൂസിൽ നടന്നുകൊണ്ട് അവരെ മനസ്സിലാക്കി അനുകമ്പ കാണിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, നമ്മളോട് എപ്പോഴും അനുകമ്പയുള്ള ഒരു രാജാവായ യേശുവിന്റെ ചെരിപ്പിലാണ് നമ്മൾ നടക്കുന്നത്.
എങ്ങനെയാണ് ദൈവത്തിന് നിങ്ങളോട് അനുകമ്പ തോന്നിയത്? ഇന്ന് നിങ്ങൾക്ക് ആരോടാണ് അവന്റെ സ്നേഹം കാണിക്കാൻ കഴിയുക?
യേശുവേ, അങ്ങയുടെ പാപമോചനത്തിനും സ്നേഹത്തിനും നന്ദി. അത് സ്വീകരിക്കാനും നൽകാനും എന്നെ സഹായിക്കേണമേ.