ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അടിയിൽ അകപ്പെട്ട സിറിയൻ പെൺകുട്ടി, അഞ്ച് വയസ്സുകാരി ജിനാൻ,  തന്റെ കുഞ്ഞനുജനെ പരിക്കു പറ്റാതെ പൊതിഞ്ഞ് പിടിച്ച് കൊണ്ട്, രക്ഷാപ്രവർത്തകരുടെ ശ്രദ്ധ കിട്ടാൻ കരഞ്ഞ് നിലവിളിക്കുകയായിരുന്നു. “എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്കൂ. ഞാൻ നിങ്ങൾക്ക് എന്തു വേണേലും ചെയ്യാം. നിങ്ങളുടെ വേലക്കാരി ആയിരുന്നോളാം”, ഹൃദയം നുറുങ്ങി അവൾ കരഞ്ഞു പറഞ്ഞു.

തീവ്ര ദുഃഖത്തിന്റെ നിലവിളികൾ സങ്കീർത്തനത്തിൽ എവിടെയും കാണാം: “ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി.”(സങ്കീ.118:5). ചിലപ്പോൾ ഒരു ഭൂകമ്പം തകർത്ത കെട്ടിടത്തിന്റെ അടിയിൽ നാം അമർന്ന് പോയെന്ന് വരില്ല, എന്നാൽ ഒരു രോഗത്തിന്റെ സ്ഥിരീകരണമോ സാമ്പത്തിക തകർച്ചയോ, ഭാവിയെക്കുറിച്ചുള്ള ആശങ്കയോ, തകർന്ന ബന്ധമോ ഒക്കെ നമ്മെ ശ്വാസം മുട്ടിക്കുന്ന ഭയത്തിന് ഇടയാക്കിയേക്കാം.

ഈ സന്ദർഭങ്ങളിൽ, ദൈവം വിടുവിക്കുകയാണെങ്കിൽ ഇന്നതൊക്കെ ചെയ്യാം എന്ന് നാം വിലപേശൽ നടത്തിയേക്കാം. സഹായിക്കുന്നതിന് സ്വാധീനമൊന്നും ദൈവത്തിന് ആവശ്യമില്ല. അവൻ ഉത്തരമരുളാം എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ചിലപ്പോൾ നമ്മുടെ ദുരിതത്തിൽ നിന്ന് വിടുതൽ അല്ലായിരിക്കാം. പകരം അവിടുന്ന് നമ്മുടെ കൂടെയിരിക്കുക മാത്രമാകും. നാം ഒരു ദുരന്തവും ഭയക്കേണ്ടതില്ല – മരണം പോലും. സങ്കീർത്തനക്കാരനൊപ്പം നമുക്കും പറയാം: “എന്നെ സഹായിക്കുന്നവരോടു കൂടെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ എന്നെ പകക്കുന്നവരെ കണ്ട് രസിക്കും”(വാ.7). 

ജിനാനും സഹോദരനും രക്ഷപെട്ടതുപോലെ നാടകീയവിടുതൽ ഒന്നും ദൈവം എപ്പോഴും വാഗ്ദാനം ചെയ്തിട്ടില്ല എങ്കിലും ദൈവത്തിന്റെ വിശ്വസ്തതയിൽ നമുക്ക് ശരണപ്പെടാം; അവൻ നമ്മെയും 

“വിശാലസ്ഥലത്താക്കും” (വാ.5). അവൻ നമ്മുടെ സാഹചര്യം അറിയുന്നു, ഒരിക്കലും കൈവിടില്ല, മരണത്തിൽപ്പോലും.