മൃണാളിനി പോരാട്ടങ്ങളെ നേരിടുകയായിരുന്നു. യേശുവിൽ വിശ്വസിക്കുന്നവരായ സ്നേഹിതർ അവൾക്കുണ്ടായിരുന്നു, അവർ പോരാട്ടങ്ങളെ നേരിടുന്ന രീതി അവൾക്കിഷ്ടമായിരുന്നു. അവരെക്കുറിച്ച് അവൾക്കല്പം അസൂയയും തോന്നിയിരുന്നു. എന്നാൽ അവരെപ്പോലെ ജീവിക്കാൻ തനിക്കു കഴിയുമെന്നു മൃണാളിനി കരുതിയില്ല. യേശുവിൽ വിശ്വാസം അർപ്പിക്കുന്നത് നിയമങ്ങൾ അനുസരിക്കലാണെന്ന് അവൾ ചിന്തിച്ചിരുന്നു. ഒടുവിൽ, അവളുടെ ജീവിതം ദുഷ്കരമാക്കുകയല്ല ദൈവത്തിന്റെ ഉദ്ദേശ്യമെന്ന് ഒരു സഹപാഠി അവളെ ബോധ്യപ്പെടുത്തി. മറിച്ച്, അവളുടെ ജീവിതം ഉയർച്ച താഴ്ചകൾ ഉള്ളതായിരിക്കുമ്പോഴും അവളുടെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നത്. ഇതവൾ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിക്കാനും തന്നോടുള്ള ദൈവസ്നേഹത്തിന്റെ അതിശയകരമായ സത്യത്തെ ആശ്ലേഷിക്കാനും അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
മൃണാളിനിക്ക് സമാനമായ ഒരു ഉപദേശം നൽകാൻ ശലോമോൻ രാജാവിനു കഴിയുമായിരുന്നു. ഈ ലോകത്തിന് അതിന്റേതായ ദുഃഖങ്ങളുണ്ടെന്ന കാര്യം അവൻ അംഗീകരിച്ചു. തീർച്ചയായും, “എല്ലാറ്റിനും ഒരു സമയം ഉണ്ട്’’ (സഭാപ്രസംഗി 3:1), “വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം’ (വാ. 4). എന്നാൽ അതുകൊണ്ടു തീരുന്നില്ല. ദൈവം “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’’ (വാ. 11). അവന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു നിത്യതയാണത്.
മൃണാളിനി യേശുവിൽ വിശ്വസിച്ചപ്പോൾ യേശു പറഞ്ഞതുപോലെ, അവൾ “സമൃദ്ധിയായ’’ ജീവൻ നേടി (യോഹ. 10:10). എന്നാൽ അവൾ അതിലധികവും കരസ്ഥമാക്കി. വിശ്വാസത്താൽ “ഹൃദയത്തിൽ ദൈവം വെച്ച നിത്യത’’ (സഭാപ്രസംഗി 3:11) ജീവിത പോരാട്ടങ്ങളെ വിസ്മരിക്കുന്നതും (യെശയ്യാവ് 65:17) ദൈവത്തിന്റെ മഹത്വപൂർണ്ണമായ സാന്നിധ്യം ഒരു നിത്യ യാഥാർത്ഥ്യമായിത്തീരുന്നതുമായ ഒരു ഭാവിയുടെ വാഗ്ദത്തമായി മാറി.
യേശു വാഗ്ദാനം ചെയ്യുന്ന സമൃദ്ധിയായ ജീവൻ എങ്ങനെയാണ് നിങ്ങൾ അനുഭവിച്ചത്? അവനിലുള്ള ജീവിതത്തിന്റെ എന്തു സവിശേഷതകളാണ് നിങ്ങളെ ന്ദിയുള്ളവരാക്കിത്തീർക്കുന്നത്?
പ്രിയ യേശുവേ, ശലോമോൻ പറഞ്ഞതു ശരിയാണ്. ജീവിതം ഉയർച്ച താഴ്ചകൾ ഉള്ളതാണ്. ഈ ജീവിതം വിലയുള്ളതും അതിനുള്ള പരിശ്രമം പ്രതിഫലദായകവും ആക്കിയതിനു നന്ദി പറയുന്നു. എന്നെ കാത്തിരിക്കുന്ന നിത്യസന്തോഷങ്ങൾക്കായും അങ്ങേയ്ക്കു നന്ദി പറയുന്നു.