ഞങ്ങളുടെ കോണിഫറസ് മരത്തിൽ നിന്ന് പൈൻകോണും സൂചിയിലകളും കൊഴിയാൻ തുടങ്ങി. വൃക്ഷഡോക്ടർ മരത്തെ ഒന്നു നോക്കിയിട്ട് പ്രശ്‌നം എന്താണെന്നു വിശദീകരിച്ചു: “അതു കോണിഫർ സ്വഭാവം കാണിക്കുന്നു.’’ കുറെക്കൂടി നല്ല വിശദീകരണമാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലെങ്കിൽ ഒരു പരിഹാരം. പക്ഷേ അദ്ദേഹം തലയാട്ടിക്കൊണ്ടു വീണ്ടും പറഞ്ഞു, “അതു കോണിഫർ സ്വഭാവം കാണിക്കുകയാണ്.’’ മരം പ്രകൃത്യാ സൂചി പൊഴിക്കുന്നു. അതിനു മാറാൻ കഴികയില്ല.

നമ്മുടെ ആത്മീയ ജീവിതം മാറ്റാൻ കഴിയാത്ത പ്രവൃത്തികളാലോ മനോഭാവത്താലോ പരിമിതപ്പെട്ടുപോകുന്നില്ല എന്നതിനു നന്ദി. സ്വാതന്ത്ര്യം നൽകുന്ന ഈ സത്യം എഫെസൊസിലെ പുതിയ വിശ്വാസികളോട് പൗലൊസ് ഊന്നിപ്പറഞ്ഞു. ജാതികൾ “അന്ധബുദ്ധികളാണ്,’’ അവരുടെ മനസ്സ് ദൈവത്തിനു നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു. “സകല അശുദ്ധിയും’’ നിറഞ്ഞു കഠിന ഹൃദയമാണവർക്കുള്ളത്, അത്യാഗ്രഹവും ദുഷ്‌കാമവും മാത്രമാണവർ പിന്തുടരുന്നത് (എഫെസ്യർ 4:18-19). 

എന്നാൽ നിങ്ങൾ “യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ ‘പഴയ മനുഷ്യനെ ഉപേക്ഷിക്കുക’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 22).നമ്മുടെ പഴയ മനുഷ്യൻ എങ്ങനെയാണ് “ചതിമോഹങ്ങളാൽ വഷളായിപ്പോകുന്നത്’’ എന്ന് പൗലൊസ് ഓർപ്പിച്ചു. “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ’’ (വാ. 23-24) എന്നവൻ ഉദ്‌ബോധിപ്പിച്ചു.

എന്നിട്ട് നാം ജീവിക്കേണ്ടതായ പുതിയ വഴികൾ അവൻ കാണിച്ചുതന്നു. ഭോഷ്‌കു പറയുന്നതു നിർത്തുക. കോപിക്കുന്നതു നിർത്തുക. ശപിക്കുന്നതു നിർത്തുക. മോഷണം നിർത്തുക. പകരം “മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കുക’’ (വാ. 28). ക്രിസ്തുവിലുള്ള നമ്മുടെ പുതിയ സ്വത്വം, നമ്മുടെ രക്ഷകന്റെ മാർഗ്ഗത്തിനു കീഴടങ്ങിയതും നമ്മുടെ വിളിക്കു യോഗ്യവുമായ ജീവിതം ജീവിക്കുവാൻ നമ്മെ സഹായിക്കും.