തങ്ങൾക്കുള്ളതിൽ മനപ്പൂർവ്വം നന്ദിയുള്ളവരായിരിക്കുന്ന ആളുകൾ നല്ല ഉറക്കം കിട്ടുന്നവരും കുറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരും കൂടുതൽ സന്തോഷമുള്ളവരും ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം നമ്മിൽ മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്. ഓരോ ആഴ്ചയും നമ്മൾ നന്ദിയുള്ളവരായിരിക്കുന്ന അഞ്ചു കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഒരു “കൃതജ്ഞതാ ജേണൽ’’ സൂക്ഷിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു.
നന്ദി പറയുന്ന ശീലത്തെ തിരുവചനം മുമ്പേതന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഹാരത്തിനും വിവാഹജീവിതത്തിനും (1 തിമൊഥെയൊസ് 4:3-5) സൃഷ്ടിയുടെ സൗന്ദര്യത്തിനും (സങ്കീർത്തനം 104) നാം നന്ദി പറയുവാനും അവയെല്ലാം ദൈവിക ദാനമാണെന്നു മനസ്സിലാക്കി ദാതാവിനു നന്ദി പറയുവാനും ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേൽ അത്യാവശ്യമായും നന്ദിപറയേണ്ട അഞ്ചു കാര്യങ്ങൾ സങ്കീർത്തനം 107 ൽ കൊടുത്തിരിക്കുന്നു: മരുഭൂമിയിൽനിന്ന് അവരെ രക്ഷിച്ചത് (വാ. 4-9), അടിമത്വത്തിൽ നിന്നുള്ള അവരുടെ മോചനം (വാ. 10-16), രോഗസൗഖ്യം (വാ. 18-22), സമുദ്രത്തിലെ സുരക്ഷിതത്വം (വാ. 23-32), വരണ്ട ഭൂമിയിൽ അവർ അഭിവൃദ്ധി പ്രാപിച്ചത് (വാ. 33-42) എന്നിവയാണവ. “യഹോവെക്കു സ്തോത്രം ചെയ്വിൻ’’ സങ്കീർത്തനം ആവർത്തിച്ചു പറയുന്നു, കാരണം ഇവ അവന്റെ മാറിപ്പോകാത്ത “നന്മ’’യുടെ (വാ. 8, 15, 21, 31) അടയാളങ്ങളാണ്.
നിങ്ങളുടെ അടുത്ത് കുറിപ്പെഴുതാനുള്ള കടലാസുണ്ടോ? നിങ്ങൾ നന്ദിയുള്ളവനായിരിക്കുന്ന അഞ്ചു കാര്യങ്ങൾ ഇപ്പോൾ തന്നേ എഴുതാൻ കഴിയുമോ? നിങ്ങൾ ഇപ്പോൾ കഴിച്ച ഭക്ഷണമാകാം, നിങ്ങളുടെ വിവാഹമോ അല്ലെങ്കിൽ യിസ്രായേലിനെപ്പോലെ ഇന്നുവരെ നിങ്ങളെ ദൈവം രക്ഷിച്ചതോ ആകാം. വെളിയിൽ പാടുന്ന പക്ഷികൾക്കുവേണ്ടിയും അടുക്കളയിൽനിന്നു വരുന്ന സുഗന്ധത്തിനും കസേരയിലെ സുഖകരമായ ഇരിപ്പിനും പ്രിയപ്പെട്ടവരുടെ മന്ത്രണത്തിനും വേണ്ടിയും നന്ദിപറയാൻ നിങ്ങൾക്കു കഴിയും. ഓരോന്നും ഒരു ദാനവും ദൈവത്തിന്റെ മാറാത്ത സ്നേഹത്തിന്റെ അടയാളവുമാണ്.
നന്ദിയുള്ളവരായിരിക്കാൻ തിരുവചനം കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? ഇന്നു നിങ്ങൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങൾ എന്തെല്ലാമാണ്?
പിതാവായ ദൈവമേ, അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്. അതിലെല്ലാമുപരി അങ്ങേയ്ക്കുവേണ്ടി ഞാൻ നന്ദിയുള്ളവനാണ്.