തന്റെ നായ്ക്കളോടു സംസാരിക്കാനുള്ള എന്റെ ഭാര്യാമാതാവിന്റെ കഴിവിനെക്കുറിച്ച് ഞാൻ സ്നേഹപൂർവ്വം തമാശ പറയുമായിരുന്നു. അവയുടെ കുരയോട് “തനിക്കു മനസ്സിലായി’’ എന്ന തരത്തിൽ അവൾ സ്നേഹപൂർവ്വം പ്രതികരിക്കുമായിരുന്നു. ഇപ്പോൾ അവളും എല്ലായിടത്തുമുള്ള നായ് ഉടമകളും അവയുടെ ചിരി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാറുണ്ട്. നായ്ക്കൾ, പശുക്കൾ, കുറുക്കന്മാർ, സീലുകൾ, തത്തകൾ തുടങ്ങിയ അനേക മൃഗങ്ങൾ “വിനോദ ശബ്ദ അടയാളങ്ങൾ’’ – അഥവാ ചിരി – പുറപ്പെടുവിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ ശബ്ദങ്ങൾ തിരിച്ചറിയുന്നത് മൃഗത്തിന്റെ വിനോദ സ്വഭാവം മനസ്സിലാക്കാനും മനുഷ്യനോടുള്ള ആക്രമണ സ്വഭാവത്തിൽനിന്നു വേർതിരിച്ചറിയാനും സഹായിക്കും.
മൃഗങ്ങൾ ചിരിയും സന്തോഷവും പ്രകടിപ്പിക്കുന്നത്, സൃഷ്ടിയിലെ ഇതര ജീവജാലങ്ങൾ തങ്ങളുടേതായ മാർഗ്ഗത്തിൽ ദൈവത്തെ സ്തുതിക്കുന്നു എന്ന സന്തോഷകരമായ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നു. ദാവീദ് രാജാവ് തന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ചപ്പോൾ, “കുന്നുകൾ ഉല്ലാസം ധരിക്കുന്നതായും’’ മേച്ചിൽപ്പുറങ്ങളും താഴ്വരകളും “ആർക്കുകയും പാടുകയും’’ ചെയ്യുന്നതായും അവനു തോന്നി (സങ്കീർത്തനം 65:12-13). ദൈവം, സൗന്ദര്യവും നിലനില്പിനുള്ള ഉപാധികളും നൽകിക്കൊണ്ട് ദേശത്തെ പരിപാലിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നതായി ദാവീദ് തിരിച്ചറിഞ്ഞു.
നമ്മുടെ ഭൗതിക ചുറ്റുപാടുകൾ അക്ഷരികമായി “പാടുന്നില്ലെങ്കിലും’’ അവ തന്റെ സൃഷ്ടിയിലുള്ള ദൈവത്തിന്റെ സജീവ പ്രവർത്തനത്തിനു സാക്ഷ്യം വഹിക്കുകയും, നമ്മുടെ ശബ്ദം ഉപയോഗിച്ച് അവനെ സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. “സർവ്വ ഭൂമിയുടെയും’’ ഭാഗമായ നമുക്ക് അവൻ ചെയ്യുന്ന “അത്ഭുത കാര്യങ്ങൾ’’ മനസ്സിലാക്കി “ആർപ്പോടെ’’ (വാ. 8) അവനെ സ്തുതിക്കാം. അവൻ അതു കേട്ട് മനസ്സിലാക്കുമെന്നു നമുക്കു വിശ്വസിക്കാം.
നിങ്ങളുടെ ഭൗതിക ചുറ്റുപാടുകൾ എങ്ങനെയാണ് ദൈവത്തെ സ്തുതിക്കുവാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നത്? മറ്റെവിടെയാണ് ദൈവത്തിന്റെ കരവിരുത് നിങ്ങൾ കണ്ടിട്ടുള്ളത്?
ദൈവമേ, സൃഷ്ടിയിൽ അങ്ങയുടെ തുടർമാനമായ പ്രവൃത്തികൾക്കു നന്ദി പറയുന്നു.