നീതി നടപ്പാകണം എന്ന ശക്തമായ ആഗ്രഹം നിമിത്തം നോറ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയി. പ്ലാൻ ചെയ്തു പോലെ പ്രകടനം നിശബ്ദമായിരുന്നു. പ്രതിഷേധക്കാർ ഡൗൺടൗൺ പ്രദേശത്തുകൂടി ശക്തമായ മൗന ജാഥ നടത്തി. അപ്പോഴാണ് രണ്ടു ബസ്സുകൾ അവിടേക്കു വന്നത്. ബസിൽ നഗരത്തിനു പുറത്തു നിന്ന് അക്രമകാരികൾ വന്നു. താമസിയാതെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഹൃദയം തകർന്ന നോറ അവിടെ നിന്നു മടങ്ങിപ്പോയി. തങ്ങളുടെ സദുദ്ദേശ്യം ഫലശൂന്യമായതായി അവൾക്കു തോന്നി.
പൗലൊസ് യെരുശലേം ദേവാലയം സന്ദർശിച്ചപ്പോൾ, പൗലൊസിനെ എതിർത്തിരുന്ന ആളുകൾ അവനെ കണ്ടു. അവർ “ആസ്യ (പ്രവിശ്യ) യിൽ നിന്നുള്ളവരും’’ (പ്രവൃത്തികൾ 21:27) യേശുവിനെ തങ്ങളുടെ മാർഗ്ഗത്തിന് ഭീഷണിയായി കണ്ടവരും ആയിരുന്നു. പൗലൊസിനെക്കുറിച്ച് നുണയും കിംവദന്തികളും വിളിച്ചു പറഞ്ഞുകൊണ്ട് അവർ പെട്ടെന്നുതന്നെ കലഹത്തിന് തീകൊളുത്തി (വാ. 28-29). ജനക്കൂട്ടം പൗലൊസിനെ ദേവാലയത്തിൽ നിന്ന് പുറത്തേക്കു വലിച്ചിഴച്ച് അവനെ അടിച്ചു. വിവരമറിഞ്ഞ് പടയാളികൾ അവിടേക്ക് പാഞ്ഞുവന്നു.
അവനെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്ക് ജനത്തോട് സംസാരിക്കാമോ എന്ന് പൗലോസ് റോമൻ കമാൻഡറോടു ചോദിച്ചു. അനുവാദം ലഭിച്ചപ്പോൾ പൗലൊസ് ജനക്കൂട്ടത്തോട് അവരുടെ ഭാഷയിൽ സംസാരിച്ചു. അത്ഭുതപ്പെട്ടുപോയ ജനം അവന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുത്തു (വാ. 40). അങ്ങനെ പൗലൊസ് ഒരു കലഹത്തെ, നിർജ്ജീവ മതത്തിൽ നിന്നുള്ള തന്റെ രക്ഷയുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നതിനുള്ള അവസരം ആക്കി മാറ്റി (22:2-21).
ചില ആളുകൾ അക്രമത്തെയും ഭിന്നതയെയും ഇഷ്ടപ്പെടുന്നു. അവർ വിജയിക്കുകയില്ല. പരിതാപകരമായ അവസ്ഥയിലുള്ള നമ്മുടെ ലോകത്തോട് തന്റെ പ്രകാശവും സമാധാനവും പങ്കുവയ്ക്കുവാൻ ധൈര്യമുള്ള വിശ്വാസികളെ ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിസന്ധി എന്ന് നിങ്ങൾക്ക് തോന്നുന്നത്, ഒരുവനോട് ദൈവസ്നേഹം പങ്കുവയ്ക്കുന്നതിനുള്ള നിങ്ങളുടെ അവസരമായി തീർന്നേക്കാം.
എന്തിനെന്നു നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു പ്രതിസന്ധിയിൽ എപ്പോഴാണ് നിങ്ങൾ അകപ്പെട്ടിട്ടുള്ളത്?
പിതാവേ, ഞങ്ങളുടെ തകർന്ന ലോകത്തെക്കുറിച്ച് എന്റെ ഹൃദയം വേദനിക്കുന്നു. ലോകം എന്റെ നേരെ തൊടുത്തു വിടുന്ന ഏതൊരു ആക്രമണത്തെക്കാളും അങ്ങയുടെ ആത്മാവിന്റെ സാന്നിധ്യം ഏറെ ശക്തമാണെന്ന് ഗ്രഹിക്കാൻ എന്നെ സഹായിക്കണമേ.