യേശുവിനെ രക്ഷകനായി സ്വീകരിക്കാനുള്ള അമ്മയുടെ തീരുമാനം കൗമാരപ്രായത്തിലുള്ള എനിക്കും എന്റെ സഹോദരിക്കും മനസ്സിലായില്ല, പക്ഷേ ഞങ്ങൾ അവളിൽ കണ്ട മാറ്റങ്ങൾ നിഷേധിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല. അമ്മയ്ക്ക് കൂടുതൽ സമാധാനവും സന്തോഷവും ലഭിച്ചു, സഭയിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാൻ അമ്മ തുടങ്ങി. അമ്മയ്ക്ക് ബൈബിൾ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു, അമ്മ സെമിനാരിയിൽ ചേരുകയും ബിരുദം നേടുകയും ചെയ്തു. എന്റെ അമ്മയുടെ തീരുമാനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം, എന്റെ സഹോദരി ക്രിസ്തുവിനെ സ്വീകരിച്ച് അവനെ സേവിക്കാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞാനും യേശുവിൽ ആശ്രയിക്കുകയും അവനെ സേവിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം, ഡാഡിയും യേശുവിൽ വിശ്വസിച്ച് ഞങ്ങളോടൊപ്പം ചേർന്നു. ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ അമ്മയുടെ തീരുമാനം ഞങ്ങളുടെ കുടുംബത്തിലും ബന്ധുജനങ്ങളിലും വലിയ സ്വാധീനം ചെലുത്തി.
അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് തന്റെ അവസാന ലേഖനം എഴുതുകയും യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ, തിമൊഥെയൊസിന്റെ ആത്മീയ പൈതൃകം അവൻ രേഖപ്പെടുത്തി. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു’’ (2 തിമൊഥെയൊസ് 1:5).
അമ്മമാരേ, വല്യമ്മമാരേ, നിങ്ങളുടെ തീരുമാനങ്ങൾ തലമുറകളെ ബാധിക്കും.
തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും, അവൻ എങ്ങനെയാകണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അങ്ങനെയുള്ള ദൈവമനുഷ്യനാകാൻ തക്കവിധം അവന്റെ വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചത് എത്ര മനോഹരമാണ്.
ഈ മാതൃദിനത്തിലും അതിനുശേഷവും, യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ച അമ്മമാരെ നമുക്ക് ബഹുമാനിക്കാം.
നമ്മുടെ പ്രിയപ്പെട്ടവർക്കായി നമുക്ക് ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കാം.
ഇന്നു നിങ്ങൾക്ക് ദൈവഭക്തരായ ഏതു സ്ത്രീകളെയാണ് ബഹുമാനിക്കാൻ കഴിയുന്നത്? ഏത് തരത്തിലുള്ള ആത്മീയ പൈതൃകമാണ് മറ്റുള്ളവർക്കുവേണ്ടി ശേഷിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?
പിതാവായ ദൈവമേ, ദൈവഭക്തരായ അമ്മമാർക്കായി അങ്ങേയ്ക്കു നന്ദി. മറ്റുള്ളവർക്കായി ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കാൻ എന്നെ സഹായിക്കണമേ.