വലിയ നുണകൾ ചെറിയ നുണകളേക്കാൾ ശക്തമാണെന്ന് അഡോൾഫ് ഹിറ്റ്‌ലർ വിശ്വസിക്കുകയും, നിർഭാഗ്യവശാൽ, തന്റെ സിദ്ധാന്തം വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ, മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിൽ താൻ സംതൃപ്തനാണെന്ന് അയാൾ അവകാശപ്പെട്ടു. അധികാരത്തിലെത്തിയപ്പോൾ ആരെയും പീഡിപ്പിക്കാൻ തന്റെ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മാധ്യമങ്ങളെ ഉപയോഗിച്ച് സ്വയം പിതൃവ്യക്തിയായും സദാചാര നേതാവായും ചിത്രീകരിച്ചു.

നമ്മുടെ ജീവിതത്തിൽ അധികാരം നേടാൻ സാത്താൻ നുണകൾ ഉപയോഗിക്കുന്നു. സാധ്യമാകുമ്പോഴെല്ലാം, അവൻ ഭയവും കോപവും നിരാശയും ഉണർത്തുന്നു, കാരണം അവൻ “ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു’’ (യോഹന്നാൻ 8:44). സാത്താന് സത്യം പറയാൻ കഴിയില്ല, കാരണം യേശു പറഞ്ഞതുപോലെ, അവന്റെ ഉള്ളിൽ ഒരു സത്യവുമില്ല.

ശത്രുവിന്റെ ചില നുണകൾ ഇതാ. ഒന്നാമതായി, നമ്മുടെ പ്രാർത്ഥനകൾകൊണ്ടു കാര്യമില്ല. ഇല്ല, അവ പ്രധാനമാണ്. ബൈബിൾ പറയുന്നു, “നീതിമാന്റെ പ്രാർത്ഥന വളരെ ഫലിക്കുന്നു’’ (യാക്കോബ് 5:16). രണ്ടാമതായി, നമ്മൾ പ്രശ്‌നത്തിലാകുമ്പോൾ, പുറത്തുകടക്കാൻ ഒരു വഴിയുമില്ല. ഇതും തെറ്റാണ്. “ദൈവത്തിന് സകലവും സാധ്യമാണ്’’ (മർക്കൊസ് 10:27), കൂടാതെ “അവൻ പോക്കുവഴിയും ഉണ്ടാക്കും’’ (1 കൊരിന്ത്യർ 10:13). മൂന്നാമതായി, ദൈവം നമ്മെ സ്‌നേഹിക്കുന്നില്ല. അത് കള്ളമാണ്. ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്‌നേഹത്തിൽ നിന്ന് “നമ്മെ വേർപിരിക്കാൻ’’ ഒന്നിനും കഴിയില്ല (റോമർ 8:38-39).

ദൈവത്തിന്റെ സത്യം നുണയെക്കാൾ ശക്തമാണ്. നാം യേശുവിന്റെ കല്പനകളെ അവന്റെ ശക്തിയാൽ അനുസരിക്കുന്നുവെങ്കിൽ, നാം “സത്യം അറിയുകയും’’ അസത്യത്തെ തള്ളിക്കളയുകയും “സത്യം നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും’’ (യോഹന്നാൻ 8:31-32).