2022 ജൂലൈ 12-ന്, പുതിയ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽനിന്നുള്ള, അഗാധമായ ബഹിരാകാശത്തിന്റെ ആദ്യ ചിത്രങ്ങൾക്കായി ശാസ്ത്രജ്ഞർ കാത്തിരുന്നു. അത്യാധുനിക ദൂരദർശിനിക്ക് മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്തതിലും കൂടുതൽ ആഴത്തിൽ പ്രപഞ്ചത്തിലേക്ക് നോക്കാൻ കഴിയും. പെട്ടെന്ന് ഒരു ചിത്രം സ്ക്രീനിൽ തെളിഞ്ഞു: കരീന നെബുലയുടെ ഒരു വർണ്ണ സ്പേസ്-സ്കേപ്പ് ചിത്രം. ഇതുപോലെയൊന്ന്് മുമ്പൊരിക്കലും കണ്ടിട്ടില്ല. നാസയുടെ ഒരു ജ്യോതിശാസ്ത്രജ്ഞൻ കാൾ സാഗൻ എന്ന പ്രശസ്ത നിരീശ്വരവാദിയെ ഉദ്ധരിച്ചു: “എവിടെയോ, അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു.’’
ചിലപ്പോൾ ആളുകൾക്ക് ദൈവത്തിന്റെ കണ്ണിൽ തന്നെ നോക്കുമ്പോഴും അവനെ കാണാതെയിരിക്കാം. എന്നാൽ സങ്കീർത്തനക്കാരനായ ദാവീദ് ആകാശത്തേക്ക് നോക്കുകയും താൻ കാണുന്നതെന്താണെന്ന് കൃത്യമായി അറിയുകയും ചെയ്തു: “നീ ആകാശത്തിൽ നിന്റെ തേജസ്സ് വെച്ചിരിക്കുന്നു’’ (സങ്കീർത്തനം 8:1). “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’ എന്ന് സാഗൻ പറഞ്ഞത് ശരിയാണ്. പക്ഷേ ദാവീദ് വ്യക്തമായി മനസ്സിലാക്കിയ കാര്യം അംഗീകരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?’’ (വാ. 3-4).
അഗാധമായ ബഹിരാകാശത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ ആശ്ചര്യപ്പെടുന്നത് സാങ്കേതികതയുടെ മികവു കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ കരകൗശലത്തിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണ്. സൃഷ്ടിയുടെ വിശാലതയിൽ ദൈവം നമ്മെ ‘[തന്റെ] കൈകളുടെ പ്രവൃത്തികൾക്ക് അധിപതിയാക്കി’ (വാക്യം 6). ആയതിനാൽ നാം ആശ്ചര്യപ്പെടുന്നു. തീർച്ചയായും “അവിശ്വസനീയമായ എന്തോ ഒന്ന് കാത്തിരിക്കുന്നു’’- അത് യേശു തന്നിൽ വിശ്വസിക്കുന്നവരെ തന്റെ അടുക്കൽ കൊണ്ടുവരാനായി കാത്തിരിക്കുന്ന ദൈവമാണ്. അതാണ് ഏറ്റവും ആശ്വാസകരമായ ചിത്രം.
ബഹിരാകാശത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് എന്ത് ചിന്തകളാണുണ്ടാകുന്നത്? അവയിൽ നിങ്ങൾ എങ്ങനെയാണ് ദൈവത്തെ കാണുന്നത്?
സ്രഷ്ടാവായ ദൈവമേ, ആകാശത്തിന്റെ മഹത്വത്തിലും അങ്ങയുടെ കരകൗശല സൗന്ദര്യത്തിലും ഞാൻ ആശ്ചര്യപ്പെടുന്നു. അങ്ങയുടെ അത്ഭുതകരമായ സൃഷ്ടിയുടെ മധ്യത്തിൽ എന്നെ പരിപാലിക്കുന്നതിന് നന്ദി!