“ഇന്റർനാഷണൽ ബുക്ക് എക്‌സ്‌പോയിൽ ഒരു ഓൺസൈറ്റ് റേഡിയോ പ്രക്ഷേപണം സംഘടിപ്പിക്കുക എന്നതാണ് നിങ്ങളുടെ ജോലി,’’ എന്ന് എന്റെ ബോസ് എന്നോട് പറഞ്ഞു. ഇത് എനിക്ക് പരിചിതമല്ലാത്ത മേഖലയായതിനാൽ എനിക്ക് ഭയം തോന്നി. ദൈവമേ, ഞാൻ ഇതുപോലെ ഒന്നും ചെയ്തിട്ടില്ല, എന്നെ സഹായിക്കണമേ, ഞാൻ പ്രാർത്ഥിച്ചു. 

എന്നെ നയിക്കാൻ ദൈവം വിഭവങ്ങളും ആളുകളെയും നൽകി: പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരും പ്രക്ഷേപകരും ഒപ്പം എക്‌സ്‌പോ സമയത്ത് ഞാൻ ശ്രദ്ധിക്കാതെ പോയ വിശദാംശങ്ങൾ ഓർമ്മപ്പെടുത്താൻ വ്യക്തികളെയും ദൈവം നൽകി. പിന്നിലേക്ക് നോക്കുമ്പോൾ, സംപ്രേക്ഷണം നന്നായി നടന്നുവെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്താണ് വേണ്ടതെന്ന് അവന് അറിയാമായിരുന്നു, അവൻ എനിക്ക് ഇതിനകം തന്നിട്ടുള്ള കഴിവുകൾ ഉപയോഗിക്കാൻ എന്നെ സഹായിച്ചു.

ദൈവം നമ്മെ ഒരു ജോലിക്ക് വിളിക്കുമ്പോൾ അതിനായി നമ്മെ സജ്ജരാക്കുന്നു. അവൻ സമാഗമനകൂടാരത്തിൽ വേല ചെയ്യാൻ ബെസലേലിനെ ഏൽപ്പിച്ചപ്പോൾ, ബെസലേൽ ഇതിനകം തന്നെ ഒരു വിദഗ്ധ ശില്പിയായിരുന്നു. ദൈവം അവനെ തന്റെ ആത്മാവിനാലും ജ്ഞാനം, വിവേകം, അറിവ്, എല്ലാത്തരം കഴിവുകൾ എന്നിവയാലും നിറച്ചുകൊണ്ട് അവനെ കൂടുതൽ സജ്ജനാക്കി (പുറപ്പാട് 31:3). ദൈവം അവനു ഒഹോലിയാബ് എന്ന ഒരു സഹായിയെയും വിദഗ്ധ തൊഴിലാളികളെയും നൽകി (വാക്യം 6). അവന്റെ വൈദഗ്ധ്യത്തോടെ, സംഘം സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും പുരോഹിതന്മാരുടെ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. യിസ്രായേല്യരുടെ ശരിയായ ദൈവാരാധനയിൽ ഇവ പ്രധാന പങ്കുവഹിച്ചു (വാ. 7-11).

ബെസലേൽ എന്ന വാക്കിനർത്ഥം “ദൈവത്തിന്റെ നിഴലിൽ’’ എന്നാണ്. ദൈവത്തിന്റെ സംരക്ഷണത്തിനും ശക്തിക്കും കരുതലിനും കീഴിൽ കരകൗശലക്കാരൻ ആജീവനാന്ത പദ്ധതിയിൽ പ്രവർത്തിച്ചു. നാം പൂർത്തിയാക്കേണ്ട ഒരു ദൗത്യം നിർവഹിക്കുമ്പോൾ നമുക്ക് ധൈര്യത്തോടെ അവന്റെ നിർദ്ദേശം അനുസരിക്കാം. നമുക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ, എപ്പോൾ നൽകണമെന്നും അവനറിയാം.