ഞങ്ങളുടെ കുടുംബം താമസിച്ചിരുന്ന ഒറിഗൺ പട്ടണം വിട്ട് ഞങ്ങൾ പോന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ സ്ഥലത്തെക്കുറിച്ച് ഞങ്ങൾക്ക് മികച്ച ഓർമ്മകളാണുള്ളത്. സമീപകാലത്ത് അവിടേയ്ക്കുള്ള ഒരു സന്ദർശനം, ഞാൻ മറന്നുപോയ പല കാര്യങ്ങളെയും ഓർമ്മിപ്പിച്ചു: ഞങ്ങളുടെ പെൺകുട്ടികളുടെ സോക്കർ ഗെയിമുകൾ, ഞങ്ങളുടെ പഴയ വീട്, സഭാ ഒത്തുചേരലുകൾ, ഞങ്ങളുടെ സുഹൃത്തുക്കളുടെ മെക്സിക്കൻ റെസ്റ്റോറന്റ്. നഗരം മാറിയിരുന്നു, പക്ഷേ ഒരു സന്ദർശനത്തിനായി മടങ്ങിവരാനുള്ള എന്റെ ആഗ്രഹം ഉണർത്താൻ മതിയായ പരിചിത കാര്യങ്ങൾ അവിടെ ശേഷിച്ചിരുന്നു.
യിസ്രായേല്യർ ബാബേൽ പ്രവാസത്തിലേക്കു പോയപ്പോൾ, ആളുകളെയും സ്ഥലങ്ങളെയും സംസ്കാരത്തെയും കുറിച്ചുള്ള പരിചയം അവർക്ക് നഷ്ടമായി. ദൈവത്തിനെതിരെ മത്സരിച്ചതിന് തങ്ങളെ നാടുകടത്തിയ കാര്യം അവർ മറന്നു. രണ്ട് വർഷത്തിനുള്ളിൽ അവർ നാട്ടിലേക്ക് മടങ്ങുമെന്ന് കള്ളപ്രവാചകന്മാർ പ്രവാസികളോട് പറഞ്ഞപ്പോൾ (യിരെമ്യാവ് 28:2-4; 29:8-9), അത് സ്വീകരിക്കാൻ തയ്യാറായ ചിലരുണ്ടായിരുന്നു. താമസിയാതെ നാട്ടിലേക്ക് മടങ്ങുമെന്ന് വാഗ്ദാനം ചെയ്ത കള്ളപ്രവാചകന്മാരുടെ വശ്യമായ വാക്കുകൾ കേൾക്കുക എളുപ്പമായിരുന്നു.
ഈ ഭൂതകാലത്തിന്റെ കച്ചവടക്കാരോടും അവരുടെ വ്യാജ വാഗ്ദാനങ്ങളോടും ദൈവം ദയ കാണിച്ചില്ല. “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു,’’ അവൻ പറഞ്ഞു (29:8). അവന് തന്റെ ജനത്തിനായി പദ്ധതികൾ ഉണ്ടായിരുന്നു, അവർ “പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ’’ (വാക്യം 11) ആയിരുന്നു അവ. സാഹചര്യം വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതും പുതിയതുമായിരുന്നു, പക്ഷേ ദൈവം അവരോടൊപ്പമുണ്ടായിരുന്നു. “നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും,’’ അവൻ അവരോട് പറഞ്ഞു (വാക്യം 13). ദൈവം അവരെ “ശേഖരിച്ചു … വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും’’ (വാക്യം 14), എന്നാൽ അത് അവന്റെ സമയത്താണ് ചെയ്യുന്നത്.
ഗൃഹാതുരത്വം മനസ്സിനെ കെണിയിൽപ്പെടുത്തും, അതു പഴയ കാര്യങ്ങളെ കൊതിപ്പിക്കും. ദൈവം വർത്തമാനകാലത്തിൽ ചെയ്യുന്നത് കാണാതെ പോകരുത്. അവൻ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുക തന്നെ ചെയ്യും.
ഇന്ന് നിങ്ങൾ എന്ത് ബുദ്ധിമുട്ടാണ് നേരിടുന്നത്? ദൈവം എങ്ങനെയാണ് വിശ്വസ്തനാണെന്ന് കാണിക്കുന്നത്?
പിതാവേ, ഞാൻ ഭൂതകാലത്തിനായി കാത്തിരിക്കാതെ വർത്തമാനകാലത്ത് അങ്ങയെ അന്വേഷിക്കട്ടെ.