എത്യോപ്യയിലേക്കുള്ള ഒരു ഹ്രസ്വകാല മിഷനറി യാത്രയ്ക്കിടെ, ഞങ്ങളുടെ ടീം ഒരു പ്രാദേശിക മിനിസ്ട്രിയിൽ നിന്നുള്ള മറ്റൊരു ടീമിനൊപ്പം ചേർന്നു പ്രവർത്തിക്കുകയുണ്ടായി. കഠിനമായ സാഹചര്യങ്ങളിൽകൂടി കടന്നുപോകുന്നവരും അക്ഷരാർത്ഥത്തിൽ ആക്രിക്കൂമ്പാരത്തിനടുത്തു താമസിക്കുന്നവരുമായ ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്കാണ് ഞങ്ങൾ പോയത്. അവരെ കണ്ടുമുട്ടിയത് വളരെ സന്തോഷകരമായിരുന്നു! ഞങ്ങൾ ഒരുമിച്ച് സാക്ഷ്യങ്ങളും പ്രോത്സാഹജനകമായ വാക്കുകളും പ്രാർത്ഥനകളും പങ്കുവെച്ചു. അന്നത്തെ സായാഹ്നത്തിൽ ഞാനനുഭവിച്ച പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്ന്, ഒരു പ്രാദേശിക ടീമംഗം ഗിറ്റാർ വായിക്കുകയും ഞങ്ങളുടെ പുതിയ സുഹൃത്തുക്കളോടൊപ്പം പ്രകാശമാനമായ ചന്ദ്രനു കീഴിൽ ആരാധന നടത്തുകയും ചെയ്ത സമയങ്ങളായിരുന്നു. എന്തൊരു പവിത്ര നിമിഷങ്ങളായിരുന്നു അത്! അവരുടെ നിരാശാജനകമായ സാഹചര്യത്തിനു നടുവിലും ഈ മനുഷ്യർക്ക് യേശുവിൽ മാത്രം കണ്ടെത്താൻ കഴിയുന്ന പ്രത്യാശയും സന്തോഷവും അനുഭവവേദ്യമായിരുന്നു.

അപ്പൊസ്തല പ്രവൃത്തികൾ 16-ൽ, മറ്റൊരു അപ്രതീക്ഷിത ആരാധനാ സമയത്തെക്കുറിച്ച് നാം വായിക്കുന്നു. ഫിലിപ്പി പട്ടണത്തിലെ ഒരു ജയിലിലാണ് ഇത് സംഭവിച്ചത്. പൗലൊസും ശീലാസും യേശുവിനെ സേവിക്കുന്നതിനിടയിൽ അറസ്റ്റുചെയ്യപ്പെട്ടു. അധികാരികൾ അവരെ അടിക്കുകയും മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ നിരാശയ്ക്കു വഴങ്ങുന്നതിനു പകരം അവർ തങ്ങളുടെ ജയിൽ മുറിയിൽ ‘പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.’ “പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു’’ (വാ. 25-26).

ജയിലർ ആദ്യം ചിന്തിച്ചത് തന്റെ ജീവിതം അവസാനിപ്പിക്കാനായിരുന്നു. എന്നാൽ തടവുകാർ രക്ഷപ്പെട്ടില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അവൻ ദൈവത്തെ ഭയപ്പെട്ടു, അവന്റെ കുടുംബത്തിന് രക്ഷ കൈവന്നു (വാ. 27-34).

നാം അവനെ സ്തുതിക്കുന്നത് കേൾക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചയിലും നമുക്ക് അവനെ ആരാധിക്കാം.