എന്റെ സഭാ നേതാവായ ഹാരോൾഡിന്റെയും ഭാര്യ പാമിന്റെയും അത്താഴത്തിനുള്ള ക്ഷണം എന്റെ ഹൃദയത്തെ കുളിരണിയിച്ചു, ഒപ്പം അതെന്നെ അസ്വസ്ഥനുമാക്കി. ബൈബിളിലെ ചില പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്ന ഒരു കോളേജ് ബൈബിൾ പഠന ഗ്രൂപ്പിൽ ഞാൻ ചേർന്നിരുന്നു. അതിനെക്കുറിച്ച് അവർ എന്നോട് ചോദിച്ചാലോ?
പിസ്സ കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അവർ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പങ്കുവെക്കുകയും എന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഞാൻ ഹോംവർക്കിനെക്കുറിച്ചും എന്റെ നായയെക്കുറിച്ചും എനിക്ക് ഇഷ്ടപ്പെട്ട ആളെക്കുറിച്ചും സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേട്ടു. പിന്നീട് മാത്രമാണ് ഞാൻ പങ്കെടുക്കുന്ന ഗ്രൂപ്പിനെക്കുറിച്ച് അവർ എന്നോട് സൗമ്യമായി മുന്നറിയിപ്പ് നൽകുകയും അതിന്റെ പഠിപ്പിക്കലുകളിൽ എന്താണ് തെറ്റ് എന്ന് വിശദീകരിക്കുകയും ചെയ്തത്.
അവരുടെ മുന്നറിയിപ്പ്, ബൈബിൾ പഠനത്തിലൂടെ അവതരിപ്പിച്ച നുണകളിൽ നിന്ന് എന്നെ അകറ്റുകയും തിരുവെഴുത്തുകളുടെ സത്യങ്ങളോട് അടുപ്പിക്കുകയും ചെയ്തു. തന്റെ ലേഖനത്തിൽ, യൂദാ വ്യാജ ഉപദേശകരെക്കുറിച്ച് ശക്തമായ ഭാഷ ഉപയോഗിക്കുകയും, “വിശ്വാസത്തിനായി പോരാടാൻ’’ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു (യൂദാ 1:3). അന്ത്യകാലത്ത് പരിഹാസികളുണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു: “അവർ ഭിന്നത ഉണ്ടാക്കുന്നവർ … പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ’’ ആണ് (വാ. 18-19). എന്നിരുന്നാലും, “സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ’’ (വാക്യം 22) എന്നു യൂദാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു – അവരോടൊപ്പം ചേർന്നുകൊണ്ടും സത്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും അനുകമ്പ കാണിക്കണം.
എന്റെ വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നില്ലെന്ന് ഹരോൾഡിനും പാമിനും അറിയാമായിരുന്നു, പക്ഷേ എന്നെ വിധിക്കുന്നതിനുപകരം അവർ ആദ്യം അവരുടെ സൗഹൃദവും പിന്നീട് അവരുടെ ജ്ഞാനവും വാഗ്ദാനം ചെയ്തു. സംശയമുള്ളവരോട് ഇടപഴകുമ്പോൾ ജ്ഞാനവും അനുകമ്പയും ഉപയോഗിക്കുന്നതിനായി ഇതേ സ്‌നേഹവും ക്ഷമയും ദൈവം നമുക്ക് നൽകട്ടെ.
തങ്ങളുടെ വിശ്വാസത്തോടുള്ള ബന്ധത്തിൽ വെല്ലുവിളി നേരിടുന്ന ആരെയാണ് നിങ്ങൾക്ക് സമീപിക്കാൻ കഴിയുക? തിരുവെഴുത്തുകളിലെ സത്യങ്ങളിലേക്ക് അവരെ സ്നേഹപൂർവം നയിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പിതാവേ, തെറ്റായ പഠിപ്പിക്കലുകളാൽ ബാധിക്കപ്പെടുന്നവരെ സഹായിക്കാൻ എനിക്ക് അങ്ങയുടെ ജ്ഞാനവും മാർഗ്ഗനിർദേശവും ആവശ്യമാണ്. അവരോടു പറയാനുള്ള വാക്കുകൾ എനിക്കു തരണമേ.