Month: ജൂൺ 2024

പുതിയതും ഉറപ്പുള്ളതും

മൂന്ന് വർഷമായി, വീട്ടാവശ്യങ്ങൾക്കല്ലാതെ, സൂസൻ തനിക്കായി ഒന്നും വാങ്ങിയില്ല. കോവിഡ്-19 മഹാമാരി എന്റെ സുഹൃത്തിന്റെ വരുമാനത്തെ ബാധിച്ചു, അവൾ ലളിതമായ ഒരു ജീവിതശൈലി സ്വീകരിച്ചു. അവൾ പറഞ്ഞു, “ഒരു ദിവസം, എന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതിനിടയിൽ, എന്റെ സാധനങ്ങൾ എത്ര മോശവും നിറം  മങ്ങിയതുമാണെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് എനിക്ക് പുതിയ സാധനങ്ങൾ ഒന്നും ഇല്ലാത്തതിന്റെ സങ്കടം തുടങ്ങിയത്. പുതിയ സാധനങ്ങൾ കിട്ടുമ്പോഴുള്ള സന്തോഷവും ആവേശവും ഇല്ലാതെയായി. എന്റെ ചുറ്റുമുള്ളതെല്ലാം പഴകിയതും, ശോഭയില്ലാത്തതുമായി തോന്നി. പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി.”

അപ്രതീക്ഷിതമായി ബൈബിളിലെ ഒരു പുസ്തകത്തിൽ സൂസൻ പ്രോത്സാഹനം കണ്ടെത്തി. യെരൂശലേം ബാബിലോണിന്റെ കീഴിലായതിനുശേഷം യിരെമ്യാവ് എഴുതിയ 'വിലാപങ്ങൾ' പ്രവാചകനും ജനങ്ങളും അനുഭവിച്ച ദുഃഖത്തിന്റെ ഭീകരത വിവരിക്കുന്നു. എന്നിരുന്നാലും, ദുഃഖത്തിന്റെയും നിരാശയുടെയും നടുവിൽ പ്രത്യാശയ്ക്ക് ഒരു കാരണമുണ്ട്—ദൈവസ്നേഹം. യിരെമ്യാവ്‌ പറഞ്ഞു, "അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു." (വിലാ. 3:22-23).

ദൈവത്തിന്റെ അഗാധമായ സ്‌നേഹം ഓരോ ദിവസവും പുതുതായി കടന്നുവരുന്നു എന്ന് സൂസൻ 

മനസ്സിലാക്കി. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ, നമുക്ക് അവന്റെ വിശ്വസ്തതയെയും കരുതലിനെയും ഓർത്തുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ  കഴിയും. നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാം (വാ. 24-25). നമ്മുടെ പ്രത്യാശ ഒരിക്കലും വ്യർഥമാകുകയില്ല, കാരണം, അത് അവന്റെ അചഞ്ചലമായ സ്നേഹത്തിലും അനുകമ്പയിലും അടിസ്ഥാനപ്പെട്ടതാണ്.

"ദൈവസ്നേഹം ഓരോ ദിവസവും 'പുതിയതാണ്,’ എനിക്ക് പ്രതീക്ഷയോടെ മുന്നോട്ട് നോക്കാം,"

സൂസൻ പറയുന്നു.

 

സ്വാതന്ത്ര്യത്തിന്റെ ദൈവം

പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ആളുകളെ രണ്ടരവർഷം മുമ്പ് മോചിപ്പിക്കുകയും, അതിനെ എതിർത്തവർ കീഴടങ്ങുകയും ചെയ്തിരുന്നു എങ്കിലും അടിമകൾക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യം ടെക്സസ് സംസ്ഥാനം അംഗീകരിച്ചില്ല. എന്നാൽ, 1865 ജൂൺ 19-ന്, ഗോർഡൻ ഗ്രാൻജർ എന്ന ആർമി ജനറൽ, ടെക്സാസിലെ ഒരു പട്ടണത്തിലേക്ക് കയറി, അടിമകളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിലങ്ങുകൾ അഴിഞ്ഞുവീഴുകയും, അടിമത്തത്തിൽ കഴിയുന്നവർ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കേൾക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഞെട്ടലും സന്തോഷവും ഒന്ന് സങ്കൽപ്പിക്കുക.

ദൈവം അടിച്ചമർത്തപ്പെട്ടവരെ കാണുന്നു, അനീതിയുടെ നുകത്തിന് കീഴിലുള്ളവർക്ക് അവൻ ആത്യന്തികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കും. മോശയുടെ നാളിൽ സത്യമായിരുന്നതുപോലെ ഇപ്പോഴും ഇതു സത്യമാണ്. കത്തുന്ന മുൾപടർപ്പിൽ നിന്ന് ഒരു അടിയന്തിര സന്ദേശവുമായി ദൈവം അവനു പ്രത്യക്ഷപ്പെട്ടു: "മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു;" (പുറപ്പാട് 3:7). യിസ്രായേലിനെതിരെയുള്ള ഈജിപ്തിന്റെ ക്രൂരത ദൈവം കണ്ടു എന്നു മാത്രമല്ല, അത് പരിഹരിക്കാൻ അവൻ പദ്ധതിയിടുകയും ചെയ്തു. ദൈവം പ്രഖ്യാപിച്ചു, “അവരെ... വിടുവിപ്പാനും ... നല്ലതും വിശാലവുമായ ദേശത്തേക്കു, ... അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു” (വാക്യം 8). യിസ്രായേൽ ജനത്തെ വിടുവിക്കാൻ ദൈവം ആഗ്രഹിച്ചു, മോശെ അവന്റെ  പ്രതിനിധിയായിരിക്കും. ദൈവം തന്റെ ദാസനോട് പറഞ്ഞു, "നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും" (വാക്യം 10).

നാം പ്രതീക്ഷിക്കുന്നത്ര വേഗത്തിൽ ആയിരിക്കുകയില്ല ദൈവം പ്രവർത്തിക്കുന്നത്. എങ്കിലും, ഒരു ദിവസം അവൻ നമ്മെ എല്ലാ അടിമത്തത്തിൽ നിന്നും അനീതിയിൽ നിന്നും മോചിപ്പിക്കും. അടിച്ചമർത്തപ്പെട്ട എല്ലാവർക്കും അവൻ പ്രത്യാശയും വിമോചനവും നൽകുന്നു.

 

ഏകാകികളുടെ സുഹൃത്ത്

ജോലിക്കായി ലണ്ടനിലേക്ക് താമസം മാറിയപ്പോൾ ഹോളി കൂക്കിന് ഒരു സുഹൃത്തും ഉണ്ടായിരുന്നില്ല. അവളുടെ വാരാന്ത്യങ്ങൾ ദയനീയമായിരുന്നു. ഒരു ആഗോള സർവേ പ്രകാരം, വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലണ്ടൻ നഗരം—55 ശതമാനം നഗരവാസികൾ. എന്നാൽ, അയൽരാജ്യമായ പോർച്ചുഗലിലെ ലിസ്ബണിൽ വെറും 10 ശതമാനം ആളുകൾ മാത്രമാണ് ഈ അവസ്ഥയിൽ കഴിയുന്നവർ.

സാമൂഹ്യ ബന്ധത്തിനായി, ഹോളി അവളുടെ ഭയത്തെ തോൽപ്പിച്ചുകൊണ്ട് ‘ലണ്ടൻ ലോൺലി ഗേൾസ് ക്ലബ്’ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് രൂപീകരിച്ചു. അതിൽ ഏതാണ്ട് മുപ്പത്തയ്യായിരം പേർ ചേർന്നു. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ ചെറിയ കൂട്ടങ്ങളായി അവർ അനൗപചാരികമായി കൂടിച്ചേർന്ന് പാർക്ക് പിക്‌നിക്കുകൾ, കലാ പാഠങ്ങൾ, ജ്വല്ലറി വർക്ക്‌ഷോപ്പുകൾ, അത്താഴങ്ങൾ, കൂടാതെ നായ്ക്കുട്ടികളുമൊത്തുള്ള ഔട്ട്‌ഡോർ വ്യായാമ പരിപാടികൾ എന്നിവ നടത്തുന്നു.

ഏകാന്തത ഒരു പുതിയ പ്രശ്നമല്ല, നമ്മുടെ ഏകാന്തതയുടെ വേദന ശമിപ്പിക്കുന്ന വൈദ്യനും പുതിയവനല്ല. ദാവീദ് എഴുതി, നമ്മുടെ നിത്യനായ ദൈവം, “ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; ” (സങ്കീർത്തനം 68:6). ക്രിസ്തുവിന്റെ സ്വഭാവമുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുവാൻ ദൈവത്തോട് അപേക്ഷിക്കുന്നത് ഒരു വിശുദ്ധ പദവിയാണ്. അതുകൊണ്ട് നമുക്ക് ധൈര്യത്തോടെ അതിനു വേണ്ടി അപേക്ഷിക്കാം. ദാവീദ് പറഞ്ഞു, "ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു" (വാക്യം 5). "നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ" (വാക്യം 19).

യേശുവിൽ നമുക്ക് എത്ര നല്ല സ്നേഹിതനാണ് ഉള്ളത്! ഓരോ നിമിഷവും തന്റെ മഹനീയമായ സാന്നിധ്യം നൽകുകയും, അതോടൊപ്പം നിത്യകാലത്തേക്കുള്ള സുഹൃത്തുക്കളെ നമുക്ക് നൽകുകയും ചെയ്യുന്നു. ഹോളി പറയുന്നത് പോലെ, "സുഹുത്തുക്കളോടൊപ്പമുള്ള സമയം ആത്മാവിന് നല്ലതാണ്."

 

ഉദാരമായ വിശ്വാസം

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, രാഷ്ട്രീയ നേതൃത്വത്തിലെ പ്രക്ഷുബ്ധമായ മാറ്റത്തെത്തുടർന്ന് തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങളുടെ സഭക്ക് അവസരം ലഭിച്ചു. ഒരു ചെറിയ ബാഗിൽ ഒതുക്കാവുന്ന സാധനങ്ങൾ മാത്രം കൊണ്ടാണ് എല്ലാ കുടുംബങ്ങളും എത്തിയത്. ഞങ്ങളുടെ സഭയിലെ കുടുംബങ്ങളിൽ പലതും തങ്ങളുടെ വീടുകൾ തുറന്നു കൊടുത്തു, ചില വീടുകളിൽ സ്ഥലം തീരെ കുറവായിരുന്നു എങ്കിൽ പോലും.

ഈ ഉദാരമായ ആതിഥ്യം, വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോൾ യിസ്രായേല്യർക്ക് ലഭിച്ച ദൈവത്തിന്റെ ത്രിമുഖ കൽപ്പനയെ ഓർമ്മിപ്പിക്കുന്നു (ആവർത്തനം 24:19-21). ഒരു കാർഷിക സമൂഹം എന്ന നിലയിൽ അവർ വിളവെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അടുത്ത വർഷം വരെ ജീവിക്കുവാൻ അവർക്ക് കാർഷിക ഉൽപ്പന്നങ്ങൾ അത്യാവശ്യമായിരുന്നു. "അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ." (വാക്യം 19) എന്ന കൽപ്പന അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കാനുള്ള ഒരു അഭ്യർത്ഥനയായി മാറുന്നു. യിസ്രായേല്യർ ഔദാര്യം കാണിക്കേണ്ടത് തങ്ങൾക്ക് സമൃദ്ധിയുള്ളപ്പോൾ മാത്രമല്ല, ദൈവത്തിന്റെ കരുതലിൽ ആശ്രയിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് കൊടുക്കുന്നതിലൂടെയും ആണ്.

അത്തരം ആതിഥ്യം "[അവർ] ഈജിപ്തിൽ അടിമകളായിരുന്നു" എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു (വാ. 18, 22). അവർ ഒരിക്കൽ അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായിരുന്നു. അവർ ഔദാര്യം കാണിക്കുന്നതിലൂടെ, അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ദൈവത്തിന്റെ കൃപ അവർ ഓർക്കുന്നു.

അതുപോലെ, യേശുവിൽ വിശ്വസിക്കുന്നവരും  ഉദാരമനസ്കരായിരിക്കണമെന്ന് വേദപുസ്തകം ഉദ്ബോധിപ്പിക്കുന്നു. പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു, "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു ..." (2 കൊരിന്ത്യർ 8:9). അവൻ നമുക്ക് തന്നതിനാൽ നാമും നൽകുന്നു.

 

സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷ

സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളർന്നുപോയ ആളുകൾക്ക് ശുഭപ്രതീക്ഷ നൽകിക്കൊണ്ട് ജർമ്മൻ ഗവേഷകർ പേശികൾക്കും തലച്ചോറിനുമിടയിലുള്ള നാഡീവ്യൂഹത്തെ വീണ്ടും ബന്ധിപ്പിക്കുന്നതിന് നാഡീ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. തളർവാതം ബാധിച്ച എലികൾക്ക് വീണ്ടും നടക്കാൻ ഈ ചികിത്സാരീതി സഹായിച്ചു. ഈ ചികിത്സ മനുഷ്യർക്ക് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ പരിശോധന തുടരും.

പക്ഷാഘാതം ബാധിച്ചവർക്കു വേണ്ടി ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്ന കാര്യം, യേശു അത്ഭുതങ്ങളിലൂടെ ചെയ്തു. രോഗബാധിതർ പലരും സൗഖ്യം പ്രതീക്ഷിച്ച് കിടന്നിരുന്ന ബേഥെസ്ദായിലെ കുളം സന്ദർശിച്ചപ്പോൾ, "മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന" (യോഹന്നാൻ 5:5) ഒരു മനുഷ്യനെ യേശു കണ്ടു. ആ മനുഷ്യൻ തീർച്ചയായും സുഖപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, എഴുന്നേറ്റു നടക്കാൻ ക്രിസ്തു അവനോട് പറഞ്ഞു. “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു” (വാക്യം 9).

നമ്മുടെ എല്ലാ ശാരീരിക രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. അന്ന് യേശു സൗഖ്യമാക്കാത്ത മറ്റു ചിലരും കുളക്കരയിൽ ഉണ്ടായിരുന്നല്ലോ. എന്നാൽ അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ നൽകുന്ന സൗഖ്യം അനുഭവിക്കാൻ കഴിയും—നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും, കയ്പ്പിൽ നിന്ന് കൃപയിലേക്കും, വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമിക്കാനുള്ള സന്നദ്ധതയിലേക്കും. ഒരു ശാസ്ത്രീയ കണ്ടുപിടുത്തത്തിനും (അല്ലെങ്കിൽ, കുളത്തിനും) നമുക്ക് അത്തരം രോഗശാന്തി നൽകാൻ കഴിയില്ല; അതു വിശ്വാസത്താൽ മാത്രം വരുന്നു.