സിംഗപ്പൂരിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖല ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കുന്നതിനായി, ഗുണനിലവാരം അല്പം മാത്രം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ വലിച്ചെറിയുമായിരുന്ന 850 ടണ്ണിലധികം (778,000 കിലോഗ്രാം) ഉൽപ്പന്നങ്ങൾ ഒരു വർഷത്തിനുള്ളിൽ ഈ സംരംഭം ലാഭിച്ചു. ബാഹ്യരൂപത്തിലുള്ള പാടുകളും വിചിത്രമായ രൂപങ്ങളും രുചിയെയോ പോഷകമൂല്യത്തെയോ ബാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അധികം താമസിയാതെ മനസ്സിലാക്കി. പുറമെയുള്ളത് എല്ലായ്പ്പോഴും ഉള്ളിലുള്ളതിനെ നിർണ്ണയിക്കാൻ ഉതകുന്നില്ല. 

യിസ്രായേലിന്റെ അടുത്ത രാജാവിനെ അഭിഷേകം ചെയ്യാനായി ദൈവം അയച്ചപ്പോൾ ശമൂവേൽ പ്രവാചകനും സമാനമായ ഒരു പാഠം പഠിച്ചു (1 ശമൂവേൽ 16:1). യിശ്ശായിയുടെ ആദ്യജാതനായ എലീയാബിനെ കണ്ടപ്പോൾ, അവനാണു തിരഞ്ഞെടുക്കപ്പെട്ടവനെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം പറഞ്ഞു: “അവന്റെ മുഖമോ പൊക്കമോ നോക്കരുതു… മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” (വാ. 7). യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ, തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കുന്ന ഏറ്റവും ഇളയവനായ ദാവീദിനെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്തു (വാക്യം 11).

നാം പഠിച്ച സ്കൂൾ, എന്തുമാത്രം നാം സമ്പാദിക്കുന്നു, നാം എത്രമാത്രം സ്വമേധയാ ശുശ്രൂഷകളിൽ ഏർപ്പെടുന്നു തുടങ്ങിയ ബാഹ്യമായ യോഗ്യതകളെക്കാൾ നമ്മുടെ ഹൃദയങ്ങളെയാണ് ദൈവം കൂടുതൽ ശ്രദ്ധിക്കുന്നത്. “മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു” (മർക്കൊസ് 7:20) എന്നതിനാൽ സ്വാർത്ഥവും ദുഷിച്ചതുമായ ചിന്തകളിൽ നിന്നു തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ബാഹ്യരൂപങ്ങളെ പരിഗണിക്കരുതെന്നു ശമൂവേൽ പഠിച്ചതുപോലെ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സഹായത്തോടുകൂടി നമ്മുടെ ഹൃദയങ്ങളെ — നമ്മുടെ ചിന്തകളേയും ഉദ്ദേശ്യങ്ങളേയും — പരിശോധിക്കാം.