എൺപത്തിയൊന്നാം വയസ്സിൽ എൺപതു ദിവസം കൊണ്ടു ലോകം ചുറ്റി ഒരു യാത്ര പൂർത്തിയാക്കിയതിനു ടെക്സാസിൽ നിന്നുള്ള രണ്ടു മുത്തശ്ശിമാർ അടുത്തിടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇരുപത്തിമൂന്ന് വർഷമായി ഉറ്റ ചങ്ങാതിമാരായ ഇവർ ഏഴ് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. അവർ അന്റാർട്ടിക്കയിൽ തുടങ്ങി, അർജന്റീനയിൽ ടാംഗോ കളിച്ച്, ഈജിപ്തിൽ ഒട്ടകപ്പുറത്ത് കയറി, ഉത്തരധ്രുവത്തിൽ ഒരു ഹിമവണ്ടിയിൽ യാത്ര നടത്തി. സാംബിയ, ഇന്ത്യ, നേപ്പാൾ, ബാലി, ജപ്പാൻ, റോം തുടങ്ങി പതിനെട്ടു രാജ്യങ്ങൾ സന്ദർശിച്ച അവർ ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിച്ചു. ഭാവിതലമുറയെ തങ്ങളുടെ പ്രായം കണക്കിലെടുക്കാതെ ലോകം ചുറ്റിക്കറങ്ങാൻ തങ്ങൾ പ്രചോദിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.

പുറപ്പാടു പുസ്തകത്തിൽ, ജീവിതകാലത്ത് ഒരിക്കൽ മാത്രം ലഭിക്കുന്ന വ്യത്യസ്തമായ ഒരു സാഹസികതയ്ക്കായി ദൈവം തിരഞ്ഞെടുത്ത എൺപതുകളിലുള്ള രണ്ടു പേരെക്കുറിച്ചു നാം വായിക്കുന്നു. ഫറവോന്റെ അടുക്കൽ പോയി ദൈവജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെടാൻ ദൈവം മോശയെ വിളിച്ചു. പിന്തുണയ്ക്കായി ദൈവം മോശയുടെ മൂത്ത സഹോദരൻ അഹരോനെയും അയച്ചു. “അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു” (പുറപ്പാട് 7:7).

ഈ അഭ്യർത്ഥന ഏത് പ്രായത്തിലും ഭയങ്കരമായി തോന്നാം. എന്നാൽ ഈ കർത്തവ്യത്തിനായി ദൈവം ഈ സഹോദരങ്ങളെ തിരഞ്ഞെടുത്തു, അവർ അവന്റെ നിർദ്ദേശങ്ങൾ പാലിച്ചു. “അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു” (പുറപ്പാട് 7:10).

നാനൂറിലധികം വർഷത്തെ അടിമത്തത്തിൽ നിന്നു ദൈവം തന്റെ ജനത്തെ വിടുവിക്കുന്നതിനു സാക്ഷ്യം വഹിക്കാനുള്ള ബഹുമതി മോശയ്ക്കും അഹരോനും ലഭിച്ചു. ഏതു പ്രായത്തിലും അവനു നമ്മെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഈ മനുഷ്യർ തെളിയിക്കുന്നു. ചെറുപ്പക്കാരോ മുതിർന്നവരോ ആകട്ടെ, അവൻ നയിക്കുന്നിടങ്ങളിലേക്കു നമുക്ക് അവനെ അനുഗമിക്കാം.