എന്റെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഒരു മരത്തിൽ ഒരു ജോടി കഴുകന്മാർ അസാമാന്യ വലുപ്പമുള്ള ഒരു കൂടുണ്ടാക്കി. അധികം താമസിയാതെ, ഭീമാകാരമായ ആ പക്ഷികൾക്ക് കുഞ്ഞുങ്ങളുണ്ടായി. പ്രായപൂർത്തിയായ കഴുകന്മാരിൽ ഒന്നു ദാരുണമായി ഒരു കാറു കയറി മരിക്കുന്നതുവരെ അവ ഒരുമിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിച്ചു. ഒറ്റപ്പെട്ടുപോയ കഴുകൻ ദിവസങ്ങളോളം നഷ്ടപ്പെട്ട ഇണയെ തിരയുന്നതുപോലെ, അടുത്തുള്ള നദിയിലൂടെ മുകളിലേക്കും താഴേക്കും പറന്നു. ഒടുവിൽ, ആ കഴുകൻ കൂട്ടിലേക്ക് മടങ്ങി, സന്താനങ്ങളെ വളർത്തുന്നതിനുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു.
ഏത് സാഹചര്യത്തിലും, ഒറ്റയ്ക്കു കുഞ്ഞുങ്ങളെ വളർത്തുക എന്നതു വെല്ലുവിളി നിറഞ്ഞതാണ്. സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദവും ഒരു കുട്ടി കൊണ്ടുവരുന്ന ആനന്ദവും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും. എന്നാൽ ഈ സുപ്രധാന പങ്കു വഹിക്കുന്നവർക്കും, സംഭ്രമിപ്പിക്കും വിധമുള്ള സാഹചര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.
തളർച്ചയും അധൈര്യവും അനുഭവപ്പെടുന്ന സമയങ്ങളിൽ ദൈവം നമ്മോടൊപ്പമുണ്ട്. അവൻ എല്ലാറ്റിനും മേൽ അധികാരമുള്ള സർവ്വശക്തനും മാറ്റമില്ലാത്തവനും ആയതിനാൽ, അവന്റെ ശക്തി ഒരിക്കലും നഷ്ടപ്പെട്ടുപോകുന്നില്ല. വേദപുസ്തകം പറയുന്നതിൽ നമുക്ക് ആശ്രയിക്കാം: “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” (യെശയ്യാവു 40:31). നമ്മുടെ സ്വന്തം പരിധിയെ നേരിടുന്നത് നമുക്ക് എന്ത് സംഭവിക്കുമെന്നു നിർണ്ണയിക്കുന്നില്ല. കാരണം, അമാനുഷികമായി നമ്മുടെ ശക്തിയെ പുതുക്കാനായി നമുക്കു ദൈവത്തിൽ ആശ്രയിക്കാനാകും. അവനിൽ പ്രത്യാശിക്കുന്നത് നമ്മെ നടക്കാനും തളരാതിരിക്കാനും “കഴുകന്മാരെപ്പോലെ ചിറകു അടിച്ചു” (വാ. 31) കയറാനും നമ്മെ അനുവദിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ പരിഭ്രമിപ്പിക്കുന്നത് എന്താണ്? തന്റെ ശക്തിയിൽ ആശ്രയിക്കാൻ ദൈവം നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിച്ചേക്കാം?
സ്വർഗ്ഗസ്ഥനായ പ്രിയ പിതാവേ, എനിക്ക് ഈ ജീവിതം സ്വയം കൈകാര്യം ചെയ്യാൻ കഴിയില്ല. എനിക്ക് അങ്ങയുടെ സഹായം ആവശ്യമുണ്ട്. അങ്ങയുടെ അമാനുഷിക ശക്തി എനിക്ക് ഇന്ന് തരേണമേ.