2023 ഫെബ്രുവരി 5 ന്, തുർക്കിയിൽ നടന്ന ഒരു മത്സരത്തിൽ ക്രിസ്റ്റ്യൻ അറ്റ്സു തന്റെ ഫുട്ബോൾ (സോക്കർ) ടീമിന്റെ വിജയ ഗോൾ നേടി. ഒരു അന്താരാഷ്ട്ര താരമായ അദ്ദേഹം, തന്റെ ജന്മനാടായ ഘാനയിൽ നഗ്നപാദനായി ഓടുന്ന കുട്ടിക്കാലത്താണ് ഫുട്ട്ബോൾ കളിക്കാൻ പഠിച്ചത്. ക്രിസ്തുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ക്രിസ്റ്റ്യൻ: “എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം യേശുവാണ്” എന്നു അദ്ദേഹം പറയുകയുണ്ടായി. അറ്റ്സു സോഷ്യൽ മീഡിയയിൽ വേദപുസ്തക വാക്യങ്ങൾ പോസ്റ്റ് ചെയ്യുകയും തന്റെ വിശ്വാസത്തെക്കുറിച്ച് തുറന്നുപറയുകയും അനാഥർക്കുള്ള ഒരു സ്കൂളിനു ധനസഹായം നൽകിക്കൊണ്ട് തന്റെ വിശ്വാസം പ്രവർത്തിയിൽ വരുത്തുകയും ചെയ്തു.
തന്റെ വിജയഗോൾ നേടിയതിന്റെ പിറ്റേന്ന്, ഒരു കാലത്ത് വേദപുസ്തകത്തിലെ അന്ത്യൊക്ക്യ നഗരമായിരുന്ന അന്റാക്യ നഗരത്തെ ഒരു വിനാശകരമായ ഭൂകമ്പം തകർത്തു. ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണ്, അദ്ദേഹം തന്റെ രക്ഷകനടുത്തേക്കു യാത്രയായി.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ആദിമ സഭയുടെ ഉറവിടമായിരുന്നു അന്ത്യൊക്ക്യ: “ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി” (പ്രവൃത്തികൾ 11:26). “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” (വാ. 24) എന്ന് അറിയപ്പെട്ടിരുന്ന ബര്‍ന്നബാസ് എന്ന ഒരു അപ്പൊസ്തലൻ, വ്യക്തികളെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു: “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാക്യം 24).
ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ ജീവിതത്തിലേക്ക് നാം നോക്കുന്നത് അവനെ ഒരു വിഗ്രഹമാക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ ഉദാഹരണത്തിൽനിന്ന് ഒരു അവസരം കാണാനാണ്. നമ്മുടെ ജീവിതസാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവം നമ്മെ എപ്പോൾ അവന്റെ അടുക്കലേക്കു കൊണ്ടുപോകുമെന്നു നമുക്കറിയില്ല. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരെ കാണിക്കുന്നതിൽ നമുക്ക് എങ്ങനെ ഒരു ബര്‍ന്നബാസോ ക്രിസ്ത്യൻ അറ്റ്സുവോ ആകാൻ കഴിയുമെന്നു നാം സ്വയം ചോദിക്കുന്നതു നല്ലതാണ്. എല്ലാറ്റിലുമുപരി അതാണ് വിജയഗോൾ.
മറ്റുള്ളവർക്ക് ഒരു ബര്‍ന്നബാസ് ആകുക എന്നതിന്റെ അർത്ഥമെന്താണ്? യേശുവിനെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എന്തെല്ലാം അവസരങ്ങളുണ്ട്?
പ്രിയപ്പെട്ട ദൈവമേ, എന്റെ വിശ്വാസം പങ്കുവയ്ക്കാൻ അങ്ങ് എനിക്ക് അവസരങ്ങൾ നൽകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.