കുറ്റവാളിയെ പിടികൂടി കഴിഞ്ഞിട്ടു, ഇത്രയധികം ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും ഒരാളെ എന്തിനാണ് നിർദയമായി ആക്രമിച്ചതെന്ന് ഡിറ്റക്ടീവ് കുറ്റവാളിയോട് ചോദിച്ചു. പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു: “അവർ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു; ആരും ഒരിക്കലും ഒന്നും ചെയ്യില്ല.” ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമെങ്കിലും അത് അവഗണിക്കാൻ തീരുമാനിക്കുന്ന, “കുറ്റകരമായ അറിവ്” എന്ന് അറിയപ്പെടുന്ന ഒന്നിനെ ആ ഉത്തരം ചിത്രീകരിക്കുന്നു.

“നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ” (യാക്കോബ് 4:17) എന്നു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ യാക്കോബും സമാനമായ ഒരു കുറ്റകരമായ അറിവിനെ അഭിസംബോധന ചെയ്യുന്നു.

തന്റെ മഹത്തായ രക്ഷയിലൂടെ, ദൈവം നമ്മെ ലോകത്തിൽ നന്മയുടെ പ്രതിനിധികളായി രൂപകൽപ്പന ചെയ്തിരിക്കുന്നു. “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” എന്നു എഫെസ്യർ 2:10 സ്ഥിരീകരിക്കുന്നു. ഈ നല്ല പ്രവൃത്തികളല്ല നമ്മുടെ രക്ഷയ്ക്ക് കാരണം; മറിച്ച്, ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ മാറ്റപ്പെട്ടതിന്റെ ഫലമാണ് അവ. ദൈവം എന്തിനുവേണ്ടി നമ്മെ പുനർനിർമ്മിച്ചുവോ, ആ കാര്യങ്ങൾ നിറവേറ്റാനായി നമ്മെ സജ്ജരാക്കുന്നതിന് പരിശുദ്ധാത്മാവ് ആത്മീയ വരങ്ങൾ പോലും നൽകുന്നു (1 കൊരിന്ത്യർ 12:1-11 കാണുക).

ദൈവത്തിന്റെ സൃഷ്ടിയെന്ന നിലയിൽ, നമുക്ക് അവന്റെ ഉദ്ദേശ്യങ്ങൾക്കും അവന്റെ ആത്മാവിന്റെ ശാക്തീകരണത്തിനും വഴങ്ങാം. അപ്രകാരം, അവനെ തീവ്രമായി ആവശ്യമുള്ള ഒരു ലോകത്തു നന്മയ്ക്കുള്ള അവന്റെ ഉപകരണങ്ങളാകാൻ നമുക്കു കഴിയും.