തന്റെ ഭാര്യ മരിച്ചതിനുശേഷം, സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച പ്രഭാതഭക്ഷണം കഴിക്കാൻ കഴിയുന്നിടത്തോളം കാലം തനിക്കു ആ വേദന തരണം ചെയ്യാൻ സാധിക്കുമെന്ന് ഫ്രെഡിന് തോന്നി. വിരമിച്ചവരായ അവന്റെ സുഹൃത്തുക്കൾ അവനിലെ സന്തോഷം തിരികെക്കൊണ്ടുവന്നു. സങ്കടം വരുമ്പോഴെല്ലാം ഫ്രെഡ് അടുത്ത തവണ അവരോടൊപ്പമുള്ള കൂട്ടായ്മ വീണ്ടും ആസ്വദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. മൂലയിൽ ഇട്ടിരുന്ന തങ്ങളുടെ മേശയായിരുന്നു സങ്കടത്തിൽ നിന്നുള്ള അവന്റെ സുരക്ഷിതയിടം.

എന്നിരുന്നാലും, കാലക്രമേണ, ഒത്തുചേരലുകൾ അവസാനിച്ചു. ചില സുഹൃത്തുക്കൾ രോഗബാധിതരായി; മറ്റു ചിലർ മരിച്ചുപോയി. ശൂന്യത ഫ്രെഡിനെ ചെറുപ്പത്തിൽ കണ്ടുമുട്ടിയ ദൈവത്തിൽ ആശ്വാസം തേടാൻ പ്രേരിപ്പിച്ചു. അവൻ പറയുന്നു, “ഞാനിപ്പോൾ തനിച്ചാണ് പ്രഭാതഭക്ഷണം കഴിക്കുന്നതെങ്കിലും യേശു എന്നോടൊപ്പമുണ്ടെന്ന സത്യം മുറുകെ പിടിക്കാൻ ഞാൻ ഓർമ്മിക്കുന്നു. ഞാൻ ഭക്ഷണശാലയിൽ നിന്നു പുറത്തിറങ്ങുമ്പോൾ, എന്റെ ബാക്കി ദിവസങ്ങൾ ഒറ്റയ്ക്ക് നേരിടാനല്ല ഞാൻ പോകുന്നത്. ”

സങ്കീർത്തനക്കാരനെപ്പോലെ, ഫ്രെഡ് ദൈവസാന്നിധ്യത്തിന്റെ സുരക്ഷിതത്വവും ആശ്വാസവും കണ്ടെത്തി: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” (സങ്കീർത്തനം 91:2). ഫ്രെഡ് സുരക്ഷിതത്വം അറിഞ്ഞത് ഒളിക്കാനുള്ള ഒരു ഭൗതിക ഇടമെന്ന നിലയിലല്ല, മറിച്ച് നമുക്ക് ആശ്രയിക്കാനും വിശ്രമിക്കാനും കഴിയുന്ന ദൈവത്തിന്റെ അചഞ്ചലമായ സാന്നിധ്യമായിട്ടാണ് (വാ. 1). ബുദ്ധിമുട്ടുള്ള ദിവസങ്ങൾ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടതില്ലെന്ന് ഫ്രെഡും സങ്കീർത്തനക്കാരനും മനസ്സിലാക്കി. നമുക്കും ദൈവത്തിന്റെ സഹായത്തിലും സംരക്ഷണത്തിലും ആശ്രയിക്കാൻ സാധിക്കും. നാം വിശ്വാസത്തോടെ അവനിലേക്ക് തിരിയുമ്പോൾ, ഉത്തരമരുളുമെന്നും നമ്മോടുകൂടെ ഇരിക്കുമെന്നും അവൻ വാഗ്ദത്തം ചെയ്യുന്നു (വാ. 14-16).

ജീവിതം ദുഷ്കരമായിരിക്കുമ്പോൾ നമുക്ക് സുരക്ഷിതമായ ഒരിടം, “കോണിലെ ഒരു മേശ” ഉണ്ടോ? അത് എക്കാലവും ഉണ്ടായിരിക്കില്ലായെങ്കിലും ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മുടെ യഥാർത്ഥ സങ്കേതമായ അവന്റെ അടുക്കലേക്ക് നാം ചെല്ലാനായി അവൻ കാത്തിരിക്കുന്നു.