പരദേശി മോക്ഷയാത്രയെ അടിസ്ഥാനമാക്കിയുള്ള ഒരു സംഗീതശില്പമാണ്‌ പിൽഗ്രിം. യേശുവിലുള്ള ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഉപമയാണിത്. ഈ കഥയിൽ, ആത്മീയ ലോകത്തെ എല്ലാ അദൃശ്യ ശക്തികളേയും പ്രേക്ഷകർക്കു ദൃശ്യമാക്കുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന രാജാവിന്റെ കഥാപാത്രം പ്രദർശനത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വേദിയിലുണ്ട്. വെളുത്ത വസ്ത്രം ധരിച്ച അയാൾ ശത്രുവിന്റെ ആക്രമണങ്ങളെ സജീവമായി തടയുകയും വേദനിക്കുന്നവരെ ആർദ്രമായി ചേർത്തുപിടിക്കുകയും മറ്റുള്ളവരെ നല്ല പ്രവൃത്തികളിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പങ്ക് ഇവിടെ ഉണ്ടായിരുന്നിട്ടും, പ്രധാന മനുഷ്യ കഥാപാത്രങ്ങൾക്കു രാജാവിനെ ഭൗതികമായി കാണാൻ കഴിയുകയില്ല. അദ്ദേഹം ചെയ്യുന്നതിന്റെ ഫലങ്ങൾ മാത്രമാണ് അവർക്കു ദൃശ്യം.

നമുക്ക് അവനെ ഭൗതികമായി കാണാൻ കഴിയുന്നില്ലെങ്കിലും, യഥാർത്ഥ രാജാവു നമ്മുടെ ജീവിതത്തിൽ സജീവമായിരിക്കുന്നതു പോലെയാണോ നാം ജീവിക്കുന്നത്? തനിക്ക് ആവശ്യമായി വന്ന സമയത്ത്, വിശ്വസ്തയോടുകൂടിയ തന്റെ പ്രാർത്ഥനകൾക്കു നേരിട്ടുള്ള പ്രതികരണമായി അയയ്ക്കപ്പെട്ട (വാക്യം 12) ഒരു സ്വർഗ്ഗീയ ദൂതനിൽ നിന്നു ദാനീയേൽ പ്രവാചകനു ഒരു ദർശനം ലഭിക്കുകയുണ്ടായി (ദാനീയേൽ 10:7). ആത്മീയ യുദ്ധം തന്റെ വരവിനു കാലതാമസം വരുത്തിയെന്നും പിന്തുണക്കായി മാലാഖമാരെ അയയ്ക്കേണ്ടതായി വന്നെന്നും ദൂതൻ വിശദീകരിക്കുന്നു (വാക്യം 13). ദൈവത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും, അവന്റെ കരുതലിന്റെയും ശ്രദ്ധയുടെയും തെളിവുകൾ തനിക്കു ചുറ്റും ഉണ്ടായിരുന്നുവെന്ന് ദാനീയേലിനെ ദൂതൻ ഓർമ്മിപ്പിക്കുന്നു. “ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക” എന്നു ദൂതൻ അവനെ ധൈര്യപ്പെടുത്തി (വാക്യം 19). പിൽഗ്രിമിന്റെ അവസാനത്തിൽ, പ്രധാന കഥാപാത്രം നിരവധി കഷ്ടതകൾക്കൊടുവിൽ സ്വർഗത്തിന്റെ വാതിൽക്കൽ എത്തുമ്പോൾ, “എനിക്ക് രാജാവിനെ കാണാൻ കഴിയുന്നുണ്ട്!” എന്ന് അദ്ദേഹം ആദ്യമായി സന്തോഷത്തോടെ വിളിച്ചുപറയുന്നു. സ്വർഗത്തിൽ നമ്മുടെ പുതിയ നേത്രങ്ങളോടെ അവനെ കാണുന്നതുവരെ, നമ്മുടെ ജീവിതത്തിൽ അവന്റെ പ്രവർത്തനത്തിനായി നാം ഇന്ന് നോക്കുന്നു.