Month: ജൂലൈ 2024

യേശു കറ മായിക്കുന്നു

“എന്തൊരു കഷ്ടമാണിത്?!” ഞാൻ അലറിക്കൊണ്ട് ഞങ്ങളുടെ ഡ്രയറിൽ എന്റെ ഷർട്ടു തിരഞ്ഞു. ഞാനതു കണ്ടെത്തി. ഒപ്പം… മറ്റൊന്നുകൂടി.

എന്റെ വെള്ള ഷർട്ടിൽ മഷി പുരണ്ടിരിക്കുന്നു. വാസ്തവത്തിൽ, അതൊരു പുള്ളിപ്പുലിയുടെ തോലുപോലെ കാണപ്പെട്ടു: മഷി തുള്ളികൾ എല്ലായിടത്തും പറ്റിയിരിക്കുന്നു. തുണി കഴുകാൻ ഇടുന്നതിനു മുമ്പ് ഞാൻ എന്റെ പോക്കറ്റുകൾ പരിശോധിച്ചില്ല. ചോർച്ചയുള്ള ഒരു പേന മുഴുവൻ തുണിയിലും കറയാക്കി.

തിരുവെഴുത്തു പലപ്പോഴും പാപത്തെ വിവരിക്കാൻ അകൃത്യം അഥവാ കറ എന്ന വാക്ക് ഉപയോഗിക്കുന്നു. തുണിയിലോ മറ്റെന്തെങ്കിലും വസ്തുവിലോ കറ കിനിഞ്ഞിറങ്ങി അതിനെ നശിപ്പിക്കുന്നു. തങ്ങൾക്കു സ്വയം ശുദ്ധീകരിക്കാനുള്ള കഴിവിനപ്പുറമാണ് പാപത്തിന്റെ കറ എന്നു തന്റെ ജനത്തെ ഓർമ്മിപ്പിച്ചുകൊണ്ടു ദൈവം യിരെമ്യാ പ്രവാചകനിലൂടെ പാപത്തെ വിവരിച്ചത് ഇപ്രകാരമാണ്: “നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” (യിരെമ്യാവ്‌ 2:22).

ഭാഗ്യവശാൽ, ആത്യന്തികമായി തീരുമാനമെടുക്കുന്നത് പാപമല്ല. യെശയ്യാവ്‌ 1:18-ൽ, പാപത്തിന്റെ കറയിൽ നിന്നു നമ്മെ ശുദ്ധീകരിക്കാൻ കഴിയുമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം നാം കേൾക്കുന്നു: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.”

എന്റെ ഷർട്ടിലെ മഷിയുടെ കറ കളയാൻ എനിക്കു കഴിഞ്ഞില്ല. എന്റെ പാപത്തിന്റെ കറയും കളയാൻ എനിക്കു കഴിയില്ല. 1 യോഹന്നാൻ 1:9 വാഗ്ദത്തം ചെയ്യുന്നതുപോലെ, ദൈവം നമ്മെ ക്രിസ്തുവിൽ ശുദ്ധീകരിക്കുന്നു: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”

 

യഥാർത്ഥമായി ജീവിക്കുക

2000-ൽ പാസ്റ്റർ എഡ് ഡോബ്സണിന് ALS ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ ആയിരക്കണക്കിനു വ്യക്തികൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. രോഗശാന്തിക്കായി വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ, ദൈവം ഉടനടി ഉത്തരം നൽകുമെന്നു പലരും വിശ്വസിച്ചു. എഡിന്റെ പേശികൾ ക്രമേണ ക്ഷയിക്കുന്നതിന് കാരണമായ രോഗവുമായി പന്ത്രണ്ടു വർഷം മല്ലിട്ടതിനു ശേഷം (അദ്ദേഹം മരിക്കുന്നതിനു മൂന്നു വർഷം മുമ്പ്), ദൈവം എന്തുകൊണ്ടു ഇതുവരെ അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല എന്ന് ഒരു വ്യക്തി അദ്ദേഹത്തോ‌ടു ചോദിച്ചു. “ശരിയായ ഒരു ഉത്തരം അതിനില്ല, അതിനാൽ ഞാൻ ചോദിക്കാറില്ല,” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ലോർണ ഇപ്രകാരം കൂട്ടിച്ചേർത്തു, “എല്ലായിപ്പോഴും നിങ്ങൾക്ക് ഉത്തരം ലഭിക്കണമെന്നു നിങ്ങൾ എപ്പോഴും വ്യാകുലപ്പെടുകയാണെങ്കിൽ, നിങ്ങൾക്കു ശരിക്കും ജീവിക്കാൻ കഴിയില്ല.”

എഡിന്റെയും ലോർണയുടെയും വാക്കുകളിൽ ദൈവത്തോടുള്ള ആദരവു നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? അവന്റെ ജ്ഞാനം തങ്ങളുടേതിനേക്കാൾ ഉയർന്നതാണെന്ന് അവർക്കറിയാമായിരുന്നു. എന്നിട്ടും എഡ് സമ്മതിച്ചു, “നാളെയെക്കുറിച്ച് ആകുലപ്പെടാതെയിരിക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു.” വൈകല്യം വർദ്ധിച്ചുവരുന്നതിനു രോഗം കാരണമാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. എന്തു പുതിയ വൈഷമ്യമാണ് അടുത്ത ദിനം കൊണ്ടുവരികയെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. 

വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന്, എഡ് ഈ വാക്യങ്ങൾ തന്റെ കാറിലും കുളിമുറിയിലെ കണ്ണാടിയിലും തന്റെ കട്ടിലിനരികിലും സ്ഥാപിച്ചു: “‘ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം” (എബ്രായർ 13:5-6). ആകുലപ്പെടാൻ ആരംഭിക്കുമ്പോഴെല്ലാം, സത്യത്തിലേക്ക് തന്റെ ചിന്തകൾ വീണ്ടും കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് അദ്ദേഹം ആ വാക്യങ്ങൾ ആവർത്തിക്കും.

അടുത്ത ദിനം എന്തു സംഭവിക്കുമെന്നു നമുക്കാർക്കും അറിയില്ല. ഒരുപക്ഷേ, എഡിന്റെ രീതി നമ്മുടെ ആശങ്കകളെ വിശ്വസിക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിച്ചേക്കാം.

 

ദൈവമാണ് നമ്മുടെ യഥാർത്ഥ സങ്കേതം

തന്റെ ഭാര്യ മരിച്ചതിനുശേഷം, സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച പ്രഭാതഭക്ഷണം കഴിക്കാൻ കഴിയുന്നിടത്തോളം കാലം തനിക്കു ആ വേദന തരണം ചെയ്യാൻ സാധിക്കുമെന്ന് ഫ്രെഡിന് തോന്നി. വിരമിച്ചവരായ അവന്റെ സുഹൃത്തുക്കൾ അവനിലെ സന്തോഷം തിരികെക്കൊണ്ടുവന്നു. സങ്കടം വരുമ്പോഴെല്ലാം ഫ്രെഡ് അടുത്ത തവണ അവരോടൊപ്പമുള്ള കൂട്ടായ്മ വീണ്ടും ആസ്വദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. മൂലയിൽ ഇട്ടിരുന്ന തങ്ങളുടെ മേശയായിരുന്നു സങ്കടത്തിൽ നിന്നുള്ള അവന്റെ സുരക്ഷിതയിടം.

എന്നിരുന്നാലും, കാലക്രമേണ, ഒത്തുചേരലുകൾ അവസാനിച്ചു. ചില സുഹൃത്തുക്കൾ രോഗബാധിതരായി; മറ്റു ചിലർ മരിച്ചുപോയി. ശൂന്യത ഫ്രെഡിനെ ചെറുപ്പത്തിൽ കണ്ടുമുട്ടിയ ദൈവത്തിൽ ആശ്വാസം തേടാൻ പ്രേരിപ്പിച്ചു. അവൻ പറയുന്നു, “ഞാനിപ്പോൾ തനിച്ചാണ് പ്രഭാതഭക്ഷണം കഴിക്കുന്നതെങ്കിലും യേശു എന്നോടൊപ്പമുണ്ടെന്ന സത്യം മുറുകെ പിടിക്കാൻ ഞാൻ ഓർമ്മിക്കുന്നു. ഞാൻ ഭക്ഷണശാലയിൽ നിന്നു പുറത്തിറങ്ങുമ്പോൾ, എന്റെ ബാക്കി ദിവസങ്ങൾ ഒറ്റയ്ക്ക് നേരിടാനല്ല ഞാൻ പോകുന്നത്. ”

സങ്കീർത്തനക്കാരനെപ്പോലെ, ഫ്രെഡ് ദൈവസാന്നിധ്യത്തിന്റെ സുരക്ഷിതത്വവും ആശ്വാസവും കണ്ടെത്തി: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” (സങ്കീർത്തനം 91:2). ഫ്രെഡ് സുരക്ഷിതത്വം അറിഞ്ഞത് ഒളിക്കാനുള്ള ഒരു ഭൗതിക ഇടമെന്ന നിലയിലല്ല, മറിച്ച് നമുക്ക് ആശ്രയിക്കാനും വിശ്രമിക്കാനും കഴിയുന്ന ദൈവത്തിന്റെ അചഞ്ചലമായ സാന്നിധ്യമായിട്ടാണ് (വാ. 1). ബുദ്ധിമുട്ടുള്ള ദിവസങ്ങൾ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടതില്ലെന്ന് ഫ്രെഡും സങ്കീർത്തനക്കാരനും മനസ്സിലാക്കി. നമുക്കും ദൈവത്തിന്റെ സഹായത്തിലും സംരക്ഷണത്തിലും ആശ്രയിക്കാൻ സാധിക്കും. നാം വിശ്വാസത്തോടെ അവനിലേക്ക് തിരിയുമ്പോൾ, ഉത്തരമരുളുമെന്നും നമ്മോടുകൂടെ ഇരിക്കുമെന്നും അവൻ വാഗ്ദത്തം ചെയ്യുന്നു (വാ. 14-16).

ജീവിതം ദുഷ്കരമായിരിക്കുമ്പോൾ നമുക്ക് സുരക്ഷിതമായ ഒരിടം, “കോണിലെ ഒരു മേശ” ഉണ്ടോ? അത് എക്കാലവും ഉണ്ടായിരിക്കില്ലായെങ്കിലും ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മുടെ യഥാർത്ഥ സങ്കേതമായ അവന്റെ അടുക്കലേക്ക് നാം ചെല്ലാനായി അവൻ കാത്തിരിക്കുന്നു.

 

ആഘോഷത്തിനുള്ള സമയം

വിർജീനിയയിലെ ഞങ്ങളുടെ മുൻ സഭ റിവന്ന നദിയിലായിരുന്നു സ്നാനം നടത്തിയിരുന്നത്. അവിടെ പലപ്പോഴും സൂര്യപ്രകാശം ചൂടുള്ളതാരുന്നെങ്കിലും, വെള്ളം തണുത്തുറഞ്ഞതായിരുന്നു. ഞങ്ങളുടെ ഞായറാഴ്ച ശുശ്രൂഷയ്ക്കു ശേഷം, ഞങ്ങൾ ഞങ്ങളുടെ കാറുകളിലും കാരവാനിലുമായി ഒരു നഗരോദ്യാനത്തിലേക്കു പോകും. അയൽക്കാർ ഫ്രിസ്ബീസ് എറിഞ്ഞും, കുട്ടികൾ കളിസ്ഥലത്ത് കളിച്ചുതിമിർത്തും സമയം ചിലവഴിക്കുന്ന ഇടമായിരുന്നു അത്. നദീതീരത്തേക്ക് മനസ്സില്ലാമനസ്സോടെ നീങ്ങുന്ന ഞങ്ങൾ തികച്ചും ഒരു കാഴ്ചയായിരുന്നു. മഞ്ഞുമൂടിയ വെള്ളത്തിൽ നിൽക്കുമ്പോൾ, ഞാൻ തിരുവെഴുത്തുകളിൽ നിന്നു സംസാരിച്ച്, സ്നാനമേൽക്കുന്നവരെ ദൈവസ്നേഹത്തിന്റെ ഈ മൂർത്തമായ പ്രവർത്തിയിൽ പങ്കാളിയാക്കും. ശരീരം മുഴുവൻ കുതിർന്ന്, ജലത്തിൽ നിന്നു അവർ പൊങ്ങിവരുമ്പോൾ, ആഹ്ലാദവും കൈയടിയും പൊട്ടിപ്പുറപ്പെടും. നദിക്കരയിലേക്കു കയറുമ്പോൾ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുതുതായി സ്നാനമേറ്റവരെ ആലിംഗനങ്ങളാൽ പൊതിയും. തത്ഫലമായി അവരെല്ലാവരും നനയും. അതേത്തുടർന്നു ഞങ്ങൾ കേക്കും പാനീയങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കും. ഇതു കാണുന്ന മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്പ്പോഴും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അതൊരു ആഘോഷമാണെന്ന് അവർക്കറിയാമായിരുന്നു.

ആരെങ്കിലും ദൈവത്തിന്റെ ഭവനത്തിലേക്ക് മടങ്ങിവരുമ്പോഴെല്ലാം അത് ആഘോഷത്തിനു കാരണമാകുമെന്ന് ലൂക്കൊസ് 15-ൽ പറഞ്ഞിട്ടുള്ള ധൂർത്ത പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ (വാ. 11-32) വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും ആരെങ്കിലും ദൈവത്തിന്റെ ക്ഷണത്തിന് ഉവ്വ് എന്ന് പറഞ്ഞാൽ, അത് ആഘോഷത്തിനുള്ള സമയമാണ്. പിതാവിനെ ഉപേക്ഷിച്ചപോയ മകൻ മടങ്ങിയെത്തിയപ്പോൾ, പിതാവ് ഉടൻ തന്നെ പ്രത്യേകം നിർമ്മിച്ച വസ്ത്രവും തിളങ്ങുന്ന മോതിരവും പുതിയ ചെരുപ്പും അവനെ ധരിപ്പിക്കാൻ നിർബന്ധിച്ചു. “തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക” (വാക്യം 23) എന്നു അവൻ പറഞ്ഞു. ആഹ്ലാദത്തിൽ പങ്കുചേരാൻ താല്പര്യമുള്ള ആരേയും ഉൾപ്പെടുത്തുന്ന ആഹ്ലാദകരമായ വലിയൊരു പാർട്ടി, “ആഘോഷത്തിനുള്ള” ഉചിതമായ മാർഗമായിരുന്നു (വാക്യം 24).

 

നന്മയ്ക്കുള്ള ഉപകരണങ്ങൾ

കുറ്റവാളിയെ പിടികൂടി കഴിഞ്ഞിട്ടു, ഇത്രയധികം ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും ഒരാളെ എന്തിനാണ് നിർദയമായി ആക്രമിച്ചതെന്ന് ഡിറ്റക്ടീവ് കുറ്റവാളിയോട് ചോദിച്ചു. പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു: “അവർ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു; ആരും ഒരിക്കലും ഒന്നും ചെയ്യില്ല.” ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമെങ്കിലും അത് അവഗണിക്കാൻ തീരുമാനിക്കുന്ന, “കുറ്റകരമായ അറിവ്” എന്ന് അറിയപ്പെടുന്ന ഒന്നിനെ ആ ഉത്തരം ചിത്രീകരിക്കുന്നു.

“നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ” (യാക്കോബ് 4:17) എന്നു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ യാക്കോബും സമാനമായ ഒരു കുറ്റകരമായ അറിവിനെ അഭിസംബോധന ചെയ്യുന്നു.

തന്റെ മഹത്തായ രക്ഷയിലൂടെ, ദൈവം നമ്മെ ലോകത്തിൽ നന്മയുടെ പ്രതിനിധികളായി രൂപകൽപ്പന ചെയ്തിരിക്കുന്നു. “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” എന്നു എഫെസ്യർ 2:10 സ്ഥിരീകരിക്കുന്നു. ഈ നല്ല പ്രവൃത്തികളല്ല നമ്മുടെ രക്ഷയ്ക്ക് കാരണം; മറിച്ച്, ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ മാറ്റപ്പെട്ടതിന്റെ ഫലമാണ് അവ. ദൈവം എന്തിനുവേണ്ടി നമ്മെ പുനർനിർമ്മിച്ചുവോ, ആ കാര്യങ്ങൾ നിറവേറ്റാനായി നമ്മെ സജ്ജരാക്കുന്നതിന് പരിശുദ്ധാത്മാവ് ആത്മീയ വരങ്ങൾ പോലും നൽകുന്നു (1 കൊരിന്ത്യർ 12:1-11 കാണുക).

ദൈവത്തിന്റെ സൃഷ്ടിയെന്ന നിലയിൽ, നമുക്ക് അവന്റെ ഉദ്ദേശ്യങ്ങൾക്കും അവന്റെ ആത്മാവിന്റെ ശാക്തീകരണത്തിനും വഴങ്ങാം. അപ്രകാരം, അവനെ തീവ്രമായി ആവശ്യമുള്ള ഒരു ലോകത്തു നന്മയ്ക്കുള്ള അവന്റെ ഉപകരണങ്ങളാകാൻ നമുക്കു കഴിയും.