Month: ആഗസ്റ്റ് 2024

മരുപ്രദേശങ്ങൾ

പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു ആ മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയും വിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുച്ചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.

മരുപ്രദേശങ്ങൾ

ഞാൻ ഒരു യുവ വിശ്വാസിയായിരുന്നപ്പോൾ, “പർവതമുകൾ” അനുഭവങ്ങളിൽ വച്ചായിരിക്കും യേശുവിനെ കണ്ടുമുട്ടുക എന്നു ഞാൻ കരുതി. എന്നാൽ ആ ഉയരങ്ങൾ അപൂർവ്വമായി മാത്രം നീണ്ടുനിൽക്കുകയോ വളർച്ചയിലേക്കു നയിക്കുകയോ ചെയ്യുന്നവയായിരുന്നു. മരുഭൂമിയിലാണു നാം ദൈവത്തെ കണ്ടുമുട്ടുകയും വളരുകയും ചെയ്യുന്നത് എന്ന് എഴുത്തുകാരി ലിന അബുജംറ പറയുന്നു. “നമ്മുടെ ജീവിതത്തിലെ മരുപ്രദേശങ്ങൾ നമ്മെ ശക്തരാക്കുന്നതിന് ഉപയോഗിക്കുക എന്നതാണു ദൈവത്തിന്റെ ലക്ഷ്യം” എന്നു “മരുഭൂമിയിലൂടെ” എന്ന അവരുടെ വേദപുസ്തക പഠനത്തിൽ അവർ എഴുതുന്നു. “നിങ്ങളുടെ വേദനയുടെ നടുവിൽ ലഭിക്കുന്നതാണ് ദൈവത്തിന്റെ കൃപ. വേദനയുടെ അഭാവത്താൽ തെളിയിക്കപ്പെടേണ്ടതല്ല ആ കൃപ” എന്ന്  അവർ തുടരുന്നു.

വ്യസനം, വിയോഗം, വേദന എന്നിവയുടെ കഠിനമായ ഇടങ്ങളിലാണു നമ്മുടെ വിശ്വാസത്തിൽ വളരാനും അവനോടു കൂടുതൽ അടുക്കാനും ദൈവം നമ്മെ സഹായിക്കുന്നത്. ലിന മനസ്സിലാക്കിയതുപോലെ, “ദൈവത്തിന്റെ പദ്ധതിയിലെ ഒരു നോട്ടപ്പിശകല്ല മരുഭൂമി, മറിച്ചു [നമ്മുടെ] വളർച്ചാ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണത്.”

പഴയനിയമത്തിലെ അനേകം ഗോത്രപിതാക്കന്മാരെ ദൈവം മരുഭൂമിയിലേക്കു നയിക്കുകയുണ്ടായി. അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും മരുഭൂമിയിലെ അനുഭവങ്ങൾ ഉണ്ടായിരുന്നു. മരുഭൂമിയിൽ വച്ചാണു ദൈവം മോശെയുടെ ഹൃദയം ഒരുക്കിയെടുത്തുകൊണ്ടു തന്റെ ജനത്തെ അടിമത്തത്തിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവരാൻ അവനെ വിളിച്ചത് (പുറപ്പാട് 3:1-2, 9-10). മരുഭൂമിയിൽ വച്ചാണു ദൈവം തന്റെ സഹായം പ്രദാനം ചെയ്തും മാർഗനിർദേശം നൽകിയും നാൽപ്പതു വർഷത്തോളം യിസ്രായേൽമക്കളുടെ യാത്രയെ കരുതലോടെ കാത്തത് (ആവർത്തനപുസ്തകം 2:7).

മരുഭൂമിയിലൂടെയുള്ള അവരുടെ ഓരോ ചുവടു വയ്പ്പിലും ദൈവം മോശയോടും യിസ്രായേൽ ജനത്തോടുമൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെയും എന്റെയും ചുവടു വയ്പ്പിലും അവൻ നമ്മോടൊപ്പമുണ്ട്. മരുഭൂമിയിൽ നാം ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കുന്നു. അവിടെ അവൻ നമ്മെ കണ്ടുമുട്ടുന്നു — അവിടെവച്ചു നാം വളരുന്നു.

പുതുതായ നടപ്പ്‌

1955 ജൂൺ 29 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചു. താമസിയാതെ, സോവിയറ്റ് യൂണിയനും സമാനമായ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ ബഹിരാകാശ മത്സരം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹം (സ്പുട്നിക്) വിക്ഷേപിച്ചുകൊണ്ടു ആദ്യത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയും യൂറി ഗഗാറിൻ നമ്മുടെ ഗ്രഹത്തെ ഒരു പ്രാവശ്യം വലം വയ്ക്കുകയും ചെയ്തു. 1969 ജൂലൈ 20-നു ചന്ദ്രോപരിതലത്തിൽ നീൽ ആംസ്ട്രോങ്ങ് നടത്തിയ “മനുഷ്യരാശിയുടെ കുതിച്ചു ചാട്ടത്തിലൂടെ” അനൗദ്യോഗികമായി മത്സരം അവസാനിപ്പിക്കുന്നതു വരെ മത്സരം തുടർന്നുകൊണ്ടിരുന്നു. സഹകരണത്തിന്റെ ഒരു കാലഘട്ടം ഉടൻ ഉദിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സൃഷ്ടിക്കുന്നതിലേക്കു അതു നയിച്ചു.

ചിലപ്പോഴൊക്കെ മത്സരം ആരോഗ്യകരമാകാം. അല്ലാത്തപക്ഷം നമ്മൾ ശ്രമിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാൻ അത്തരം മത്സരങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റു സമയങ്ങളിൽ, മത്സരം വിനാശകരമാണ്. കൊരിന്തിലെ സഭയിൽ ഇത് ഒരു പ്രശ്നമായിരുന്നു. വിവിധ സംഘങ്ങൾ വിവിധ സഭാ നേതാക്കളെ തങ്ങളുടെ പ്രത്യാശാകിരണങ്ങളായി കണ്ടുകൊണ്ട് അവരോടു പറ്റിച്ചേർന്നു നിന്നു. “ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല” (1 കൊരിന്ത്യർ 3:7) എന്ന് എഴുതിക്കൊണ്ടു പൗലൊസ് അതിനെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ” (വാ. 9) എന്നു പറഞ്ഞു അവൻ ഉപസംഹരിച്ചു.

കൂട്ടുവേലക്കാർ അത്രേ - എതിരാളികളല്ല. അന്യോന്യം മാത്രമല്ല, ദൈവത്തോടും! അവന്റെ ശക്തിപ്പെടുത്തലിലൂടെയും അവന്റെ നടത്തിപ്പിലൂടെയും, നമ്മുടെ മഹത്വത്തിനല്ല, അവന്റെ മഹത്വത്തിനായി യേശുവിന്റെ സന്ദേശം മുന്നോട്ടു കൊണ്ടുപോകാൻ കൂട്ടുവേലക്കാരായി നമുക്ക് ഒരുമിച്ചു ശുശ്രൂഷിക്കാം.

ഒരു അനുതാപ ഹൃദയം

എന്റെ ഒരു സുഹൃത്തു തന്റെ വിവാഹ വാഗ്ദാനങ്ങൾ ലംഘിക്കുയുണ്ടായി. അവൻ തന്റെ കുടുംബം നശിപ്പിക്കുന്നതു കാണുക വേദനാജനകമായിരുന്നു. ഭാര്യയുമായി അനുരഞ്ജനത്തിനു ശ്രമിച്ചപ്പോൾ അവൻ എന്റെ ഉപദേശം തേടി. വാക്കുകൾക്ക് അപ്പുറമുള്ള പരിശ്രമം നടത്തണമെന്നു ഞാൻ അവനോടു പറഞ്ഞു; തന്റെ ഭാര്യയെ സ്നേഹിക്കുന്നതിലും പാപത്തിന്റെ ഏതെങ്കിലും സാധ്യതകൾ നീക്കം ചെയ്യുന്നതിലും അയാൾ സജീവമായി പ്രവർത്തിക്കേണ്ടിയിരുന്നു.

ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചുകൊണ്ടു മറ്റു ദൈവങ്ങളെ പിന്തുടർന്നവർക്ക് സമാനമായ ഒരു ഉപദേശം യിരെമ്യാ പ്രവാചകൻ നൽകി. അവനിലേക്കു മടങ്ങുക എന്നതു പര്യാപ്തമായിരുന്നില്ല (യിരെമ്യാവ് 4:1). എന്നാൽ അതൊരു ശരിയായ തുടക്കമായിരുന്നു. അവർ പറയുന്ന കാര്യങ്ങളുമായി തങ്ങളുടെ പ്രവർത്തനങ്ങളെ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. “മ്ലേച്ഛവിഗ്രഹങ്ങളെ ” (വാ. 1) നീക്കം ചെയ്യുക എന്നതായിരുന്നു അതിനർത്ഥം. അവർ “പരമാർത്ഥമായും ന്യായമായും നീതിയായും” പ്രതിജ്ഞാബദ്ധത പാലിച്ചാൽ, ദൈവം ജാതികളെ അനുഗ്രഹിക്കുമെന്നു യിരെമ്യാവ് പറഞ്ഞു (വാ. 2). ജനങ്ങൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതായിരുന്നു പ്രശ്നം. അവർ പൂർണ്ണ ഹൃദയത്തോടെയല്ല അതു ചെയ്തിരുന്നത്.

വെറും വാക്കുകളല്ല ദൈവത്തിനു വേണ്ടത്; അവനു നമ്മുടെ ഹൃദയമാണ് വേണ്ടത്. യേശു പറഞ്ഞതുപോലെ, “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” (മത്തായി 12:34). അതുകൊണ്ടാണ്, മുള്ളുകൾക്കിടയിൽ വിതയ്‌ക്കാതെ, ഉഴുതുമറിക്കാത്ത നിലങ്ങളായ തങ്ങളുടെ ഹൃദയത്തെ ഉടച്ചുകളയാനായി കേൾക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ യിരെമ്യാവ് ശ്രമിച്ചത്.

ദുഃഖകരമെന്നു പറയട്ടെ, പല വ്യക്തികളെയും പോലെ, എന്റെ സുഹൃത്തും ശരിയായ വേദപുസ്തകം ഉപദേശം ശ്രദ്ധിച്ചില്ല. തൽഫലമായി അവനു തന്റെ ദാമ്പത്യം ബന്ധം നഷ്ടമായി. നാം പാപം ചെയ്യുമ്പോൾ, ഏറ്റുപറഞ്ഞ് അതിൽ നിന്നു പിന്തിരിയണം. പൊള്ളയായ വാഗ്ദാനങ്ങൾ ദൈവം ആഗ്രഹിക്കുന്നില്ല; അവനുമായി യഥാർത്ഥത്തിൽ യോജിച്ച ഒരു ജീവിതം അവൻ ആഗ്രഹിക്കുന്നു.

അതു ദൈവത്തിന്റെ തളികയിൽ വയ്ക്കുക

ഒരമ്മ വർഷങ്ങളോളം, തന്റെ മുതിർന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണ സംവിധാനം ഉപയോഗപ്പെടുത്താനും കൗൺസിലിംഗും മികച്ച മരുന്നുകളും കണ്ടെത്താനും അവളെ സഹായിച്ചു. മകളുടെ അങ്ങേയറ്റത്തെ ഉയർച്ചകളും ആഴത്തിലുള്ള താഴ്ചകളും ആ അമ്മയുടെ ഹൃദയത്തെ ദിവസം തോറും ഭാരപ്പെടുത്തികൊണ്ടിരുന്നു. പലപ്പോഴും സങ്കടത്താൽ തളർന്നു പോകുമ്പോൾ, സ്വന്തം കാര്യത്തിൽ കരുതൽ കാണിക്കേണ്ടതുണ്ടെന്ന് അവൾ മനസ്സിലാക്കി. അവളുടെ ആകുലതകളും അവൾക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളും ചെറിയ കടലാസുകളിൽ എഴുതി അവളുടെ കിടക്കയുടെ അരികിലുള്ള “ദൈവത്തിന്റെ തളികയിൽ” വയ്ക്കാൻ ഒരു സുഹൃത്തു ഒരിക്കൽ നിർദ്ദേശിച്ചു. ഈ ലളിതമായ പ്രവൃത്തിക്ക് അവളുടെ സമ്മർദ്ദങ്ങൾ എല്ലാം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ തളിക കാണുമ്പോഴെല്ലാം ആ ആശങ്കകൾ അവളുടെ പക്കലല്ല, ദൈവത്തിന്റെ തളികയിലാണ് എന്ന് അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ, തന്റെ വൈഷമ്യങ്ങൾ അക്കമിട്ടു നിരത്തി ദൈവത്തിന്റെ തളികയിൽ വയ്ക്കുകുയായിരുന്നു ദാവീദിന്റെ പല സങ്കീർത്തനങ്ങളും (സങ്കീർത്തനങ്ങൾ 55:1, 16-17). തന്റെ മകൻ അബ്ശാലോമിന്റെ അട്ടിമറി ശ്രമം വിവരിക്കുകയാണെങ്കിൽ, ദാവീദിന്റെ “അടുത്ത സുഹൃത്ത്” അഹീഥോഫെൽ വാസ്തവത്തിൽ അവനെ ഒറ്റിക്കൊടുത്ത്, അവനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു (2 ശമൂവേൽ 15-16). അതുകൊണ്ടു ദാവീദ് “വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു ” കരയുകയും ദൈവം അവന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 55:1-2, 16-17). അവൻ “[തന്റെ] ഭാരം യഹോവയുടെമേൽ” വച്ചുകൊണ്ടു ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ തീരുമാനിച്ചു (വാ. 22).

ആശങ്കകളും ഭയങ്ങളും നമ്മെ ഏവരെയും ബാധിക്കാറുണ്ടെന്നു നമുക്ക് ആധികാരികമായി തന്നെ അംഗീകരിക്കാവുന്നതാണ്. ദാവീദിന്റെ പോലുള്ള ചിന്തകൾ നമുക്കുമുണ്ടായേക്കാം: “പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” (വാ. 6). ദൈവം സമീപസ്ഥനാണ്. സാഹചര്യങ്ങൾ മാറ്റാനുള്ള ശക്തി അവനു മാത്രമേയുള്ളൂ. ഭാരങ്ങളെല്ലാം അവന്റെ തളികയിൽ വയ്ക്കുക.