“ഈ കാണുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!” മുറ്റത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കെട്ടിയിരിക്കുന്ന വേലിക്ക് അപ്പുറത്തുള്ള കാടിനുള്ളിൽ കണ്ട പേടമാനിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്റെ ഭാര്യ ക്യാരി, എന്നെ ജനലിനടുക്കലേക്ക് വിളിച്ചു. ഞങ്ങളുടെ വലിയ നായ്ക്കൾ ഈ പേടമാനിനൊപ്പം വേലിക്കകത്ത് ഓടുന്നുണ്ടെങ്കിലും അവ കുരയ്ക്കുന്നുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറോളം അങ്ങോട്ടും ഇങ്ങോട്ടും അവ ഓടിക്കൊണ്ടിരുന്നു. ഇടയ്ക്ക് മാൻ ഒന്നു നിന്നിട്ടു നായ്ക്കളെ നോക്കുമ്പോൾ അവയും ഓട്ടം നിർത്തും. തുടർന്ന്, തങ്ങളുടെ മുൻകാലുകൾ നേരെയാക്കി, വീണ്ടും ഓടാൻ തയ്യാറെടുത്തുകൊണ്ട് അവ കുത്തിയിരിക്കും. ഇതൊരു വേട്ടക്കാരന്റെയും ഇരയുടെയും പെരുമാറ്റമായിരുന്നില്ല; പരസ്പര സഹവാസം ആസ്വദിച്ചുകൊണ്ട് നായക്കളും മാൻപേടയും ഒരുമിച്ചു കളിക്കുകയായിരുന്നു!

അവയുടെ പ്രഭാത വിനോദം ക്യാരിയെയും എന്നെയും സംബന്ധിച്ച്, വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഒരു ചിത്രം നൽകുകയായിരുന്നു. “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു” (യെശയ്യാവു 65:17) എന്നു ആ രാജ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം പ്രവാചകനായ യെശയ്യാവു പ്രഖ്യാപിക്കുന്നു. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും” (വാക്യം 25) എന്ന് അവൻ തുടർന്നു പറയുന്നു. ഇനി വേട്ടയാടുന്നവയില്ല, ഇരയില്ല. സുഹൃത്തുക്കൾ മാത്രം.

ദൈവത്തിന്റെ നിത്യരാജ്യത്തിൽ മൃഗങ്ങൾ ഉണ്ടായിരിക്കുമെന്നു യെശയ്യാവിന്റെ വാക്കുകൾ നമുക്കു കാണിച്ചുതരുകയായിരിക്കാം; തന്റെ സൃഷ്ടികൾക്കായി, പ്രത്യേകിച്ചു “തന്നെ സ്നേഹിക്കുന്നവർക്കായി” (1 കൊരിന്ത്യർ 2:9) ദൈവം ഒരുക്കുന്ന കാര്യത്തിലേക്കും അവ വിരൽചൂണ്ടുന്നു. എത്ര മനോഹരമായ സ്ഥലമായിരിക്കും അത്! വിശ്വാസത്താൽ നാം അവനിൽ ആശ്രയിക്കുമ്പോൾ, വരാനിരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് ദൈവം നമ്മുടെ കണ്ണുകളെ ഉയർത്തുന്നു – അവന്റെ സാന്നിധ്യത്തിൽ എന്നേക്കും സമാധാനവും സുരക്ഷിതത്വവും!