ഞങ്ങളുടെ പാർട്ടിക്കുള്ള സമയം അടുത്തുവന്നപ്പോൾ ഞാനും എന്റെ ഭാര്യയും ആസൂത്രണം ആരംഭിച്ചു. ധാരാളം വ്യക്തികൾ വരുന്നതിനാൽ, ഭക്ഷണച്ചുമതല ഒരു പാചകക്കാരനെ ഏല്പിക്കണോ? പാചകം നമ്മളാണ് ചെയ്യുന്നതെങ്കിൽ അതിനായി വലിയൊരു അടുപ്പ് വാങ്ങണോ? അന്ന് മഴ പെയ്യാനുള്ള ചെറിയ സാധ്യത കണക്കിലെടുത്ത് നമുക്ക് ഒരു ടെന്റ് കൂടി അടിക്കണോ? താമസിയാതെ ഞങ്ങളുടെ പാർട്ടി ചെലവേറിയതും അൽപ്പം സാമൂഹ്യവിരുദ്ധവും ആയിത്തീർന്നു. എല്ലാം സ്വയം ഒരുക്കാൻ ശ്രമിക്കുന്നതിലൂടെ, മറ്റുള്ളവരുടെ സഹായം സ്വീകരിക്കാനുള്ള ഒരവസരം ഞങ്ങൾ നഷ്ടപ്പെടുത്തി.

സമൂഹത്തെക്കുറിച്ചുള്ള വേദപുസ്തകത്തിന്റെ ദർശനം കൊടുക്കലും വാങ്ങലും അടങ്ങിയതാണ്. വീഴ്ചയ്ക്കു മുമ്പുതന്നെ, ആദാമിനു സഹായം ആവശ്യമായിരുന്നു (ഉല്പത്തി 2:18). മറ്റുള്ളവരുടെ ഉപദേശം തേടാനും (സദൃശവാക്യങ്ങൾ 15:22) തമ്മിൽ ഭാരങ്ങളെ ചുമപ്പാനും (ഗലാത്യർ 6:2) നാം വിളിക്കപ്പെട്ടിരിക്കുന്നു. ആദിമ സഭ “സകലവും പൊതുവക” എന്ന് എണ്ണി, അന്യോന്യം “ജന്മഭൂമികളിൽനിന്നും വസ്തുക്കളിൽനിന്നും” (പ്രവൃത്തികൾ 2:44-45) വരുമാനം പങ്കിട്ടു. തന്നിഷ്ടമായി ജീവിക്കുന്നതിനു പകരം, പങ്കിട്ടും കടം വാങ്ങിയും കൊടുത്തും സ്വീകരിച്ചും മനോഹരമായ പരസ്പരാശ്രിതത്വത്തിൽ അവർ കഴിഞ്ഞു.

ഒടുവിൽ, വിരുന്നിലേക്ക് ഒരു വിഭവമോ പലഹാരമോ കൊണ്ടുവരാൻ ഞങ്ങൾ അതിഥികളോട് അഭ്യർത്ഥിച്ചു. ഞങ്ങളുടെ അയൽക്കാർ തങ്ങളുടെ വലിയ അടുപ്പ് കൊണ്ടുവന്നു. ഒരു സുഹൃത്ത് തന്റെ ടെന്റ് കൊണ്ടുവന്നു. സഹായം അഭ്യർത്ഥിച്ചത് അടുത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുകയും വ്യക്തികൾ ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണം വൈവിധ്യവും ആനന്ദവും നൽകുകയും ചെയ്തു. നമ്മുടേതുപോലുള്ള ഒരു കാലഘട്ടത്തിൽ, സ്വയംപര്യാപ്തത അഭിമാനത്തിന്റെ ഉറവിടമാണ്.  എന്നാൽ, താഴ്മയോടെ സഹായം ചോദിക്കുന്നവർ ഉൾപ്പെടെയുള്ള, “താഴ്മയുള്ളവർക്കു” (യാക്കോബ് 4:6) ദൈവം തന്റെ കൃപ നൽകുന്നു.