ചിലപ്പോഴൊക്കെ ആത്മീയ സന്ദേശങ്ങൾ അതിശയകരമാംവിധം അപ്രതീക്ഷിത ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഉദാഹരണത്തിന്, ഒരു കോമിക് പുസ്തകത്തിൽ. സ്പൈഡർമാൻ, അയൺ മാൻ, ഫന്റാസ്റ്റിക് ഫോർ, ഹൾക്ക് തുടങ്ങി ജനപ്രീതിയാർജ്ജിച്ച നിരവധി ഹീറോസിന്റെ അതിശയകരമായ കഥകൾ അവശേഷിപ്പിച്ചുകൊണ്ട് മാർവൽ കോമിക്സ് പ്രസാധകനായ സ്റ്റാൻ ലീ 2018-ൽ അന്തരിച്ചു, 

കറുത്ത കണ്ണട ധരിച്ച് സുസ്മേരവദനനായി പ്രത്യക്ഷപ്പെട്ടിരുന്ന ഈ പ്രശസ്ത മനുഷ്യൻ പതിറ്റാണ്ടുകളായി മാർവൽ കോമിക്സിലെ പ്രതിമാസ കോളങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു വ്യക്തിപരമായ വാക്കുണ്ടായിരുന്നു – എക്സൽസിയർ. 2010-ൽ, ലീ അതിന്റെ അർത്ഥം ഇപ്രകാരം വിശദീകരിച്ചു: “‘കൂടുതൽ മഹത്വത്തിലേക്ക് കുതിക്കുക!’ അതാണ് ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നത്… എക്സൽസിയർ!” 

എനിക്ക് ആ വാക്ക് ഇഷ്ടമാണ്. സ്റ്റാൻ ലീ അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ഈ അസാധാരണ പദപ്രയോഗത്തിന്റെ ഉപയോഗം, പിന്നിലേക്കല്ല, മറിച്ച് മുന്നോട്ടും മുകളിലേക്കും നോക്കാൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് വിശ്വാസികൾക്ക് നൽകിയ ഉപദേശത്തിൽ പ്രതിധ്വനിക്കുന്നു. “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” (വാക്യങ്ങൾ 14-15). 

ഖേദത്തിലോ മുൻകാല തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിലോ നാം എളുപ്പത്തിൽ കുടുങ്ങിപ്പോകാനിടയുണ്ട്. എന്നാൽ ക്രിസ്തുവിൽ, ദൈവം നമുക്ക് നൽകുന്ന ക്ഷമയും ഉദ്ദേശ്യവും സ്വീകരിക്കുന്നതിലൂടെ ഖേദത്തെ ഉപേക്ഷിക്കാനും ദൈവത്തിന്റെ മഹത്തായ മഹത്വത്തിലേക്ക് നീങ്ങാനും നമ്മെ അവൻ ക്ഷണിക്കുന്നു! എക്സൽസിയർ!