എന്റെ സുഹൃത്ത് ജെറിയുടെ ജോലിക്കിടയിലെ ചെറിയ ഇടവേളയിൽ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒരു ഭക്ഷണശാലയിലേക്ക് തിടുക്കപ്പെട്ടു പോവുകയായിരുന്നു. വാതിൽക്കൽ എത്തിയ ഏതാണ്ട് അതേ സമയം തന്നെ ഞങ്ങളുടെ തൊട്ടുമുന്നിലൂടെ ആറ് ചെറുപ്പക്കാർ അകത്തേക്കു കയറി. ഞങ്ങൾക്ക് അധികം സമയമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞങ്ങൾ ഉള്ളിൽ പിറുപിറുത്തു. ആദ്യം ഭക്ഷണം ലഭിക്കുന്നതിനായി അവർ ഓരോരുത്തരും രണ്ട് നിരയിലും സംഘമായി നിന്നു. അപ്പോൾ ജെറി സ്വയം “ഇപ്പോൾ കൃപ കാണിക്കൂ” എന്നു മന്ത്രിക്കുന്നത് ഞാൻ കേട്ടു. തീർച്ചയായും, ഞങ്ങളെ ആദ്യം പോകാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ എന്റെ മാത്രമല്ല, മറ്റുള്ളവരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കാനുള്ള മികച്ച ഓർമ്മപ്പെടുത്തലായിരുന്നു അത്.

സ്നേഹം ക്ഷമിക്കുന്നതും ദയകാണിക്കുന്നതും നിസ്വാർത്ഥവും ആണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു; അത് “ദ്വേഷ്യപ്പെടുന്നില്ല” (1 കൊരിന്ത്യർ 13:5). “അത് പലപ്പോഴും… [മറ്റുള്ളവരുടെ] ക്ഷേമത്തിനും സംതൃപ്തിക്കും നേട്ടത്തിനും മുൻഗണന നൽകുന്നു” എന്ന് ഈ സ്നേഹത്തെക്കുറിച്ച് വ്യാഖ്യാതാവ് മാത്യു ഹെൻറി എഴുതിയിരിക്കുന്നു.  ദൈവത്തിന്റെ സ്നേഹം ആദ്യം മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിക്കുന്നത്.

നമ്മിൽ പലരും എളുപ്പത്തിൽ പ്രകോപിതരാകുന്ന ഒരു ലോകത്ത്, മറ്റുള്ളവരോട് ക്ഷമയും ദയയും കാണിക്കാനുള്ള കൃപയ്ക്കും സഹായത്തിനും വേണ്ടി ദൈവത്തോട് അപേക്ഷിക്കാൻ നമുക്ക് പലപ്പോഴും അവസരം ലഭിക്കാറുണ്ട് (വാക്യം 4). “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം” എന്ന് സദൃശവാക്യങ്ങൾ 19:11 കൂട്ടിച്ചേർക്കുന്നു.

ദൈവത്തിന് ആദരവു നൽകുന്ന തരത്തിലുള്ള സ്നേഹനിർഭരമായ പ്രവർത്തനമാണത്. തന്റെ സ്നേഹത്തെക്കുറിച്ചുള്ള ചിന്തകൾ മറ്റുള്ളവരിലേക്ക് കൊണ്ടുചെല്ലാനായി പോലും അവൻ അത് ഉപയോഗിച്ചേക്കാം.

ദൈവത്തിന്റെ ശക്തിയാൽ, കൃപ കാണിക്കാനുള്ള എല്ലാ അവസരങ്ങളും നമുക്ക് ഇനി പ്രയോജനപ്പെടുത്താം.