തനിക്കു ലഭിക്കുന്ന ഗതാഗത ലംഘന പിഴകൾ നുണ പറഞ്ഞു ഒഴിവാക്കുന്നതിൽ സമർത്ഥനായ ഒരു മനുഷ്യനുണ്ടായിരുന്നു. കോടതിയിൽ വിവിധ ന്യായാധിപന്മാർക്കു മുന്നിൽ ഹാജരായപ്പോഴെല്ലാം അവൻ ഒരേ കഥ തന്നെ പറയുമായിരുന്നു: “ഞാൻ എന്റെ സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്ന്, എന്റെ അറിവില്ലാതെ അവൾ എന്റെ കാർ എടുത്തുകൊണ്ടുപോയി.” കൂടാതെ, ജോലിക്കിടെ മോശമായി പെരുമാറുന്നതിന് പലതവണ ശകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യായാധിപന്മാരോട് പ്രതിജ്ഞാലംഘനം നടത്തിയതിനും സാങ്കൽപ്പിക പോലീസ് റിപ്പോർട്ടുകൾ നൽകിയതിനും പ്രോസിക്യൂട്ടർമാർ ഒടുവിൽ നാല് കള്ളസാക്ഷ്യം, അഞ്ച് വ്യാജരേഖകൾ എന്നിവ അയാൾക്കെതിരെ ചുമത്തി. ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം നുണ പറയുക എന്നത് ആജീവനാന്ത ശീലമായി മാറിയിരുന്നു.
നേരെമറിച്ച്, യേശുവിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിൽ വേണ്ട ഒരു സുപ്രധാന ശീലമാണ് സത്യം പറയുക എന്നത് എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിലൂടെ തങ്ങളുടെ പഴയ ജീവിതരീതി ഉപേക്ഷിക്കാൻ സാധിക്കുമെന്ന് അവൻ എഫെസ്യരെ ഓർമ്മിപ്പിച്ചു (എഫെസ്യർ 2:1-5). ഇപ്പോൾ, തങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, അവർ ആയിത്തീർന്ന പുതിയ വ്യക്തികളെപ്പോലെ അവർ ജീവിക്കേണ്ടിയിരിക്കുന്നു.
അവസാനിപ്പിക്കേണ്ട ഒന്നായ “ഭോഷ്കു” ആയിരുന്നു അത്തരത്തിലുള്ള ഒരു പ്രവൃത്തി. പരിശീലിക്കേണ്ട ഒന്നായ “കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” (4:25) എന്നതായിരുന്നു മറ്റൊരു പ്രവൃത്തി. അത് സഭയുടെ ഐക്യത്തെ സംരക്ഷിച്ചതിനാൽ, എഫെസ്യരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും എപ്പോഴും “ആത്മികവർദ്ധനെക്കായി” ഉള്ളതായിരിക്കണമായിരുന്നു (വാക്യം 29).
പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നതുപോലെ (വാ. 3-4), യേശുവിലുള്ള വിശ്വാസികൾക്കു തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യത്തിനായി പരിശ്രമിക്കാം. അപ്പോൾ സഭ ഏകീകരിക്കപ്പെടുകയും ദൈവം ആദരിക്കപ്പെടുകയും ചെയ്യും.
സ്ഥിരമായി സത്യം പറയാൻ നിങ്ങളെ എന്താണു സഹായിക്കുക? നിങ്ങളുടെ വാക്കുകൾ ക്രിസ്തുവിലുള്ള പുതിയ ജീവിതത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു?
പ്രിയപ്പെട്ട ദൈവമേ, ഭോഷ്ക് ഉപേക്ഷിച്ച് നിന്റെ സത്യത്തെ ധരിക്കാൻ എന്നെ സഹായിക്കേണമേ.