1960-ൽ ഓട്ടോ പ്രെമിംഗർ തന്റെ എക്സോഡസ് എന്ന ചിത്രത്തിലൂടെ ഒരു വിവാദം സൃഷ്ടിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പലസ്തീനിലേക്കു കുടിയേറിയ ജൂത അഭയാർത്ഥികളുടെ സാങ്കൽപ്പിക വിവരണമാണ് ഈ സിനിമ നൽകുന്നത്. അധികം താമസിയാതെ യിസ്രായേൽ രാഷ്ട്രമായി തീരാവുന്ന സ്ഥലത്തുള്ള ഒരേ ശവക്കുഴിയിൽ, കൊലപാതകത്തിന് ഇരയായ ഒരു ജൂത പെൺകുട്ടിയുടെയും അറബ് പുരുഷന്റെയും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

കഥയുടെ സമാപ്തി പ്രെമിംഗർ നമുക്ക് വിട്ടുനൽകുന്നു. നിരാശയുടെ രൂപകമാണോ ഇത്? എന്നെന്നേക്കുമായി കുഴിച്ചുമൂടിയ സ്വപ്നമാണോ? അതോ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും ചരിത്രമുള്ള രണ്ടു ജനതകൾ മരണത്തിലും ജീവിതത്തിലും ഒന്നിച്ചു ചേരുന്ന, പ്രത്യാശയുടെ പ്രതീകമാണോ ഇത്?  

87-ാം സങ്കീർത്തനം എഴുതിയ കോരഹിന്റെ പുത്രന്മാർ ഇപ്പറഞ്ഞ രംഗത്തിന്റെ രണ്ടാമത്തെ വീക്ഷണം തിരഞ്ഞെടുത്തേക്കാം. തങ്ങൾ അപ്പോഴും കാത്തിരിക്കുന്ന ഒരു സമാധാനത്തിനു വേണ്ടി അവർ പ്രതീക്ഷിച്ചു. “ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു” (വാക്യം 3) എന്ന്  യെരൂശലേമിനെക്കുറിച്ച് അവർ എഴുതി. രെഹബ് (മിസ്രയീം), ബാബേൽ, ഫെലിസ്ത്യർ, സോർ, കൂശ് (വാക്യം 4) തുടങ്ങി യെഹൂദ ജനതയ്ക്കെതിരെ പോരാടിയ ചരിത്രം മാത്രമുള്ള എല്ലാ രാഷ്ട്രങ്ങളും ഒരേ സത്യദൈവത്തെ അംഗീകരിക്കാനായി ഒത്തുചേരുന്ന ഒരു ദിവസത്തെക്കുറിച്ച് അവർ പാടി. എല്ലാവരും യെരൂശലേമിലേക്കും ദൈവത്തിലേക്കും ആകർഷിക്കപ്പെടും. 

 ഈ സങ്കീർത്തനത്തിന്റെ സമാപനത്തിന് ഒരു ആഘോഷ ഭാവമാണുള്ളത്. “എന്റെ ഉറവുകൾ [നീരുറവകൾ] ഒക്കെയും നിന്നിൽ ആകുന്നു” (വാക്യം 7) എന്നു യെരൂശലേം ജനം പാടും. ആരെക്കുറിച്ചാണ് അവർ പാടുന്നത്? എല്ലാ ജീവന്റെയും ഉറവിടമായ ജീവജലമായവനെക്കുറിച്ചാണ് (യോഹന്നാൻ 4:14) അവർ പാടുന്നത്. ശാശ്വതമായ സമാധാനവും ഐക്യവും കൊണ്ടുവരാൻ കഴിയുക യേശുവിന് മാത്രമാണ്.